ശൈഖ് ഫൈസല്‍ മ്യൂസിയത്തില്‍ വേള്‍ഡ് കപ്പ് ഇന്‍ സ്റ്റാമ്പ്‌സ് എക്‌സിബിഷന്‍ ആരംഭിച്ചു
ദോഹ. ശൈഖ് ഫൈസല്‍ മ്യൂസിയത്തില്‍ വേള്‍ഡ് കപ്പ് ഇന്‍ സ്റ്റാമ്പ്‌സ് എക്‌സിബിഷന്‍ ആരംഭിച്ചു. ഖത്തര്‍ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ആയിആരംഭിച്ച പ്രദര്‍ശനം ഫെബ്രുവരി അവസാനം വരെ നീണ്ടുനില്‍ക്കും.
മ്യൂസിയം സ്ഥാപകന്‍ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി, എക്‌സിബിഷന്‍ ക്യൂറേറ്റര്‍ മുഹമ്മദ് ഈദ് സാന്റൗട്ട്, ഖത്തറിലെ സ്റ്റാമ്പ് കളക്ടര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
സ്റ്റാമ്പുകളുടെ ലോകത്തിലൂടെ ഫിഫ ലോകകപ്പിന്റെ സമ്പന്നമായ ചരിത്രം പര്യവേക്ഷണം ചെയ്യുന്ന അദ്വിതീയ പ്രദര്‍ശനം 1930-ല്‍ ടൂര്‍ണമെന്റിന്റെ സ്ഥാപനം മുതല്‍ 2022-ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ ചരിത്രപരമായ ആതിഥേയത്വം വരെയുള്ള സുപ്രധാന നിമിഷങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
1930-ല്‍ ഉറുഗ്വേയില്‍ നടന്ന ഉദ്ഘാടന ടൂര്‍ണമെന്റില്‍ നിന്നുള്ള ആദ്യത്തെ ലോകകപ്പ് സ്റ്റാമ്പും ആദ്യ മെഡല്‍ ഇഷ്യൂവും ഉള്‍പ്പെടെ ശ്രദ്ധേയമായ ഒരു ശേഖരം സന്ദര്‍ശകര്‍ക്ക് കാണാനാകും.