Uncategorized

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ യുവാക്കളെ ശാക്തീകരിക്കുവാന്‍ ആഹ്വാനം ചെയ്ത് വൈസ് ഉച്ചകോടിക്ക് ദോഹയില്‍ ഉജ്വല തുടക്കം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ യുവാക്കളെ ശാക്തീകരിക്കുവാന്‍ ആഹ്വാനം ചെയ്ത് വൈസ് ഉച്ചകോടിക്ക് ദോഹയില്‍ ഉജ്വല തുടക്കം . ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തിലേക്കൊഴുകിയെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണരും ഗവേഷകരുമടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യുഎഫ്) ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.


ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ യുവാക്കളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ മൗസ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

‘അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം മുതല്‍, വ്യക്തികളെ വാര്‍ത്തെടുക്കാനും അറിവും വൈദഗ്ധ്യവും ഉള്ള ഒരു തലമുറയെ കെട്ടിപ്പടുക്കാനും, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പങ്കാളികളാകാനും ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ സംഭാവന നല്‍കാനും സഹായകരമായ പാഠ്യപദ്ധതികളാണ് കാലഘട്ടത്തിന്റെ ആവശ്യം. ഈ വിശ്വാസത്തിലാണ് ഖത്തര്‍ ഫൗണ്ടേഷന്‍ സ്ഥാപിതമായതെന്നും ശൈഖ മൗസ കൂട്ടിച്ചേര്‍ത്തു.

സമകാലിക ലോകത്ത് ജ്ഞാനത്തിന്റെ അര്‍ഥതലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അറിവും തിരിച്ചറിവും ഒരു പോലെ പ്രധാനപ്പെട്ടതാണെന്നും ശൈഖ മൗസ പറഞ്ഞു. ‘നമ്മുടെ മതഗ്രന്ഥങ്ങളില്‍, ജ്ഞാനം എന്നാല്‍ അറിവിനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ജനപ്രിയ സംസ്‌കാരം ജ്ഞാനത്തെ പ്രായവുമായി കൂട്ടിയിണക്കുന്നു. വിദ്യാര്‍ഥികളുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പുസ്തകങ്ങള്‍, ശാസ്ത്രീയ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ യുവാക്കള്‍ക്ക് ലഭ്യമായ അറിവിന്റെ വ്യത്യസ്ത രൂപങ്ങളിലൂടെ ജ്ഞാനം നേടാനുള്ള അവസരങ്ങള്‍ തുറന്നിരിക്കുന്നു.

‘യുവാക്കളെ ശ്രദ്ധിക്കുന്നതും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവരുടെ ഒഴിച്ചുകൂടാനാവാത്ത പങ്ക് തിരിച്ചറിയുന്നതും ഇനി ഒരു തിരഞ്ഞെടുപ്പല്ല; അത് ഒരു അനിവാര്യതയാണ്,’ യുവജനങ്ങളെ കേള്‍ക്കാന്‍ ഒരു ഇടം സൃഷ്ടിക്കാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരോട് അവര്‍ ആഹ്വാനം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ നേരിട്ടും പതിനായിരത്തോളം പേര്‍ ഓണ്‍ ലൈനിലും സംബന്ധിക്കുന്ന വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ എജ്യുക്കേഷന്‍ സാമൂഹ്യ പരിവര്‍ത്തനത്തിന് വിദ്യാഭ്യാസ രംഗത്തെ എങ്ങനെ നവീകരിക്കാമെന്നാണ് അന്വേഷിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം നാളെ സമാപിക്കും.

ടീച്ച് ഫോര്‍ ഓള്‍ എന്നതിന്റെ സഹസ്ഥാപകയും സിഇഒയുമായ വെന്‍ഡി കോപ്പിന് 2021 ലെ വിദ്യാഭ്യാസത്തിനായുള്ള വൈസ് സമ്മാനവും ശൈഖ മൗസ സമ്മാനിച്ചു.

എല്ലാവരേയും പഠിപ്പിക്കുക എന്നതിലൂടെ, അര്‍ത്ഥപൂര്‍ണ്ണവും സുസ്ഥിരവുമായ വിദ്യാഭ്യാസ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയും. എല്ലാ കുട്ടികള്‍ക്കും അര്‍ഹമായ അവസരങ്ങള്‍ നല്‍കുന്നതിന് അവരെ രൂപാന്തരപ്പെടുത്താനുള്ള കഴിവില്‍ വിശ്വസിക്കുന്ന നേതാക്കളെ ആവശ്യമുണ്ട് എന്ന ആശയം വികസിപ്പിച്ചതിനാണ് വിദ്യാഭ്യാസ ലോകത്തെ ഏറ്റവും മികച്ച പുരസ്‌കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈസ് പുരസ്‌കാരം വെന്‍ഡി കോപ്പിന് സമ്മാനിച്ചത്.


ഫോട്ടോ. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വൈസ് ഉച്ചകോടി ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യുഎഫ്) ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദ് ഉദ്ഘാടനം ചെയ്യുന്നു

2. ടീച്ച് ഫോര്‍ ഓള്‍ എന്നതിന്റെ സഹസ്ഥാപകയും സിഇഒയുമായ വെന്‍ഡി കോപ്പിന് 2021 ലെ വിദ്യാഭ്യാസത്തിനായുള്ള വൈസ് സമ്മാനം ശൈഖ മൗസ സമ്മാനിക്കുന്നു.

Related Articles

Back to top button
error: Content is protected !!