ടൂറിസം മേഖല നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളും പരിഹരിച്ച് മുന്നേറും
ദോഹ: ഖത്തര്‍ ടൂറിസം മേഖല നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളും പരിഹരിച്ച് രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് അനുസൃതമായി വികസനം വിന്യസിക്കുക എന്ന ലക്ഷ്യത്തോടെ, നടപടിക്രമങ്ങളും ചട്ടങ്ങളും കാര്യക്ഷമമാക്കുന്ന പദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിലാണ് ഖത്തര്‍ ടൂറിസം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി ബിന്‍ സാദ് അല്‍ ഖര്‍ജി പറഞ്ഞു.
ഖത്തര്‍ ചേംബര്‍ സംഘടിപ്പിച്ച യോഗത്തില്‍ ചേംബര്‍ ചെയര്‍മാന്‍ ഷെയ്ഖ് ഖലീഫ ബിന്‍ ജാസിം അല്‍താനി, ഫസ്റ്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ ത്വാര്‍ അല്‍ കുവാരി, ബോര്‍ഡ് അംഗവും ടൂറിസം കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ അഹമ്മദ് അല്‍ താനി, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ സുപ്രധാന മേഖലയെ മുന്നോട്ട് നയിക്കുന്നതിന് സ്വകാര്യ മേഖലയെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ ഊന്നിപ്പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ ഖത്തര്‍ ടൂറിസം മേഖല ഗണ്യമായ വികസനത്തിന് സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 പ്രകാരം സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള രാജ്യത്തിന്റെ തന്ത്രത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നാണ് ഇതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.