ഫ്‌ളൂ നിസ്സാരമല്ല ജാഗ്രത വേണം : ഡോ. മുന അല്‍ മസ് ലമാനി
അമാനുല്ല വടക്കാങ്ങര
ദോഹ: ഫ്‌ളൂ അഥവാ ഇന്‍ഫ്‌ലുവന്‍സ നിസ്സാരമല്ലെന്നും അതീവ ജാഗ്രത വേണമെന്നും എച്ച്എംസിയുടെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ് ലമാനി മുന്നറിയിപ്പ് നല്‍കി. 50 വയസ്സ് കഴിഞ്ഞവരും പ്രതിരോധ ശേഷി കുറഞ്ഞവരും ജീവിത ശൈലി രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരുമൊക്കെ ഫ്‌ളൂ വാക്‌സിനെടുക്കണമെന്ന് അവര്‍ പറഞ്ഞു.
ഇന്‍ഫ്‌ലുവന്‍സ വൈറസ് ഗുരുതരമായ രോഗത്തിന് കാരണമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യാം. 2022-ല്‍ ഖത്തറില്‍ 760-ലധികം ആളുകളാണ് ഫ്‌ളൂ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
പ്‌ളൂ ഒരു മോശം ജലദോഷം മാത്രമല്ല – ഇതൊരു ഗുരുതരമായ രോഗമാണ്. ”മൂക്ക്, തൊണ്ട, ചിലപ്പോള്‍ ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ഫ്‌ളൂ. ഇത് മിതമായതോ കഠിനമായതോ ആയ രോഗത്തിന് കാരണമാകാം. ചിലപ്പോള്‍ മരണത്തിലേക്ക് വരെ നയിച്ചേക്കാം.