Breaking News

ഇന്ത്യക്കുള്ള ഖത്തറിന്റെ കാരുണ്യം തുടരുന്നു, വൈദ്യസഹായവുമായി അമീരീ എയര്‍ഫോഴ്‌സ് വിമാനം ഡല്‍ഹിയിലെത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യക്കുള്ള ഖത്തറിന്റെ കാരുണ്യം തുടരുന്നു. വൈദ്യസഹായവുമായി അമീരീ എയര്‍ഫോഴ്‌സ് വിമാനം ഡല്‍ഹിയിലെത്തി. കോവിഡ് -19 പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വൈദ്യസഹായവുമായി ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഖത്തര്‍ അമീരീ എയര്‍ഫോഴ്‌സ് വിമാനത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് മേഖല ഡയറക്ടര്‍ അവതാര്‍ സിംഗ്, ന്യൂഡല്‍ഹിയിലെ ഖത്തര്‍ എംബസിയിലെ ആക്ടിംഗ് ചാര്‍ജ് ഡി അഫയേഴ്സ് അലി ബിന്‍ മുഹമ്മദ് അല്‍ ബാഡി , ഖത്തരി എംബസി സെക്കന്റ് സെക്രട്ടറി റാഷിദ് ബിന്‍ അലി അല്‍ മര്‍രി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

 

Image processed by CodeCarvings Piczard ### FREE Community Edition ### on 2021-05-14 08:59:09Z | |

കുത്തിവയ്പ്പിനുള്ള 4,300 റെംഡെസിവിര്‍, 200 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 40 വെന്റിലേറ്ററുകള്‍ തുടങ്ങി ചികിത്സാ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വിവിധ മെഡിക്കല്‍ ഉപഭോഗവസ്തുക്കള്‍ എന്നിവയാണ് വിമാനത്തില്‍ പ്രധാനമായും ഉള്ളത്.

കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ഖത്തറില്‍ നിന്നും വിവിധ കപ്പലുകളിലും വിമാനങ്ങളിലുമായി നിരവധി വൈദ്യസഹായങ്ങളാണ് ഇതിനകം എത്തിയിട്ടുള്ളത്. വൈദ്യസഹായവുമായി പ്രത്യേകമായ അമീരീ എയര്‍ഫോര്‍സ് വിമാനം ഇതാദ്യമായാണ് ഇന്ത്യന്‍ തലസ്ഥാനത്തെത്തുന്നത്.


ഖത്തര്‍ എയര്‍വേയ്‌സും ഇന്ത്യയെ സഹായിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യക്കുള്ള വൈദ്യസഹായം സൗജന്യമായെത്തിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. 300 ടണ്‍ വൈദ്യ സഹായമാണ് മൂന്ന് ചരക്ക് വിമാനങ്ങളിലായി ഈ മാസം ആദ്യം ഖത്തര്‍ എയര്‍വേയ്‌സ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലെത്തിച്ചത്.

ചരിത്രാതീത കാലം മുതലേ നിലനില്‍ക്കുന്ന ഇന്തോ ഖത്തര്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്ന ഖത്തറിന്റെ കാരുണ്യത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

Related Articles

Back to top button
error: Content is protected !!