IM Special

ചന്ദ്രമോഹന്‍ പിള്ള ,പ്രവാസത്തിന്റെ ധന്യമായ നാലു പതിറ്റാണ്ട്

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ ശ്രദ്ധേയ സാന്നിധ്യവും മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനുമായ ചന്ദ്രമോഹന്‍ പിള്ള നാലു പതിറ്റാണ്ടോളം നീണ്ട സൂദീര്‍ഘമായ ബാങ്ക് ജീവിതം അവസാനിപ്പിക്കുന്നു. 1977 ഡിസംബര്‍ 12ന് ദോഹയിലെത്തിയ അദ്ദേഹം നാലു വര്‍ഷത്തോളം ഒരു എക്‌സ്‌ചേഞ്ച് കമ്പനിയുടെ മാനേജറായി ജോലി ചെയ്ത ശേഷം 1982 ഏപ്രില്‍ 28 നാണ് ബാങ്കില്‍ ജോലി തുടങ്ങിയത്. അന്നു മുതല്‍ ഒരേ ബാങ്കിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്ത ധന്യമായ അനുഭവ സമ്പത്തുമായാണ് അദ്ദേഹം ബാങ്കിന്റെ പടിയിറങ്ങുന്നത്.

പലപ്പോഴും ബാങ്കിന്റെ പേരില്‍ മാറ്റങ്ങളുണ്ടായെങ്കിലും ചന്ദ്രമോഹന്‍ പിള്ള മാറ്റിമില്ലാതെ തുടര്‍ന്നു. നീണ്ട 38 വര്‍ഷങ്ങളോളം ബാങ്കിന്റെ വിവിധ തസ്തികകളില്‍ ജോലി ചെയ്ത് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ മികച്ച ജീവനക്കാരന്‍ എന്ന അംഗീകാരത്തോടെ സ്വദേശികളുടേയും വിദേശികളുടേയും മനം കവരുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജീവിതത്തിലും പ്രൊഫഷണിലും അദ്ദേഹം കാത്തുസൂക്ഷിക്കുന്ന കുറേ മൂല്യങ്ങളും ചിട്ടകളുമാണ്.

ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ ദാമോദരന്‍ പിള്ളയുടേയും ഭവാനി അമ്മയുടേയും നാലു മക്കളില്‍ മൂന്നാമനാണ് ചന്ദ്രമോഹന്‍പിള്ള. ബംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദമെടുത്തശേഷം സെന്റ് മാര്‍ത്താസ് ഹോസ്പിറ്റലില്‍ രണ്ട് വര്‍ഷത്തോളം അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തു. അധ്യാപികയായിരുന്ന അമ്മയില്‍ നിന്നാണ് ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ കരിയറില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയെന്നതിനാണ് അദ്ദേഹം എന്നും ശ്രദ്ധിച്ചത്. ബാങ്കിലെ ഒരു സാധാരണ ടെല്ലറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഗ്രൂപ്പ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് മേധാവി എന്ന പദവി വരെയെത്തിയതും നിരന്തരമായ പരിശ്രമവും കഠിനാദ്ധ്വാനവും കൊണ്ടാണ്.

ഉയര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ എന്നതിലുപരി മികച്ച ഒരു മനുഷ്യ സ്‌നേഹി എന്ന നിലയിലാണ് അദ്ദേഹം ജനഹൃദയങ്ങളില്‍ ജീവിക്കുക. കഴിഞ്ഞ ദിവസം ബാങ്കിലെ മലയാളി ജീവനക്കാര്‍ ചേര്‍ന്നുനല്‍കിയ യാത്രയയപ്പില്‍ പലരും മനസു തുറന്നപ്പോള്‍ സാധാരണഗതിയില്‍ വാചാലനാവാറുള്ള ചന്ദ്രമോഹന്‍ പിള്ള പോലും വൈകാരിക സമ്മര്‍ദ്ധത്താല്‍ വാക്കുകള്‍ കിട്ടാതെ പ്രയാസപ്പെടുകയായിരുന്നു. തങ്ങളുടെ ഒരു മുതിര്‍ന്ന സഹോദരനോടും രക്ഷാധികാരിയോടുമൊക്കെയുള്ള വികാരവായ്പും സ്‌നേഹവും പ്രകടിപ്പിച്ച ജീവനക്കാരുടെ വാക്കുകള്‍ പലരുടേയും കണ്ണുനനയിപ്പിക്കുന്നതായിരുന്നു. ജീവിതത്തില്‍ തനിക്ക് ലഭിക്കുന്ന ഏറ്റവും വിലപിടിച്ച അംഗീകാരം തന്റെ സഹപ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും നിറഞ്ഞ സ്‌നേഹമാണെന്നാണ് ആ ചടങ്ങില്‍ ചന്ദ്രമോഹന്‍ പിള്ള പറഞ്ഞത്.

