Breaking News

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍

റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങളുടെ രണ്ടാം റൗണ്ട് പിന്നിടുമ്പോള്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ മാത്രം. ബാക്കി രാജ്യങ്ങള്‍ക്ക് ഇനിയുള്ള മല്‍സരങ്ങള്‍ ഏറെ നിര്‍ണായകമാകും.

ഇന്നുമുതല്‍ ഒരേ സമയം രണ്ട് മല്‍സരങ്ങള്‍ വീതം നടക്കും. വൈകുന്നേരം 6 മണിക്കും രാത്രി 10 മണിക്കും. ഒരേ ഗ്രൂപ്പിലെ 4 ടീമുകളും ഒരേ സമയത്താണ് കളിക്കുക.


ഗ്രൂപ്പ് എയില്‍ 4 പോയന്റുകള്‍ വീതം നേടി നെതര്‍ലാന്‍ഡ്‌സും ഇക്വഡോറുമാണ് മുന്നില്‍. 3 പോയന്റുമായി സെനഗല്‍ രണ്ടാം സ്ഥാനത്താണ്. പോയന്റൊന്നും കൂടാതെ ഖത്തര്‍ ഇതിനകം തന്നെ പുറത്തായി കഴിഞ്ഞു.

ഗ്രൂപ്പ് ബിയില്‍ 4 പോയന്റുകളോടെ ഇംഗ്‌ളണ്ടാണ് മുന്നില്‍. 3 പോയന്റുമായി ഇറാനും 2 പോയന്റുമായി യുനൈറ്റഡ് സ്‌റ്റേറ്റ്‌സും 1 പോയന്റുമായി വെയില്‍സുമാണ് ഉള്ളത്. ഇറാനും യുനൈറ്റഡ് സ്‌റ്റേറ്റ്‌സും തമ്മിലുള്ള മല്‍സരമാണ് ഏറെ നിര്‍ണായകമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഗ്രൂപ്പ് സിയില്‍ 4 പോയന്റുകളോടെ പോളണ്ടാണ് മുന്നില്‍. അര്‍ജന്റീനയും സൗദി അറേബ്യയും 3 പോയന്റുകള്‍ വീതവും മെക്‌സികോ 1 പോയന്റുമാണ് നേടിയിട്ടുള്ളത്. പോളണ്ടും അര്‍ജന്റീനയും സൗദി അറേബ്യയും മെക്‌സികോയും തമ്മിലാണ് ഈ ഗ്രൂപ്പില്‍ ഇനി നടക്കുന്ന മല്‍സരങ്ങള്‍.

ഗ്രൂപ്പ് ഡിയില്‍ 6 പോയന്റുകളോടെ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് കഴിഞ്ഞു. 3 പോയന്റോടെ ഓസ്‌ട്രേലിയയും ഓരോ പോയന്റുകള്‍ വീതം നേടി ഡെന്മാര്‍ക്, ടുനീഷ്യ എന്നിവയുമാണ് ഗ്രൂപ്പിലുള്ളത്.

ഗ്രൂപ്പ് ഇയില്‍ 4 പോയന്റുകളോടെ സ്‌പെയിനാണ് മുന്നില്‍. 3 പോയന്റുകള്‍ വീതം നേടി ജപ്പാനും കോസ്റ്ററിക്കയും രണ്ടാം സ്ഥാനത്താണ്. 1 പോയന്റുമായി ജര്‍മനിയാണ് പിന്നില്‍ . സ്‌പെയിനും ജപ്പാനും തമ്മിലും കോസ്റ്ററിക്കയും ജര്‍മനിയും തമ്മിലാണ് മല്‍സരം. ഏറെ നിര്‍ണായകമായ മല്‍സരങ്ങളാണ് ഗ്രൂപ്പില്‍ ഇനി നടക്കാനിരിക്കുന്നത്.


ഗ്രൂപ്പ് എഫില്‍ 4 പോയന്റുകളോടെ ക്രൊയേഷ്യയും മൊറോക്കോയുമാണ് മുന്നില്‍. 3 പോയന്റോടെ ബെല്‍ജിയവും പോയന്റുകളൊന്നുമില്ലാതെ കാനഡയുമാണ് ഗ്രൂപ്പിലുള്ളത്. കാനഡ ഇതിനകം തന്നെ ലോകകപ്പില്‍ നിന്നും പുറത്തായി കഴിഞ്ഞു. ശക്തരായ ക്രൊയേഷ്യയും ബെല്‍ജിയവും തമ്മിലുള്ള മാച്ചാകും ഈ ഗ്രൂപ്പിലൈ ഏറ്റവും നിര്‍ണായകമായ മല്‍സരം.

ഗ്രൂപ്പ് ജിയില്‍ 6 പോയന്റുകളോടെ ബ്രസീല്‍ ഇതിനകം തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് കഴിഞ്ഞു. 3 പോയന്റുകളോടെ സ്വിറ്റ്‌സര്‍ലന്‍ഡും ഓരോ പോയന്റുകള്‍ വീതം നേടി കാമറൂണും സെര്‍ബിയയുമാണ് ഈ ഗ്രൂപ്പിലുള്ളത്. ബ്രസീല്‍ കാമറൂണിനേയും സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയയേയുമാണ് ഈ ഗ്രൂപ്പില്‍ ഇനി നേരിടുക. കാമറൂണിനും സെര്‍ബിയക്കും ഇനിയുള്ള മല്‍സരങ്ങള്‍ ഏറെ നിര്‍ണായകമാകും.

ഗ്രൂപ്പ് എച്ചില്‍ 6 പോയന്റുകളോടെ പോര്‍ച്ചുഗല്‍ ഇതിനകം തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച്് കഴിഞ്ഞു. 3 പോയന്റുകളോടെ ഘാനയും ഓരോ പോയന്റുകള്‍ വീതം നേടി കൊറിയയും ഉറുഗ്വയുമാണ് ഈ ഗ്രൂപ്പിലുള്ളത്. പോര്‍ച്ചുഗലും കൊറിയയും തമ്മിലും ഘാനയും ഉറുഗ്വയും തമ്മിലാണ് അടുത്ത മല്‍സരങ്ങള്‍. കൊറിയക്കും ഉറുഗ്വക്കും അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില്‍ ജയം അനിവാര്യമാണ് .

ഘാനയും ഉറുഗ്വയും തമ്മിലുള്ള മല്‍സരമായിരിക്കും ഏറ്റവും ആവേശകരമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2010 ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വായി ഘാനയെ തോല്‍പിച്ചിരുന്നു. ഖത്തറില്‍ ഘാന ഉറുഗ്വയോട് പകരം വീട്ടുമോയെന്നാണ് കാല്‍പന്തുകളിലോകം ഉറ്റുനോക്കുന്നത്.

Related Articles

Back to top button
error: Content is protected !!