ഫിഫ ലോകകപ്പ് വളണ്ടിയര്‍മാരുടെ പരിശീലന പരിപാടികള്‍ക്ക് തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പ് വളണ്ടിയര്‍മാരുടെ പരിശീലന പരിപാടികള്‍ക്ക് കത്താറയിലെ ദോഹ എക്സിബിഷന്‍ സെന്ററിലെ വര്‍ണ്ണാഭമായ വോളണ്ടിയര്‍ സെന്ററില്‍ തുടക്കം. കഴിഞ്ഞ മാസം ലോകകപ്പിന്റെ ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ആവേശോജ്വലമായ ഓര്‍മകളുമായാണ് ഇരുപതിനായിരത്തോളം വരുന്ന ഫിഫ 2022 ലോക കപ്പ് ഖത്തര്‍ 2 വളണ്ടിയര്‍മാര്‍ അവരുടെ യാത്രയിലെ അടുത്ത സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിച്ചത്. ടൂര്‍ണമെന്റിലെ ഓരോരുത്തരുടേയും റോളുകള്‍ പഠിക്കാനും തയ്യാറെടുക്കാനുമുള്ള ഗൗരവമേറിയ കര്‍മമാണ് പരിശീലന പരിപാടി.
ലോകമെമ്പാടുമുള്ള 4,20,000 അപേക്ഷകരില്‍ നിന്നുള്ള മികച്ച ഉദ്യോഗാര്‍ത്ഥികളെ വിലയിരുത്തി, സമഗ്രമായ സ്‌ക്രീനിംഗ്, ടെസ്റ്റിംഗ്, അഭിമുഖം എന്നിവയിലൂടെ ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സന്നദ്ധ സേനയെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ചുമതല 2022 മാര്‍ച്ചിലാണ് ആരംഭിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാര്‍ 160 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരും ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരും 18 മുതല്‍ 77 വരെ പ്രായമുള്ളവരുമാണ് . മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിനെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആസാദ്യകരവും അവിസ്മരണീയവുമാക്കുക എന്ന ഒരു പൊതു ലക്ഷ്യം പങ്കിടുന്നവരാണ് വളണ്ടിയര്‍ സംഘം.
ലോകകപ്പിന്റെ വന്‍തോതിലുള്ള വ്യാപ്തിയും അവരുടെ വ്യക്തിഗത ഉത്തരവാദിത്തങ്ങളും സന്നദ്ധപ്രവര്‍ത്തകര്‍ മനസ്സിലാക്കാന്‍ തുടങ്ങുന്ന നിര്‍ണായക സമയമാണിത്. അവര്‍ക്ക് അവരുടെ കടമകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ വൈദഗ്ധ്യവും വിഭവങ്ങളും നല്‍കി ഇത് സന്തുലിതമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അതുപോലെ തന്നെ ഓരോ സന്നദ്ധപ്രവര്‍ത്തകനും തങ്ങള്‍ 20,000 അംഗ കുടുംബത്തിന്റെ ഭാഗമാണെന്ന തോന്നല്‍ ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങനെ ഒരു ലക്ഷ്യവും ഒരു ഹൃദയവുമുള്ള ഒരു വലിയ ടീം വിസ്മയങ്ങള്‍ സൃഷ്ടിക്കും, ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 വര്‍ക്ക്‌ഫോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ റാഷ അല്‍ ഖര്‍നി പറഞ്ഞു.
മുമ്പ് 58,000 റിക്രൂട്ട്മെന്റ് ഇന്റര്‍വ്യൂ നടത്തിയിരുന്ന കത്താറയിലെ ദോഹ എക്സിബിഷന്‍ സെന്ററിലെ വര്‍ണ്ണാഭമായ വോളണ്ടിയര്‍ സെന്റര്‍, ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ സൗഹൃദ കേന്ദ്രമായും ഹോം ബേസ് ആയും പ്രവര്‍ത്തിക്കുന്നു.
എല്ലാ ദിവസവും 9:00 മുതല്‍ 21:30 വരെയും വെള്ളിയാഴ്ചകളില്‍ 14:00 മുതല്‍ 21:30 വരെയും തുറന്നിരിക്കും, ഇവിടെയാണ്, വിശാലമായ ക്ലാസ്‌റൂം ഇടങ്ങളിലും ക്ലബ്ബ് ഹൗസ് അന്തരീക്ഷത്തിലും, വോളന്റിയര്‍മാര്‍ പരിശീലകരുമായും ടീം അംഗങ്ങളുമായും മുഖാമുഖം കണ്ടുമുട്ടുന്നത്.
വൈവിധ്യമാര്‍ന്ന റോളുകളും പ്രവര്‍ത്തനങ്ങളും വിഷയങ്ങളും ഉള്‍ക്കൊള്ളുന്നതിനാല്‍, ടൂര്‍ണമെന്റിന്റെ 45 പ്രവര്‍ത്തന മേഖലകളിലായി ഫിഫയും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും തമ്മിലുള്ള വര്‍ഷങ്ങളുടെ വികസനത്തിനും സഹകരണത്തിനും ശേഷം തയ്യാറാക്കിയ വിപുലമായ പാഠ്യപദ്ധതിയനുസരിച്ചാണ് പരിശീലനം. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക വളന്റിയര്‍മാര്‍ എന്ന നിലയില്‍ അവര്‍ നിറവേറ്റുന്ന 30 റോളുകളില്‍ ആവശ്യമായ എല്ലാ വശങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
.