
ഭക്ഷണ രീതി മാനസികാരോഗ്യത്തെ സ്വാധീനിക്കും .ഡോ അനസ് സാലിഹ്
അമാനുല്ല വടക്കാങ്ങര
ദോഹ – ദിനേനെ നാം കഴിക്കുന്ന ആഹാരവും നമ്മുടെ ഭക്ഷണരീതിയും ശരീരത്തെ മാത്രമല്ല മനസികാരോഗ്യത്തെയും സ്വാധീക്കുമെന്ന് നസീം മെഡിക്കല്‍ സെന്ററിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ അനസ് സാലിഹ്. ഡോണ്ട് ലൂസ് ഹോപ് എന്ന പേരില്‍ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി ഐ സി ബി എഫുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഗുഡ് ഫുഡ് ഗുഡ് മൂഡ് എന്ന പരിപാടിയില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണമെന്നത് ശാരീരിക സന്തുലനവുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന പൊതു ധാരണ മാറ്റി അത് മാനസികാരോഗ്യത്തെ കൂടി സ്വാധിക്കുന്നതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.ഡോപമീന്‍ പോലെ ആകാംക്ഷ ഉളവാക്കുന്ന ന്യൂറോ ട്രാന്സ്മിഷന് എങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതിനെക്കുറിച്ചും, സെറട്ടോണിന്‍ പോലെ സന്തോഷമുളവാക്കുന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷണത്തെപ്പറ്റിയും, വികാര വിക്ഷോഭങ്ങളെ ചെറിയ രീതിയിലും വലിയ രീതിയിലും നിയന്ത്രിക്കാന്‍ സഹായകമാകുന്ന ആരോഗ്യപ്രധാനമായ പഥ്യത്തെ സംബന്ധിച്ചും, കൗമാര-യൗവ്വന-വാര്‍ദ്ധക്യ കാലത്തെ ഹോര്‍മോണല്‍ മാറ്റത്തെക്കുറിച്ചും പ്രായവ്യത്യാസങ്ങളിലൂടെയുള്ള കലോറി അവശ്യകതയെപ്പറ്റിയും ഡോക്ടര്‍ അനീസ് വിശദീകരിച്ചത് സദസ്സ് ഏറെ കൗതുകത്തോടെയാണ് കേട്ടു നിന്നത്.
ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി സാബിത്ത് ഷഹീര്‍ , വൈസ് പ്രസിഡണ്ട് വിനോദ് ജി നായര്‍, മെഡിക്കല്‍ വിംഗ് ഇന്‍ചാര്‍ജ് രജനി മൂര്‍ത്തി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു.
ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് ഇവന്റ് മാനേജര്‍ മൊയ്തീന് ഷാ പരിപാടി നിയന്ത്രിച്ചു. പരിപാടിയില്‍ വക്റ ഡിവിഷന് ഓപറേഷണല്‍ മാനേജര്‍ ഫഹ്സീര്‍ റഹ്മാന്, ക്വാളിറ്റി കണ്ട്രോള് മാനേജര്‍ റാഷിക്ക് ബക്കര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡോ അനസ് സാലിഹിനുള്ള ഉപഹാരം ഖത്തര്‍ റീജ്യന് സി ഒ ഒ അമീര്‍ ഷാജി, വക്റ ഡിവിഷന് മാനേജര്‍ റഫീക് കാരാട്, അല്‍സദ്ദ് ഡിവിഷണല്‍ മാനേജര്‍ ഹാഫിസ് ഷബീര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.