2029-ഓടെ വിപണിയിലെത്തുന്ന പുതിയ എല്‍എന്‍ജിയുടെ 40% വും ഖത്തര്‍ എനര്‍ജിയില്‍ നിന്നാകും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 2029-ഓടെ വിപണിയിലെത്തുന്ന പുതിയ എല്‍എന്‍ജിയുടെ 40% വും ഖത്തര്‍ എനര്‍ജിയില്‍ നിന്നാകുമെന്ന് ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സഅദ് ഷെരീദ അല്‍-കഅബി അഭിപ്രായപ്പെട്ടു.
കാനഡയിലെ വാന്‍കൂവറില്‍ ഇപ്പോള്‍ നടന്നുവരുന്ന ദ്രവീകൃത പ്രകൃതിവാതകത്തെക്കുറിച്ചുള്ള 20-ാമത് അന്താരാഷ്ട്ര സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും ഭാഗമായി നടന്ന ”നേതൃത്വ സംവാദ”ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം വളരുന്നതിനനുസരിച്ച്, ”വൈദ്യുതി ഉല്‍പ്പാദനത്തിനും വ്യാവസായിക, ഉല്‍പ്പാദന ഫാക്ടറികള്‍ക്കും ഏറ്റവും ശുദ്ധമായ ഫോസില്‍ ഇന്ധനമായി ഗ്യാസ് ആവശ്യമായി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിന് ഉത്തരവാദിത്തമുള്ള ഊര്‍ജ പരിവര്‍ത്തനത്തിന് ആവശ്യമായ ശുദ്ധമായ ഊര്‍ജം നല്‍കിക്കൊണ്ട് വിതരണ സുരക്ഷ, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നീ ഊര്‍ജ്ജ ത്രിതലങ്ങളെ നേരിടാനുള്ള ഖത്തര്‍ എനര്‍ജിയുടെ ശ്രമങ്ങളുടെ ഒരു അവലോകനവും മന്ത്രി അല്‍-കാബി നല്‍കി. ”മനുഷ്യരാശിക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ ശരിയായി കൈകാര്യം ചെയ്യാമെന്നതും തമ്മില്‍ സന്തുലിതാവസ്ഥ വേണം. ഞങ്ങള്‍ ഉല്‍പ്പാദനം പ്രതിവര്‍ഷം 126 ദശലക്ഷം ടണ്ണായി വര്‍ധിപ്പിക്കുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വേര്‍തിരിക്കലുമായി ബന്ധപ്പെട്ട ഉദ്വമനത്തെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ അത് ഏറ്റവും ഉത്തരവാദിത്തത്തോടെയാണ് ചെയ്യുന്നത്.
”മെന മേഖലയിലെ ഏറ്റവും വലിയ സീക്വസ്‌ട്രേഷന്‍ സൈറ്റാണ് ഖത്തറിലേത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മറ്റും സൃഷ്ടിക്കുന്ന പാരിസ്ഥിക പ്രശ്‌നങ്ങളും വെല്ലുവിളികളും വളരെ ശാസ്ത്രീയമായ രീതിയിലാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഞങ്ങളുടെ പുതിയ എല്‍എന്‍ജി ഉല്‍പ്പാദനത്തില്‍ ചിലത് പവര്‍ ചെയ്യുന്നതിന് ഞങ്ങള്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നു. ഖത്തറിന്റെ എല്‍എന്‍ജി കാര്‍ബണ്‍ തീവ്രത ഒരുപക്ഷേ ലോകത്തിലെ ഏറ്റവും താഴ്ന്നതാണ്. അതിനാല്‍ ഞങ്ങള്‍ ഇത് വളരെ ഉത്തരവാദിത്തത്തോടെ ചെയ്യുന്നു, ഞങ്ങള്‍ ഉദ്വമനം കുറയ്ക്കുന്നു.
ഊര്‍ജ പരിവര്‍ത്തനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യവെ, ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയും, ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയും, ഉത്തരവാദിത്തമുള്ള സംഭാഷണത്തിനും നമുക്ക് നേടാനാകുന്ന കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യബോധമുള്ളവരായിരിക്കാനും ആഹ്വാനം ചെയ്തു. എണ്ണ, പ്രകൃതി വാതകം എന്നിവയ്ക്കെതിരായ കാലാവസ്ഥാ പ്രവര്‍ത്തകരില്‍ നിന്നും പരിസ്ഥിതി വാദികളില്‍ നിന്നുമുള്ള വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് ഈ മേഖലയിലെ നിക്ഷേപത്തില്‍ ഗണ്യമായ ഇടിവിന് കാരണമായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിക്ഷേപത്തില്‍ ശരാശരി 25% കുറവുണ്ടായതായി മന്ത്രി ചൂണ്ടികാട്ടി.
ഖത്തറിന്റെ ധീരമായ വാതക നിക്ഷേപത്തെക്കുറിച്ചും അല്‍-കാബി പറഞ്ഞു: ”കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഞങ്ങളുടെ നിക്ഷേപ തീരുമാനമെടുത്തപ്പോള്‍, ഞങ്ങള്‍ക്ക് അത്തരം നിക്ഷേപവും അത്തരം അളവും ആവശ്യമില്ലെന്ന് പറഞ്ഞ് ധാരാളം ആളുകള്‍ ഞങ്ങളുടെ നീക്കത്തെ സംശയിച്ചിരുന്നു. പൊതുവെ എണ്ണയുടെയും വാതകത്തിന്റെയും ആവശ്യകത ആളുകള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.എതിര്‍പ്പുകള്‍ അവഗണിച്ച് ഖത്തര്‍ നിക്ഷേപം വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. യുക്രൈന്‍ യുദ്ധം മൂലം ഗ്യാസിന് ഡിമാന്‍ഡ് വര്‍ധിച്ചപ്പോള്‍ ഖത്തറിന് ഇത് അനുകൂലമായി മാറി.