പ്രവാസ ലോകത്തെ ഓളങ്ങളില്‍ നിന്നും മാറി എന്നും ക്രിയാത്മകതയുടെ മേഖലകളില്‍ വ്യാപരിക്കുവാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നെ കലാസാംസ്‌കാരിക സംഘടനകളിലോ പൊതുപ്രവര്‍ത്തന രംഗത്തോ അദ്ദേഹം അധികമൊന്നും പ്രത്യക്ഷപ്പെടാറില്ല. ജാതി മത രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി മനുഷ്യപ്പറ്റിന്റെ വികാരങ്ങള്‍ക്കാണ് അദ്ദേഹം എന്നും മുന്‍തൂക്കം നല്‍കുന്നത്. മാത്രവുമല്ല ഇത്തരം മാനുഷിക പ്രവര്‍ത്തനങ്ങളൊക്കെ കഴിയുന്നത്ര സ്വകാര്യമായി ചെയ്യുമ്പോഴാണ് അത് കൂടുതല്‍ സാര്‍ഥകമാകുന്നത് എന്നാണ് അദ്ദേഹം കരുതുന്നത്.

ജീവിതത്തില്‍ സഹജീവികളെ സേവിക്കാനാവുന്നതും മാനവികതക്ക് മുതല്‍കൂട്ടാകുന്ന എന്തെങ്കിലും ചെയ്യുന്നതിനുമാണ് താന്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് പറയുമ്പോള്‍ അദ്ദേഹം തന്റെ കര്‍മ്മനിയോഗവും നിലപാടുമാണ് വ്യക്തമാക്കുന്നത്. ജീവിതത്തിന്റെ മായയില്‍പ്പെട്ടുപോവാതെ, ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ സഹജീവികളെ സഹായിക്കുമ്പോള്‍ ലഭിക്കുന്ന സായൂജ്യം വാക്കുകള്‍ക്കതീതമാണ്. ഓരോരുത്തരും തങ്ങളുടെ സെല്‍ഫ് റെസ്‌പെക്ട് നിലനിര്‍ത്തുകയും അഹങ്കരിക്കുവാന്‍ മാത്രം ഒന്നുമില്ലെന്ന് തിരിച്ചറിയുകയും വേണം. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും തന്റേതുകൂടിയാകുന്ന നിലവാരത്തിലേക്ക് ഉയരുമ്പോഴാണ് നാം ശരിയായ മനുഷ്യരാകുന്നത്. ഖത്തറിലെ പ്രമുഖ ടെലികോം കമ്പനിയായ ക്യൂടെല്‍ ജീവനക്കാരിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ കലയും മകള്‍ ഡോ. സുനിതയും അദ്ദേഹത്തിന്റെ ഇതേ കാഴ്ചപ്പാടുകളുള്ളവരാണ് എന്നതും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

ജീവിതം മനോഹരമാകുന്നത് നാം ഓരോരുത്തരും നമ്മുടെ കാല്‍പാടുകളും പാരമ്പര്യവും അടയാളപ്പെടുത്തുമ്പോഴാണ്. മറ്റുള്ളവരുടെ മനസില്‍ സ്ഥാനമുണ്ടാവുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരുടെ മനസിലും ചിന്തയിലും പ്രാര്‍ഥനയിലും ജീവിക്കുവാനായാല്‍ ജീവിതം സാര്‍ഥകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ പല പ്രയാസങ്ങളും നേരിട്ടനുഭവിച്ചതിനാല്‍ മറ്റുള്ളവരുടെ വേദന വേഗം മനസ്സിലാക്കാനാകും. ജീവിതത്തില്‍ ദുഃഖം നമ്മുടെ കൂടെപ്പിറപ്പാണ്. സന്തോഷം പക്ഷേ നാം തേടി കണ്ടെത്തണം. പുതിയ ലോകത്ത് പ്രശ്‌നങ്ങളും പ്രയാസങ്ങളുമൊക്കെ വര്‍ദ്ധിക്കുമ്പോള്‍ ദുഃഖങ്ങളെ അതിജീവിക്കാനും യാഥാര്‍ഥ്യബോധത്തോടെ ജീവിക്കുവാനുമുള്ള തന്റേടമാണ് നമുക്ക് വേണ്ടത്.

നമ്മുടെ വാക്ക് വലിയ മൂര്‍ച്ചയുളള്ള ആയുധമാണ്. അതിനാല്‍ അത് വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും വേണം പ്രയോഗിക്കുവാന്‍. മറ്റുള്ളവരെ പരിഗണിക്കുന്ന മനസാണ് നമുക്ക് വേണ്ടത്. മറ്റുള്ളവരുടെ വികാര വിചാരങ്ങളും വ്യക്തിത്വവുമൊക്കെ ആദരിക്കാനും പരിഗണിക്കുവാനും നാം ശീലിക്കുമ്പോഴാണ് നമ്മില്‍ സാംസ്‌കാരിക പ്രബുദ്ധതയുണ്ടാവുന്നത്.

