ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് : സ്വാഗതസംഘം രൂപീകരിച്ചു
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്ററും നസീം ഹെല്‍ത്ത് കെയറും സംയുക്തമായി ഫെബ്രുവരി 7-ന് ഇ റിംഗ് റോഡിലെ നസീം മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇപി അബ്ദുറഹ്മാന് ചെയര്‍മാനും, നസീം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ മിയാന്‍ദാദ് മുഖ്യ രക്ഷാധികാരിയും, ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് സുബൈര്‍ വക്ര ക്യാമ്പ് ഡയറക്ടറും, ജനറല്‍ സെക്രട്ടറി പി.കെ ഷെമീര്‍ ജനറല്‍ കണ്‍വീനറായുമാണ് സ്വാഗതസംഘം നിലവില്‍ വന്നത്.
ചീഫ് കോഡിനേറ്ററായി അക്ബര്‍ കാസിമും, വൈസ് ചെയര്മാന്മാരായി നസീം ഹെല്‍ത്ത് കെയര്‍ സിഇഒ ഡോ. മുനീര്‍, ഹുസൈന് മുഹമ്മദ് അല്‍ മുഫ്ത, ജിപി കുഞ്ഞാലികുട്ടി എന്നിവരും കണ്‍വീനര്‍മാരായി ഡോ.. ഹഷിയത്തുല്ലാഹ്, അബ്ദുല്‍ വഹാബ്, നജീബ് അബൂബക്കര്‍, എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ സബ് കമ്മിറ്റികളുടെ ചെയര്മാന്മാരായി അബ്ദു റഊഫ് കൊണ്ടോട്ടി, മുസ്തഫ സൈദലവി, ഷരീഫ് സികെ, ഉണ്ണി ഒളകര, ആസിഫ് പികെ, അബ്ദുറഹിമാന് ഗാലക്സി, ബഷീര്‍ പട്ടേല്‍താഴം, അബുല്ല ഹുസൈന് എന്നിവരും, കണ്‍വീനര്‍മാരായി ഫൈസല്‍ കാരട്ടിയാട്ടില്‍, റിയാസ് പിവി, ഖല്ലാദ് ഇസ്മായില്‍, മുനീര്‍ സലഫി, ഫായിസ് അലി, ഹനീഫ് ആയപള്ളി, നൗഷാദ് കരിപ്പ്, മെഹ്റൂഫ് മാട്ടൂല്‍ എന്നിവരുമാണ് ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടത്.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ വിംഗുകള്‍ രൂപീകരിച്ച് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ക്യാമ്പില്‍ പ്രാഥമിക ആരോഗ്യ പരിശോധനകളും വൈദ്യോപദേശങ്ങളും ഉള്‍പ്പെടെ വിവിധ ചികിത്സാ സേവനങ്ങള്‍ സജ്ജീകരിക്കപ്പെടും.
മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്കാണ് കേമ്പ് സേവനം ലഭ്യമാവുക. ജനറല്‍ ചെക്കപ്പും, തുടര്‍ന്ന് ആവശ്യാനുസരണം കാര്‍ഡിയോളജി, നെഫ്റോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്, സ്ത്രീരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം സ്പെഷ്യാലിറ്റി വിംഗുകളിലെ വിദഗ്ദ പരിശോധനകളും, ലാബ് അടക്കമുള്ള ടെസ്റ്റുകളും, മരുന്നു ലഭ്യതയും മെഡിക്കല്‍ കേമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രമേഹ പരിശോധനയും ജീവിതശൈലീ രോഗ പ്രതിരോധ ബോധവല്‍ക്കരണത്തിനുമായി ഖത്തര്‍ ഡയബെറ്റിക് അസോസിയേഷന്റെ സന്നദ്ധ സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ഒപ്പം, സി റിംഗ് റോഡിലെ നസീം ഹെല്‍ത്ത്കെയര്‍ ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ബ്ലഡ് ബാങ്ക് യൂണിറ്റ് സന്നദ്ധ ദാതാക്കളില്‍ നിന്ന് രക്തം സ്വീകരിക്കും.
ഇസ് ലാഹി സെന്റര്‍ പ്രസിഡണ്ട് സുബൈര്‍ വക്രയുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സ്വാഗതസംഘം സംഗമത്തില്‍ അബ്ദുല്‍ ലത്തീഫ് പുല്ലൂക്കര ഖിറാഅത്ത് നിര്‍വഹിച്ചു. ഡോ ഹഷിയത്തുല്ല സ്വാഗതവും, മുന്‍ദില്‍ നന്ദിയും പറഞ്ഞു.