പ്രഥമ ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കീഴിലുള്ള കാര്‍ഷിക കാര്യ വകുപ്പ് പ്രാദേശിക ഫാമുകളുടെയും ഫാക്ടറികളുടെയും പങ്കാളിത്തത്തോടെയും ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഉംസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു.
14 ഫാമുകളുടെയും 3 ഫാക്ടറികളുടെയും പങ്കാളിത്തം ഉള്‍ക്കൊള്ളുന്ന ‘ഡേറ്റ്സ് പ്രദര്‍ശന’ത്തോടെയാണ് ഉത്സവത്തിന്റെ ആദ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നവംബര്‍ 30 വരെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരും.
ഉല്‍പ്പാദനക്ഷമതയുള്ള കുടുംബങ്ങളുടെ പ്രോജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഈന്തപ്പഴം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ പ്രാദേശിക ഉല്പന്നങ്ങളെ പിന്തുണയ്ക്കാനും വിപണനം ചെയ്യാനും ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പാണ് ലക്ഷ്യമിടുന്നതെന്ന് ഹസാദ് ഫുഡ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കൊമേഴ്സ്യല്‍ അഫയേഴ്സ് ചീഫ് റാഷിദ് അല്‍ സാഹുതി പറഞ്ഞു.