Breaking News

കുട്ടികള്‍ക്ക് കൗതുകം പകര്‍ന്ന് കാലിഗ്രഫി ശില്‍പശാല

തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗവും ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന കലിഗ്രാഫി ശില്‍പശാല കുട്ടികള്‍ക്ക് കൗതുകം പകര്‍ന്നു. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെന്‍മാന്‍ഷിപ്പ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടറും കാലിഗ്രഹി ഗവേഷകനുമായ സബാഹ് ആലുവയുടെയും ഫാക്കല്‍ട്ടി മെമ്പര്‍ ജാസില ജാഫറിന്റേയും നേതൃത്വത്തില്‍ നടന്ന ഏകദിന ശില്‍പശാല കാലിഗ്രഫിയുടെ അനന്തസാധ്യതകളും പ്രാധാന്യവും അടയാളപ്പെടുത്തുന്നതായിരുന്നു.

പുതുമയുള്ള അക്കാദമിക വൈവിധ്യങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോഴാണ് വിദ്യാഭ്യാസവും അധ്യാപനവും വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവവേദ്യമാവുകയുള്ളൂവെന്നും പുതിയ കാലഘട്ടത്തില്‍ ഗവേഷണാത്മക സ്വഭാവത്തിലുള്ള അറബി കലിഗ്രഫിയുടെ അക്കാദമിക സാധ്യതകളെ വളര്‍ത്തിയെടുക്കാന്‍ കേരളത്തിലെ അറബി ഭാഷാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പ്രതിജ്ഞാബന്ധരായി മുന്നോട്ടുവരണമെന്നും ശില്‍പശാലയുടെ സമാപന ചടങ്ങില്‍ സംസാരിക്കവേ സബാഹ് ആലുവ പറഞ്ഞു.

ഏതൊരു ഭാഷയുടെ പ്രയാണവും വികാസവും കേവല സംസാര ശൈലികകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല, അതിനപ്പുറമുള്ള സാധ്യതകളെ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ അധ്യാപക സമൂഹം തയ്യാറാകണം.

ഇസ്ലാമിക് സ്റ്റഡീസ് പഠന വിഭാഗവും അറബി ഭാഷാ വിഭാഗവും ചേര്‍ന്നൊരുക്കുന്ന വൈജ്ഞാനിക മേഖലകളില്‍ അറബി കലിഗ്രഫി ഒരു പഠന ശാഖ എന്ന നിലയില്‍ വളര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്. നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് വിദ്യാഭ്യാസം പുറത്തേക്കൊഴുമ്പോഴാണ് സാമൂഹ്യ ചുറ്റുപാടുകളെ മനസിലാക്കിയുള്ള വിജ്ഞാന സമ്പാധനം വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമാവുകയുള്ളൂ. അറബി ഭാഷയുടെ ഔട്ട്‌ഡോര്‍ ലേര്‍ണിംഗ് ആക്ടിവിറ്റികളില്‍ അറബി കലിഗ്രഫി പാഠ്യവിഷയമായി വരുന്നതോടെ അധ്യാപനത്തിന്റെ വ്യത്യസ്ത രീതികള്‍ പ്രയോഗതലത്തില്‍ കൊണ്ടുവരാന്‍ അധ്യാപകര്‍ക്കും അതുവഴി പഠനം ആസാദ്യകരമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സാധിക്കും.

ചരിത്രത്തില്‍ ഇസ്ലാമിക നവജാഗരണ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമായ ചരിത്ര പ്രദേശമാണ് കേരളം. അതിലൂന്നിയുള്ള നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടെണ്ടെങ്കിലും ഇസ്ലാമിക കലാവിഷ്‌കാരങ്ങളില്‍ കേരള മുസ് ലിം സമൂഹത്തിന്റെ സംഭാവനകള്‍ എന്ന നിലയിലുള്ള പഠനങ്ങള്‍ ഇനിയും ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അറബി വകുപ്പ് പ്രൊഫസര്‍ ഡോ.അബ്ദുല്‍ മജീദ് ഇ, അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. അലി നൗഫല്‍, ഡോ. പി.ടി.സൈനുദ്ധീന്‍,അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുനീര്‍ ജി.പി, ഗവേഷകന്‍ അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികള്‍ ശില്‍പശാലയിലെ അനുഭവങ്ങള്‍ പങ്കുവെച്ചു.

Related Articles

Back to top button
error: Content is protected !!