അക്ബര്‍ അല്‍ ബേക്കര്‍ പടിയിറങ്ങി, ഇനി എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ ഖത്തര്‍ എയര്‍വേയ്സിനെ നയിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: നീണ്ട 27 വര്‍ഷക്കാലം ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ആയി മികച്ച പ്രകടനം കാഴ്ചവെച്ച അക്ബര്‍ അല്‍ ബേക്കര്‍ പടിയിറങ്ങി.
ഏവിയേഷന്‍ രംഗത്ത് തന്നെ റിക്കോര്‍ഡ് സൃഷ്ടിച്ച് ലോകാടിസ്ഥാനത്തില്‍ ഖത്തര്‍ എയര്‍വേയ്സിനെ ഏറ്റവും മികച്ച നിലവാരത്തിലെത്തിച്ച ശേഷമാണ് അക്ബര്‍ അല്‍ ബേക്കര്‍ പടിയിറങ്ങിയത്.
അല്‍ ബേക്കറിന്റെ നേതൃത്വത്തില്‍, ഉപഭോക്തൃ സേവന നിലവാരത്തിന്റെ പര്യായമായും ഉയര്‍ന്ന നിലവാരത്തിലും ഖത്തര്‍ എയര്‍വേയ്സ് ആഗോളതലത്തില്‍ ഏറ്റവും തിരിച്ചറിയാവുന്നതും വിശ്വസനീയവുമായ ബ്രാന്‍ഡുകളിലൊന്നായി വളര്‍ന്നു. ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍’ അവാര്‍ഡ് ഏഴ് തവണയാണ് ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്. കൂടാതെ അതിന്റെ മാനേജ്മെന്റിനും പ്രവര്‍ത്തനത്തിനു കീഴിലുള്ള അത്യാധുനിക ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി അംഗീകാരം ലഭിച്ചു.
ഖത്തറിന്റെ ദേശീയ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന്റെ പുതിയ സി.ഇ.ഒ ആയി എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ സ്ഥാനമേറ്റു.