
2022 ല്‍ വാട്ടര്‍ ടാക്‌സി പരീക്ഷിക്കാനൊരുങ്ങി ഖത്തര്‍ ഗതാഗത മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ല്‍ വാട്ടര്‍ ടാക്‌സി പരീക്ഷിക്കാനൊരുങ്ങി ഖത്തര്‍ ഗതാഗത മന്ത്രാലയം . രാജ്യത്തെ തീരപ്രദേശങ്ങളായ അല്‍ മതാര്‍, ലുസൈല്‍, ദഫ്ന തുടങ്ങിയ സ്ഥലങ്ങളാണ് സാധ്യത പരീക്ഷിക്കുക.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ഭാഗമായി ഗതാഗത രംഗത്ത് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വാട്ടര്‍ ടാക്‌സി 2022ല്‍ പരീക്ഷിക്കുന്നതെന്ന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി പറഞ്ഞു.
ദോഹ മെട്രോയും ബസുകളും പോലെ ബദല്‍ ഗതാഗത മാര്‍ഗ്ഗം നല്‍കുകയാണ് വാട്ടര്‍ ടാക്‌സി സംവിധാനം ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ ടിവിയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു. ബസ് റാപ്പിഡ് ട്രാന്‍സിറ്റ് (ബിആര്‍ടി) പരീക്ഷിച്ചുവെന്നും പരീക്ഷണം വിജയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ലെ ഫിഫ ലോകകപ്പ് ഖത്തറില്‍ ഇത്തരത്തിലുള്ള ബസ് ഉപയോഗിക്കുമെന്നും അല്‍ ബൈത്ത് സ്റ്റേഡിയത്തിലേക്കും മിസഈിദ്, ദുഖാന്‍ തുടങ്ങിയ മറ്റ് ചില പ്രദേശങ്ങളിലേക്കും യാത്രക്കാരെ എത്തിക്കാന്‍ ഇത് ഉപയോഗിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. രാജ്യത്തിന്റെ യഥാര്‍ത്ഥ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ഗതാഗത സംവിധാനമാകുമിതെന്ന് അദ്ദേഹം പറഞ്ഞു.
ഫിഫ അറബ് കപ്പ് ഖത്തറിലെ ഗതാാഗത സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനുള്ള ഒരു സുപ്രധാന പരീക്ഷണമായിരുന്നു. ടൂര്‍ണമെന്റില്‍ 200 ഇലക്ട്രിക് ബസുകള്‍ ഉപയോഗിച്ചു. ഖത്തര്‍
2022 ഫിഫ ലോകകപ്പിന് തയ്യാറെടുക്കുന്നതിനായി 800 ഇലക്ട്രിക് ബസുകള്‍ ഖത്തറിലെത്തുമെന്ന് മന്ത്രി പറഞ്ഞു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് , ജനറല്‍ അതോറിറ്റി ഫോര്‍ സ്പെസിഫിക്കേഷന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയുമായി ഏകോപിപ്പിച്ച് അതിന്റെ കൃത്യമായ സ്പെസിഫിക്കേഷനുകള്‍ പ്രഖ്യാപിക്കുന്നതിനാണ് ഗതാഗത മന്ത്രാലയം ഇലക്ട്രിക് വാഹന സംവിധാനം ആരംഭിച്ചത്. കാറുകള്‍, ബസുകള്‍, ഡീസല്‍ ട്രക്കുകള്‍ എന്നിവയ്ക്കായി യൂറോപ്യന്‍ സ്പെസിഫിക്കേഷനുകള്‍ തിരഞ്ഞെടുത്ത് പരിസ്ഥിതി മെച്ചപ്പെടുത്തുകയാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പൊതു സ്ഥലങ്ങളിലും മന്ത്രാലയങ്ങളുടെ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും മൊത്തം 200 ഇലക്ട്രിക് വാഹന ചാര്‍ജറുകള്‍ സ്ഥാപിക്കും.
ഹമദ് തുറമുഖത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായും ഏറ്റവും കുറഞ്ഞ ജീവനക്കാരുമായി ഹമദ് തുറമുഖം പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൊവിഡ്-19 കാലത്ത് അതിന്റെ ഉയര്‍ന്ന കാര്യക്ഷമത തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹമദ് തുറമുഖത്ത് തന്ത്രപ്രധാനമായ ഭക്ഷ്യസുരക്ഷാ സംഭരണശാല നിര്‍മ്മിക്കണം പുരോഗമിക്കുകയാണ് .് മൂന്ന് ദശലക്ഷം ആളുകള്‍ക്ക് അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ തുടങ്ങിയ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ക്കായുള്ള മേഖലയിലെ ഏറ്റവും വലിയ സംഭരണശാലയാണിത്. ഈ സൗകര്യം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ടെന്‍ഡര്‍ ബന്ധപ്പെട്ട അധികൃതര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അടുത്ത വര്‍ഷം പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.