Breaking News

ഖത്തറില്‍ ഫിഫ 2022 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ പുകവലി മുക്തവും പുകയില വിപണന രഹിതവുമാകും, ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഫിഫ 2022 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ പുകവലി മുക്തവും പുകയില വിപണന രഹിതവുമാകുമെന്ന് ഖത്തര്‍ പാതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു. ആരോഗ്യത്തിന് ഹാനികരമായതിനാല്‍ പുകവലിയുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന ലോകകപ്പിലൂടെ ആരോഗ്യകരമായ സന്ദേശമാണ് ലോകത്തിന് നല്‍കാനാഗ്രഹിക്കുന്നത്.

പുകവലി ആരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളിലെന്നാണ് . ലോകമെമ്പാടും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കായികവും ആരോഗ്യവും കൈകോര്‍ക്കുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള സവിശേഷമായ വേദിയാണ് ലോകകപ്പ്.ഈ അവസരം ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ലോകകപ്പിനെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള വഴിവിളക്കാക്കി മാറ്റാനും അതില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഭാവിയിലെ മെഗാ കായിക ഇവന്റുകള്‍ക്കായി പങ്കിടാനുമുള്ള ശ്രമങ്ങളുമായാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ഈ പങ്കാളിത്തം ഫിഫയുടെയും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെയും പിന്തുണയോടെയാണെന്നും ഫുട്‌ബോള്‍ വഴി ആഗോളതലത്തില്‍ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

കായിക രംഗവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവ ഒരുമിച്ച് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഘോഷമൊരുക്കും, മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!