ഖത്തറില്‍ ശൈത്യകാല ക്യാമ്പിംഗ് സീസണിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു, ക്യാമ്പുകളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് വിലക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ശൈത്യകാല ക്യാമ്പിംഗ് സീസണിന്റെ രണ്ടാം ഘട്ടം ഡിസംബര്‍ 20 ന് ആരംഭിച്ചു. എന്നാല്‍ ക്യാമ്പുകളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
ബദല്‍, പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജം, വൃക്ഷത്തൈകളും മരങ്ങളും നട്ടുപിടിപ്പിക്കുക, ക്യാമ്പിംഗ് സൈറ്റുകള്‍ പരിപാലിക്കുക, കോര്‍ഡിനേറ്റുകള്‍ പാലിക്കുന്നത് ഉള്‍പ്പെടെ ക്യാമ്പിംഗുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കുക എന്നിവയിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു. ഭൂമി, സസ്യങ്ങള്‍, വന്യമൃഗങ്ങള്‍, തീരങ്ങള്‍, ബീച്ചുകള്‍, ദേശാടന പക്ഷികള്‍ എന്നിവയുള്‍പ്പെടെയുള്ള ഖത്തരി പരിസ്ഥിതിക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ പാടില്ല.
2022-23 വര്‍ഷത്തേക്കുള്ള വാര്‍ഷിക ശൈത്യകാല ക്യാമ്പിംഗ് സീസണ് വടക്കന്‍, മധ്യ പ്രദേശങ്ങളില്‍ 2022 നവംബര്‍ 1-ന് ആരംഭിച്ച് 2023 ഏപ്രില്‍ 1 വരെ തുടരും.
ക്യാമ്പിംഗ് സീസണിന്റെ രണ്ടാം ഘട്ടം 2022 ഡിസംബര്‍ 20 ന് ആരംഭിച്ചു. ഇതോടെ സീലൈനും അല്‍ ഉദെയ്ദും ക്യാമ്പര്‍മാര്‍ക്കായി തുറന്നു. ഈ രണ്ട് ശൈത്യകാല ക്യാമ്പുകളും 2023 മെയ് 20 വരെ തുടരാം.