ഇരുപത്തി രണ്ടാമത് പ്രവാസി ദിനാഘോഷ പരിപാടികള്‍ക്ക് തിരുവനന്തപുരത്ത് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
തിരുവനന്തപുരം. എന്‍ആര്‍ഐ വെല്‍ഫെയര്‍ കൗണ്‍സിലും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും സംയുക്തമായി സംഘടിപ്പിക്കുന്ന
ഇരുപത്തി രണ്ടാമത് പ്രവാസി ദിനാഘോഷ പരിപാടികള്‍ക്ക് തിരുവനന്തപുരം ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ ഉജ്വല തുടക്കം. ഗാന്ധി സ്മൃതികളാല്‍ ധന്യമായ ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ സവിശേഷമാക്കി.
മൂന്ന് ദിവസങ്ങളായി നടക്കുന്ന പ്രവാസി ദിനാഘോഷ പരിപാടികളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവാസികളാണ് സംബന്ധിക്കുന്നത്.
വിദേശ മലയാളികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവരോട് അനുഭാവ പൂര്‍ണമായ സമീപനം വേണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മുന്‍ പ്രവാസി വകുപ്പ് മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ ഉണര്‍വില്‍ പ്രവാസികളുടെ സംഭാവന മികച്ചതാണ്. സംസ്ഥാനത്തിന്റെ ബഹുമുഖ പുരോഗതിയുടെ ചാലക ശക്തികളായ പ്രവാസികളെ ചേര്‍ത്ത് പിടിക്കാന്‍ ഗവണ്‍മെന്റുകള്‍ മുന്നോട്ടുവരണം. പ്രവാസികളില്‍ നല്ലൊരു ശതമാനവും അവിദഗ്ധ തൊഴിലാളികളാണ്. അവരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പുവരുത്തുവാന്‍ ഗവണ്‍മെന്റുകള്‍ ശ്രദ്ധിക്കണം. അനിയന്ത്രിതമായ വിമാനക്കൂലി പ്രവാസികളെ നടുവെടിക്കുന്നതാണ്. ഇത്തരം വിഷയങ്ങളില്‍ ഗവണ്‍മെന്റുകളുടെ പരിഗണന വേണം. എം.എം. ഹസന്‍ പറഞ്ഞു.
ഇമിഗ്രേഷന്‍ ക്‌ളിയറന്‍സിനായി പ്രവാസികള്‍ നല്‍കിയ കോടിക്കണക്കിന് രൂപ കേന്ദ്ര ഗവണ്‍മെന്റില്‍ കെട്ടികിടക്കുകയാണെന്നും അവ പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പിണറായി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രവാസി ക്ഷേമ പദ്ധതികള്‍ അക്കമിട്ട് പറഞ്ഞ സുരേന്ദ്രന്‍ പ്രവാസികളെ സംസ്ഥാനത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ലെന്ന് ആവര്‍ത്തിച്ചു.
പ്രവാസി ഭാരതീയ സമ്മേളന വിളംബരവും വാജ്‌പേയ് സമ്ൃതി സന്ദേശവും നല്‍കി മുന്‍ കേന്ദ്രമന്ത്രി ഒരു രാജഗോപാല്‍ പറഞ്ഞു. പ്രവാസികളോട് ഏറെ അനുകൂലമായ നിലപാടാണ് വാജ്‌പേയ് സ്വീകരിച്ചതെന്നും പ്രവാസികള്‍ക്കായി ജനുവരി 9 ഔദ്യേഗികമായി നിശ്ചയിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമായിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രവാസി ബന്ധു ഡോ. എസ്. അഹ് മദ് ആമുഖ ഭാഷണം നടത്തി.
ഫൈസല്‍ എളേറ്റില്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ബേബി ജയരാജ്, കലാപ്രമി ബഷീര്‍ ബാബു, ശശി ആര്‍ നായര്‍ , എസ്. അമാനുല്ല, അഡ്വ.കെ.പി. ദിലീഫ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചലചിത്ര പിന്നണി ഗായിക കുമാരി ഐശ്വര്യ എം നായരുടെ ഈശ്വര പ്രാര്‍ഥനയോടെയാണ് പരിപാടി ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം വിടപറഞ്ഞ മാപ്പിളപ്പാട്ട് ഗായികമാരായ വിളയില്‍ ഫസീല, ആലപ്പുഴ റംല ബീഗം എന്നിവര്‍ക്ക് സ്മരണാജ്ഞലിയര്‍പ്പിച്ചുകൊണ്ടുള്ള ഗാനമേളയും നടന്നു.