തനിമ ഖത്തര്‍ വായനാ ചലഞ്ച് : വിജയികള്‍ക്ക് ആദരവും ബഷീര്‍ അനുസ്മരണവും സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ജൂണ്‍ 19 വായനദിനം പ്രമാണിച്ച് തനിമ ഖത്തര്‍ ആവിഷ്‌കരിച്ച ‘വായനാ ചലഞ്ച്’ വിജയികള്‍ക്കുള്ള സമ്മാന വിതരണവും വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ഐ.സി.സി പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരി ഷീലാ ടോമി, റേഡിയോ മലയാളം സി. ഇ ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.
മനുഷ്യനും മാനവികതയുമാണ് ബഷീര്‍ രചനകളുടെ പ്രമേയം. അതിനായി തന്റെ ജീവിതം തന്നെയാണ് അദ്ദേഹം കൃതികളില്‍ ആവിഷ്‌കരിച്ചതെന്ന് പ്രഭാഷകര്‍ അനുസ്മരിച്ചു. മലയാള ഭാഷക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. ലാളിത്യമാണ് ആ ഭാഷയുടെ പ്രത്യേകത. അതു കൊണ്ടാണ് എക്കാലവും എത് വിഭാഗം വായനക്കാരും ബഷീറിനെ മുന്‍നിരയില്‍ നിര്‍ത്തി വായിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പുതു വായന’ എന്ന തലക്കെട്ടില്‍ ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ കടന്നമണ്ണ സംസാരിച്ചു.
റേഡിയോ മലയാളം ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആര്‍. ജെ. രതീഷ് വിജയികളെ പ്രഖ്യാപിച്ചു. ചിത്ര ശിവന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് സ്വാലിഹ് ഫാജിസ്, റൈഹാന അബ്ദു റഫീഖ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. നഈം അഹ്മദ്, ഫെമി ഗഫൂര്‍, ഷാമിന ഹിശാം എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം.
രജിസ്റ്റര്‍ ചെയ്ത നൂറോളം പേരില്‍ 60 പേരാണ് ജൂണ്‍ 20 മുതല്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന വായനാ ചലഞ്ചില്‍ അണിനിരന്നത്. വായനയിലെ ക്രമവും നൈരന്തര്യവും, കൂടുതല്‍ പേജുകള്‍, തിരഞ്ഞെടുത്ത വിഷയങ്ങള്‍ എന്നീ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ആദ്യഘട്ടത്തില്‍ പെര്‍ഫോര്‍മന്‍സ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ട 27 പേരില്‍ നിന്നാണ് അവാര്‍ഡിനര്‍ഹരായ മികച്ച 6 വായനക്കാരെ കണ്ടെത്തിയത്.
പി.എന്‍. ബാബുരാജന്‍, ഷീലാടോമി, ഹുസൈന്‍ കടന്നമണ്ണ, അന്‍വര്‍ ഹുസൈന്‍, ആര്‍. ജെ. രതീഷ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു .
ചിത്രശിവന്‍, ഷാമിന ഹിശാം, യാസര്‍ അറഫാത്ത്, നഈം അഹ്മദ്, അമീന്‍ അന്നാര, ഫൈസല്‍ അബൂബക്കര്‍ എന്നിവര്‍ വായനാനുഭവങ്ങള്‍ പങ്കുവെച്ചു. റയ്യാന്‍ സി ഐ സി ഹാളില്‍ നടന്ന പരിപാടിയില്‍ തനിമ ഖത്തര്‍ ഡയറക്ടര്‍ ആര്‍ എസ് അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ അഹ്മദ് ശാഫി സ്വാഗതവും ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ ബാവ നന്ദിയും പറഞ്ഞു.