
ലുസൈല്‍ സൂപ്പര്‍ കപ്പ് : സെന്‍ട്രല്‍ ദോഹയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 10 വരെ ട്രാഫിക് നിയന്ത്രണം
അമാനുല്ല വടക്കാങ്ങര
ദോഹ. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച നടക്കുന്ന ലുസൈല്‍ സൂപ്പര്‍ കപ്പിനോടനുബന്ധിച്ച് ദോഹയിലെ വാഹന ഗതാഗതം നിയന്ത്രിക്കാനുള്ള പദ്ധതി കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റി പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 10 മണി വരെ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളും കറുത്ത പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളുമുള്ള വാഹനങ്ങള്‍ സെന്‍ട്രല്‍ ദോഹയില്‍ നിന്ന് തിരിച്ചുവിടും.
എ-റിങ് റോഡ്, ബി-റിങ് റോഡ്, സി-റിങ് റോഡ്, അഹമ്മദ് ബിന്‍ അലി സ്ട്രീറ്റ്, അല്‍ ജാമിയ സ്ട്രീറ്റ്, അല്‍ ഖഫ്ജി സ്ട്രീറ്റ്, കോര്‍ണിഷ് സ്ട്രീറ്റ്, അല്‍ ബിദ്ദ സ്ട്രീറ്റ്, ഒനൈസ, ഇന്റര്സെക്ഷനുകളുള്ള റോഡുകളും തെരുവുകളും നിയന്ത്രണ പരിധിയില്‍വരും. ഒരു വാഹനം മാത്രം സ്വന്തമായുള്ള ആളുകള്‍ (ഒരു പൊതു ട്രാന്‍സ്പോര്‍ട്ട് നമ്പര്‍ പ്ലേറ്റ് അല്ലെങ്കില്‍ സ്വകാര്യ ബ്ലാക്ക് നമ്പര്‍ പ്ലേറ്റ് ഉള്ളത്), മൊവാസലാത്ത് വാഹനങ്ങള്‍, ഖത്തര്‍ റെയിലിന്റെ പൊതുഗതാഗത വാഹനങ്ങള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് ട്രാഫിക് കുറയ്ക്കുന്നതിനും സുഗമമായ മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള പൊതു, സ്വകാര്യ ഗതാഗത വാഹനങ്ങള്‍ക്ക് കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റി വികസിപ്പിച്ച ട്രാവല്‍ ഡിമാന്‍ഡ് മാനേജ്മെന്റ് നടപടികളുടെ ഭാഗമാണ് പദ്ധതിയെന്ന് കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റി ടെക്നിക്കല്‍ ടീം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് അല്‍ മുല്ല പറഞ്ഞു.
രാജ്യത്തുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യക്ഷമത വിലയിരുത്തുന്നതിനായി ലുസൈല്‍ സൂപ്പര്‍ കപ്പില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റി ടെക്നിക്കല്‍ ടീം അംഗം എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് അല്‍ മൗലവി പറഞ്ഞു.