ഫിഫ 2022ന് അഭിവാദ്യമര്‍പ്പിച്ചു പിഎസ്എംഓ കോളേജ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ന് അഭിവാദ്യമര്‍പ്പിച്ച് കേരളത്തിലെ പ്രമുഖ കലാലയമായ പിഎസ്എംഓ കോളേജ് ക്യാമ്പസ്സില്‍ ഖത്തര്‍ അലുംനി അസോസിയേഷന്‍ (പാഖ്) പരിപാടികള്‍ സംഘടിപ്പിച്ചു. ഖത്തറിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പാഖ്.
തിരൂരങ്ങാടിയിലെ കലാലയ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഫിഫ വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക പന്ത് ‘അല്‍ രിഹ് ല’ യുടെ പതിപ്പ്, ഖത്തര്‍ അലുംനി അസോസിയേഷന്‍ ഭാരവാഹി സുഹൈല്‍ ചെരട, കോളേജ് മാനേജര്‍ എം കെ ബാവ സാഹിബിന് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അബ്ദുല്‍ അസീസിന്റെ സാന്നിധ്യത്തില്‍ കൈമാറി.
ഖത്തറിന്റെ മണ്ണില്‍ നിന്നും എത്തിയ ഫുട്‌ബോളിനെ ആവേശത്തോടെയാണ് ക്യാമ്പസ് സ്വീകരിച്ചത്. സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ ഉപയോഗത്തിനാവശ്യമായ ഫുട്‌ബോളുകള്‍ പാഖ് എക്‌സിക്യൂട്ടിവ് അംഗം മുഹമ്മദ് അസ്ലം കൈമാറി.
വേള്‍ഡ് കപ്പിന്റെ ആരവങ്ങളുയര്‍ത്തി ക്യാമ്പസില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഖത്തറില്‍ നടക്കുന്ന മാമാങ്കത്തില്‍ പഠിച്ച സ്ഥാപനത്തില്‍ വെച്ച് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കാന്‍ ആയതിനുള്ള സന്തോഷം ഭാരവാഹികള്‍ പങ്കിട്ടു. പിഎസ്എംഒ കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഖത്തര്‍ ഫിഫക്ക് നല്‍കുന്ന സംഭാവനകളെ പ്രിന്‍സിപ്പല്‍ അഭിനന്ദിച്ചു. കോളേജിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തി കാട്ടുന്നതില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വഹിക്കുന്ന പങ്കിനെ മാനേജര്‍ എം കെ ബാവ പ്രശംസിച്ചു.
ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് കഴിയുന്നതുവരെ ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് ഫോട്ടോ എടുക്കുന്നതിന് വേണ്ടി സെല്‍ഫി കോര്‍ണറായി പ്രദര്‍ശിപ്പിക്കും എന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
അധ്യാപകരായ ഡോക്ടര്‍ ഷിബിനു, ഡോ.ഷബീര്‍ പാല ക്കല്‍, എക്‌സിക്യൂട്ടിവ് അംഗം മുഹമ്മദ് അസ്ലം, ഗ്ലോബല്‍ അലുംനി അസോസിയേഷന്‍ സെക്രെട്ടറി ഷാജു, പൂര്‍വ വിദ്യാര്‍ത്ഥികളായ അബ്ദുല്‍ ഹഖ്, റഫീഖ് പാറക്കല്‍ തുടങ്ങിയവരും കോളേജ് വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളും പരിപാടിയില്‍ സംബന്ധിച്ചു.