ഖ്വിഫ് സൂപ്പര്‍ കപ്പ് : ടിജെഎസ് വി തൃശൂരും കെഎംസിസി മലപ്പുറവും സെമിയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ വിജയിച്ച് ടിജെഎസ് വി തൃശൂരും കെഎംസിസി മലപ്പുറവും സെമിയില്‍ പ്രവേശിച്ചു.
ഏകപക്ഷീയമായ രണ്ട് ഗോളിന് അനക്‌സ് പാലക്കാടിനെ തോല്‍പ്പിച്ചാണ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ടിജെഎസ് വി തൃശൂര്‍ മാറിയത്.
വെള്ളിയാഴ്ച നടന്ന മല്‍സരത്തില്‍ ടിജെഎസ് വി ക്കനുകൂലമായി ഇരുപത്തിരണ്ടാം മിനുട്ടില്‍ പെനാല്‍റ്റി ബോക്‌സിനകത്ത് നിന്ന് കിട്ടിയ ഇന്‍ഡയറക്ട് ക്വിക് അവരുടെ ആറാം നമ്പര്‍ താരം ആന്റണി ഇരുപത്തിയഞ്ചാം നമ്പര്‍ താരം രാഹുലിന് നീക്കിക്കൊടുത്തു. രാഹുല്‍ അത് മനോഹരമായ ഷോട്ടിലൂടെ ഗോള്‍ വലയിലെത്തിച്ചു. ടിജെഎസ് വിയുടെ രണ്ടാമത്തെ ഗോള്‍ കളിയുടെ മുപ്പത്തിയൊന്നാം മിനിറ്റില്‍ പത്തൊമ്പതാം നമ്പര്‍ താരം സജ്ഞയ് നേടിയതോടെ ടിജെഎസ് വി വിജയമുറപ്പിക്കുകയായിരുന്നു.
ഗോളുകളൊന്നും നേടാനായില്ലെങ്കിലും അനക്‌സ് പാലക്കാട് നല്ല ഫോമിലായിരുന്നു. കാല്‍പന്തുകളിയാരാധകര്‍ക്ക്
മനോഹരമായ കളിയാണ് വെള്ളിയാഴ്ച സമ്മാനിച്ചത്.
ടിജെഎസ് വിയുടെ സജ്ഞയ് ഈ കളിയിലെ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മാക് കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കെഎംസിസി മലപ്പുറം സെമിയില്‍ പ്രവേശിച്ചത്.
കളിയുടെ അഞ്ചാം മിനിറ്റില്‍ പതിനാലാം നമ്പര്‍ താരം അലി സഫ് വാന്‍ മാക് കോഴിക്കോടിന്റെ വല കുലുക്കിയതോടെ കെഎംസിസി മലപ്പുറം മുന്നേറ്റമാരംഭിച്ചു. ഇരുപത്തിനാലാം മിനിറ്റില്‍ ഒമ്പതാം നമ്പര്‍ താരം അഫ്‌സലും ഇരുപത്തിരണ്ടാം നമ്പര്‍ താരം ഫസ് ലുവും ഓരോ ഗോളുകള്‍ നേടി മലപ്പുറത്തിന് സെമി ഉറപ്പിച്ചു.
ഒമ്പതാം നമ്പര്‍ താരം അഫ്‌സലായിരുന്നു മാന്‍ ഓഫ് ദ മാച്ച്