മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കണം :പ്രവാസി വെല്‍ഫെയര്‍ മലപ്പുറം
ദോഹ.കാലങ്ങളായി പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് അനുഭവിക്കുന്ന മലപ്പുറം ജില്ലയില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യയനം ആരംഭിക്കുന്ന സമയങ്ങളില്‍ മാത്രം പ്രശ്നം ഉയര്‍ന്നു വരികയും അധിക ബാച്ചുകള്‍ അനുവദിക്കുന്നതിന് പകരം താല്കാലികമായി സീറ്റുകള്‍ വര്‍ധിപ്പിച്ച് കുട്ടികളെ ക്ലാസ് റൂമുകളില്‍ കുത്തിനിറക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും കമ്മിറ്റി സൂചിപ്പിച്ചു.
വിവിധ സര്‍ക്കാറുകള്‍ കാലങ്ങളായി മലബാറിനോട് തുടരുന്ന വിദ്യാഭ്യാസ മേഖലയിലെ അവഗണന നിര്‍ത്തണമെന്നും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കേണ്ടതുണ്ടെന്നും പത്താംക്ലാസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വരെ പ്രതിസന്ധിയിലാക്കുന്ന പ്ലസ് വണ്‍ സീറ്റ് ക്ഷാമം സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ടെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് അമീന് അന്നാര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫഹദ് മലപ്പുറം,സെക്രട്ടറി സഹല കോലോത്തൊടി,കറന്റ് അഫേഴ്സ് കണ്‍വീനര്‍ റഫീഖ് മേച്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.