അപെക്സ് ബോഡി തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കി, കരുനീക്കങ്ങളുമായി സംഘടനകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അപെക്സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കി നില്‍ക്കെ, കരുനീക്കങ്ങളുമായി സംഘടനകള്‍ രംഗത്തെത്തി.
ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് സംഘടനകളില്‍ അംഗങ്ങളാകുന്നവര്‍ക്ക് മാത്രമേ അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിക്കുകയുളളൂവെന്നതിനാല് അനുകൂലികളേയും സുഹൃത്തുക്കളേയും അപെക്സ് ബോഡികളില്‍ അംഗത്വമെടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഊര്‍ജിതമായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ന് രാത്രി വരെ അംഗങ്ങളാകുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിക്കും.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഇന്ന് രാവിലെയും വൈകുന്നേരവും പ്രവര്‍ത്തിക്കുമെന്നും അംഗങ്ങളാകുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സൗകര്യം ചെയ്യുമെന്നും പ്രസിഡന്റ് പി. എന്‍. ബാബുരാജന് പറഞ്ഞു.
ഐ.സി.ബി.ഫ് ഓഫീസ് വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെ പ്രവര്ത്തിക്കുമെന്നാണറിയുന്നത്.