Archived Articles

കാലിക്കറ്റ് എയര്‍പോര്‍ട്ട്; റിസ വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ഗപാക്

അമാനുല്ല വടക്കാങ്ങര

ദോഹ. കാലിക്കറ്റ് എയര്‍പോര്‍ട്ടിന്റെ റിസ  ( റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) വര്‍ദ്ധിപ്പിച്ച് റണ്‍വേയുടെ നീളം കുറക്കുന്നത് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയും എയര്‍പോര്‍ട്ടിന്റെയും പരിസരങ്ങളുടെയും വികസന മുരടിപ്പിന് കാരണമാവുമെന്നും ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ ആ നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് ഗപാഖ് ആവശ്യപ്പെട്ടു.

എയര്‍പോര്‍ട്ടില്‍ ഉണ്ടായ അപകട റിപ്പോര്‍ട്ടില്‍ പോലും റിസ വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം വന്നിട്ടില്ല. മറിച്ച് എഞ്ചിനിയേഡ് മെറ്റീരിയല്‍ അറസ്റ്റിങ്ങ് സിസ്റ്റം (ഇമാസ്) വേണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രസ്തുത സിസ്റ്റം സ്ഥാപിച്ചാല്‍ ഇപ്പോഴുള്ള റണ്‍വെയില്‍ തന്നെ വലിയ വിമാനങ്ങള്‍ അടക്കം സുരക്ഷിതമായി ഇറക്കാം. അമ്പത് കോടിയോളം മാത്രം ചിലവഴിച്ചാല്‍ സുരക്ഷിതമായി ഏറെ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന അവസ്ഥയില്‍ അതിനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവേണ്ടത്. കരിപ്പൂര്‍ അപകടത്തിന് മുമ്പ് തന്നെ ഗപാഖ് ഇമാസ് സിസ്റ്റം സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതാണ്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ചെറിയ നിര്‍ദ്ദേശങ്ങള്‍ പോലും നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലാത്ത അവസ്ഥയില്‍ ധൃതി പിടിച്ച് റിസ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട എല്ലാവരിലും ആശങ്കയുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഗപാഖ് പിന്തുണ അറിയിക്കുകയും ജനപ്രതിനിധികളോട് പാര്‍ലമെന്റിലും നിയമസഭകളിലും വിഷയം ചര്‍ച്ച ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

യോഗത്തില്‍ പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജന: സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അര്‍ളയില്‍ അഹമ്മദ് കുട്ടി, സുബൈര്‍ ചെറുമോത്ത്, മശ്ഹൂദ് തിരുത്തിയാട്, മുസ്തഫാ എലത്തൂര്‍, അന്‍വര്‍ സാദത്ത് കോഴിക്കോട്, അമീന്‍ കൊടിയത്തൂര്‍, കോയ കൊണ്ടോട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!