യാതൊരു പ്രതിഫലവുമാഗ്രഹിക്കാതെ സമൂഹത്തിന് സേവനം ചെയ്യുവാനും കര്‍മങ്ങളനുഷ്ടിക്കുവാനുമാണ് ഒരോരുത്തരും ശ്രദ്ധിക്കേണ്ടത്. പ്രതിഫലമൊക്കെ താനേ വന്നുകൊള്ളും. നല്ല കര്‍മങ്ങളാണ് ജീവിതത്തിന് എന്നും ശാന്തിയും സമാധാനവും നല്‍കുക. നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ കുറേ നല്ല മനുഷ്യരുമായി ഇടപഴകാനും പലരേയും സ്‌നേഹോഷ്മളമായ രീതിയില്‍ സേവിക്കുവാനും അവസരം ലഭിച്ചുവെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്.

കുട്ടിക്കാലം മുതലേ കഥയും കവിതയും നാടകവുമൊക്കെ അദ്ദേഹത്തിന് വലിയ അഭിനിവേശമായിരുന്നു. അമ്മയുടെ ശിക്ഷണത്തില്‍ വായനയും ആസ്വാദനവും മുറക്ക് നടക്കുമ്പോള്‍ നൈസര്‍ഗിക വാസനകളും സര്‍ഗശേഷിയും പുഷ്‌ക്കലമാവുകയായിരുന്നു. ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ചെറുകഥക്ക് ഒന്നാം സമ്മാനം നേടിയതും കെ.പി. ഉമ്മറില്‍ നിന്നും അതിന് സമ്മാനം സ്വീകരിക്കുകയും ചെയ്തത് അദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു. ബാംഗ്ലൂരിലെത്തിയശേഷം അവിടെ മലയാളി സമാജത്തിന്റെ വിവിധ വേദികളില്‍ കഥയും കവിതയും നാടകവുമൊക്കെ അവതരിപ്പിച്ച് ചന്ദ്രമോഹന്‍ തന്റെ കഴിവ് തെളിയിച്ചു.
ദോഹയില്‍ ചന്ദ്രകല ആര്‍ട്‌സിന്റെ ബാനറില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം സംഘടിപ്പിച്ചുവരുന്ന ഹൃദയരാഗങ്ങള്‍ സംഗീതപ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ അവിസ്മരണീയമായ അനുഭവമാണണ് സമ്മാനിച്ചത്

അറ നിറഞ്ഞ സഹൃദയനും എഴുത്തുകാരനുമാണെങ്കിലും മിക്ക സൃഷ്ടികളും തന്റെ സ്വകാര്യ നിധിയായി എഴുതിയും ആസ്വദിച്ചും സൂക്ഷിക്കുകയായിരുന്നു അദ്ദേഹം. ഏതാനും വര്‍ഷം മുമ്പാണ് അന്തരിച്ച തന്റെ പ്രിയപ്പെട്ട സുഹൃത്തായ സംഗീത സംവിധായകന്‍ രാജാമണി ചന്ദ്രമോഹന്റെ ചില ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ച് പ്രശസ്തരായ ഗായകരെക്കൊണ്ട് പാടിച്ച് ‘മഴനീര്‍ക്കണങ്ങള്‍’ എന്ന ആല്‍ബം പുറത്തിറക്കിയത്. കൂടാതെ താനെഴുതിയ ഒരു പിടി ഗാനങ്ങള്‍ക്ക് സ്വന്തമായി ദൃശ്യാവിഷ്‌കാരം യുട്യൂബ് ചാനലിലൂടെ സംഗീതാസ്വാദകര്‍ക്ക് സമര്‍പ്പിച്ച അദ്ദേഹം അഭിനയവും തനിക്ക് വഴങ്ങുമെന്നാണ് തെളിയിച്ചത്.
മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രമായ വീരത്തിന്റെ നിര്‍മാതാവായിരുന്നു ചന്ദ്രമോഹന്‍ പിള്ള എന്നതും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

Related Articles

2 Comments

  1. Rastreador de teléfono celular – Aplicación de rastreo oculta que registra la ubicación, SMS, audio de llamadas, WhatsApp, Facebook, fotos, cámaras, actividad de Internet. Lo mejor para el control parental y la supervisión de empleados. Rastrear Teléfono Celular Gratis – Programa de Monitoreo en Línea. https://www.xtmove.com/es/

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!