
ഖത്തറില്‍ വിസ നിയമം ലംഘിച്ച വിദേശികള്‍ക്ക് തങ്ങളുടെ നിയമപരമായ സ്റ്റാറ്റസ് ശരിയാക്കാനുള്ള ഗ്രേസ് പിരിയഡ് ഇന്നു മുതല്‍
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വിദേശികള്‍ക്ക് തങ്ങളുടെ നിയമപരമായ സ്റ്റാറ്റസ് ശരിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഗ്രേസ് പിരിയഡ് ഇന്നു മുതല്‍ . ഖത്തറിലെ താമസ നിയമം, തൊഴില്‍ വിസ നിയമം, ഫാമിലി വിസിറ്റ് വിസ നിയമം മുതലായ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവരുടെ താമസ രേഖകള്‍ ശരിപ്പെടുത്തുവാനുള്ള പ്രത്യേക അവസരമാണിത്. അനധികൃത തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും ഭീമമായ പിഴകള്‍ കൂടാതെ തങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ ഡിസംബര്‍ 31 വരെയാണ് ആഭ്യന്തര മന്ത്രാലയം ഗ്രേസ് പിരിയഡ് അനുവദിച്ചിരിക്കുന്നത്.
റെസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ വിസ നിയമം അല്ലെങ്കില്‍ ഫാമിലി വിസിറ്റ് വിസ നിയമം എന്നിവ ലംഘിച്ച പ്രവാസികള്‍ക്ക് ഈ കാലയളവില്‍ അവരുടെ നിയമപരമായ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിക്കാം. നിയമ നടപടിക്രമങ്ങള്‍ ഒഴിവാക്കാനും അനുരഞ്ജനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുമാണ് സാവകാശം നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെ നിശ്ചിത കാലയളവില്‍ അനുരഞ്ജനത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഡിസംബര്‍ 31 ന് ശേഷം നിയമലംഘകരെ പിടികൂടുന്നതിനുള്ള ഊര്‍ജിതമായ ശ്രമങ്ങളുണ്ടാകുമെന്നതിനാല്‍ ഈ സന്ദര്‍ഭം പരമാവധി പ്രയോജനപ്പെടുത്തി താമസരേഖകള്‍ ശരിപ്പെടുത്തുവാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.