ഖത്തറില്‍ ഇസ്ലാമിക മൂല്യങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ ലംഘിക്കുന്ന മുദ്രാവാക്യങ്ങളുള്ള സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്തതിന് 49 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലുടനീളമുള്ള വിവിധ മേഖലകളിലെ നിരവധി റീട്ടെയില്‍ ഔട്ട്ലെറ്റുകളില് വാണിജ്യ, വ്യവസായ മന്ത്രാലയം പരിശോധന നടത്തുകയും ഇസ്ലാമിക മൂല്യങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ ലംഘിക്കുന്ന മുദ്രാവാക്യങ്ങലോടെ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്തതിന് 49 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്
ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 2008 ലെ നമ്പര്‍ (8) നിയമവും ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളുമടങ്ങിയ വസ്തുക്കള്‍ വില്പന ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് 2021 ലെ സര്‍ക്കുലര്‍ നമ്പര്‍ (8) വിതരണക്കാര്‍ എത്രത്തോളം പാലിക്കുന്നു എന്ന് നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. .
ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിലുള്ള ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗങ്ങളോ ലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 16001 എന്ന കോള്‍ സെന്റര്‍ നമ്പര്‍ വഴിയോ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയോ ബന്ധപ്പെടണമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.