കമ്പനി രജിസ്ട്രേഷന്‍ പുതുക്കല്‍ നടപടികള്‍ സിംഗിള്‍ വിന്‍ഡോ പ്ളാറ്റ് ഫോം വഴി മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കമ്പനികള്‍ക്കുള്ള സമഗ്ര സര്‍വീസുകള്‍ സിംഗിള്‍ വിന്‍ഡോ പ്ളാറ്റ് ഫോം വഴി മാത്രമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. കമ്പനി സ്ഥാപിക്കലും വാണിജ്യ രേഖകളും ലൈസന്‍സുകളും പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായും കോവിഡ് വ്യാപനം തടയുന്നതിനുമാണ് ഈ നടപടികള്‍.
ഈ സേവനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ മന്ത്രാലയ ആസ്ഥാനത്തോ ശാഖകളിലോ വ്യക്തികളെ അനുവദിക്കില്ല.
സമഗ്ര സര്‍വീസില്‍ വാണിജ്യ സ്ഥാപനത്തിന്റെ പേര് റിസര്‍വേഷന്‍, വാണിജ്യ രജിസ്റ്റര്‍ ഇഷ്യു, ട്രേഡ് ലൈസന്‍സ്, പ്രൊഫഷണല്‍ ലൈസന്‍സുകള്‍, എല്ലാത്തരം സബ്സിഡിയറി ലൈസന്‍സുകളും ഉള്‍പ്പെടുന്നു. സമഗ്രമായ പുതുക്കല്‍ സേവനത്തില്‍ എല്ലാ വാണിജ്യ രേഖകളും ലൈസന്‍സുകളും അടുത്ത 60 ദിവസത്തിനുള്ളില്‍ കാലഹരണപ്പെടുന്നത് പരിമിതപ്പെടുത്തില്ല. നേരത്തെ കാലാവധി തീരുന്നതിന് 60 ദിവസം മുമ്പ് മാത്രമേ ഇവ പുതുക്കാന്‍ കഴിയുമായിരുന്നുള്ളൂ.
ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലത്തേക്കുള്ള ലൈസന്‍സ് പുതുക്കാമെന്നതും സിംഗില്‍ വിന്‍ഡോ പ്ളാറ്റ് ഫോമിന്റെ സവിശേഷതയാണ്.