- November 29, 2023
- Updated 8:29 am
മരുഭൂമിയെ ഹരിതാഭമാക്കി കായല്‍ മഠത്തില്‍ സഹോദരന്മാര്‍
- March 6, 2021
- IM SPECIAL
ഡോ. അമാനുല്ല വടക്കാങ്ങര
നിരന്തരമായ പരിശ്രമം കൊണ്ട് മരുഭൂമിയെ ഹരിതാഭമാക്കി കായല്‍ മഠത്തില്‍ സഹോദരന്മാര്‍ ശ്രദ്ധേയരാകുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളോളമായി ഖത്തറിലെ വുകൈറില്‍ താമസ സ്ഥലത്തിനുചുറ്റും വൈവിധ്യമാര്‍ന്ന കൃഷിയിറക്കി മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടയാളപ്പെടുത്തുന്ന ഈ മലപ്പുറത്തുകാര്‍ സുപ്രധാനമായ സന്ദേശമാണ് പ്രവാസി സമൂഹത്തിന് നല്‍കുന്നത്.
മലപ്പുറം ജില്ലയില്‍ തിരുനാവായക്കടുത്ത് കുണ്ടിലങ്ങാടി പട്ടര്‍ നടക്കാവിലെ കായല്‍ മഠത്തില്‍ അലിയും സഹോദരന്‍ സെയ്താലിക്കുട്ടിയും നട്ടുവളര്‍ത്തുന്ന കൃഷിയിടത്തിലെത്തുമ്പോള്‍ മരുഭൂമിയിലാണ് നാം എന്ന് മനസ്സിലാക്കാന്‍ പ്രയാസമാകും. കേരളത്തിലെ ഏതോ ഗ്രാമത്തിലെത്തിയ പ്രതീതിയാണ് ഓരോരുത്തര്‍ക്കും ഉണ്ടാവുക. അത്രക്കും സമൃദ്ധമായ പച്ചപ്പിനാല്‍ അലങ്കരിച്ച ഇവരുടെ കൃഷിയിടത്തില്‍ വിളയുന്ന വിഭവങ്ങള്‍ അനവധിയാണ്.
വിശാലമായ തക്കാളിത്തോട്ടം, അവയോട് ചേര്‍ന്ന് നില്‍ക്കുന്ന വിവിധ തരം ചെറുനാരങ്ങ മരങ്ങള്‍, ഓരോ ഭാഗത്തായി കായ്ച്ചുനില്‍ക്കുന്ന പേരക്കമരങ്ങള്‍, വിളഞ്ഞുനില്‍ക്കുന്ന റുമ്മാന്‍ മരങ്ങള്‍ എല്ലാം തോട്ടത്തിന് അലങ്കാരമാണ്. കാബേജും ക്വാളി ഫ്ളവറും, ബ്രക്കോളിയും പാലക്കും, കാരറ്റും, ബീറ്റ് റൂട്ടും, വഴുതനങ്ങയും ലെട്ടൂസും, പച്ചമുളകും മല്ലിച്ചപ്പും പൊതീനയും ജിര്‍ജിറും ബര്‍ദൂനിസും, കൂസും വെണ്ടക്കയും, കുക്കുമ്പറും എന്നുവേണ്ട അറബികള്‍ നിത്യവുമുപയോഗിക്കുന്ന എത്രയോ ഇനം പച്ചക്കറികളും ഇലകളുമാണ് ഈ നോട്ടത്തില്‍ സമൃദ്ധമായി വളരുന്നത്.
വിവിധ തരത്തിലുള്ള ഉള്ളികളാണ് മറ്റൊരു പ്രധാന വിഭവം. അറബികള്‍ സലാഡിനുപയോഗിക്കുന്ന വെളുത്ത ഉള്ളിയും ചുമന്ന ഉള്ളിയും നന്നായി വളരുന്നുണ്ട്. റോബസ്റ്റ് വാഴയും കപ്പയുമൊക്കെ കൃഷി ചെയ്തിരുന്നതായി അലി പറഞ്ഞു.
മറു ഭാഗത്ത് മലയാളികളുടെ പ്രിയപ്പെട്ട മത്തനും കുമ്പളവും വെള്ളരിയും പയറും, അവരക്കയും ചിരങ്ങയുമൊക്കെ ധാരാളമുണ്ട്. തണ്ണി മത്തനും ശമ്മാമുമൊക്കെ ഇപ്പോള്‍ ഏറെക്കുറേ കഴിഞ്ഞിട്ടുണ്ട്. എങ്കിലും അവിടെയിവിടെയുമായി കുറേശ്ശേ കാണാം.
വളരെ ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെത്തിയ ഇവര്‍ വീടിന് ചുറ്റും പച്ചപ്പ് പരത്തിയാണ് സ്വദേശി സ്പോണ്‍സറുടെ മനം കവര്‍ന്നത്. കൃഷിയില്‍ നിന്നുള്ള വിഭവങ്ങളേക്കാളും ഹരിത ഭംഗിയും കുളിര്‍മയുമാണ് സ്വദേശി കുടുംബത്തിന് ഏറെ കൗതുകം പകര്‍ന്നത്. വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളൊക്കെ സ്വന്തമായി വിളയിക്കാന്‍ തുടങ്ങിയതോടെ ആവേശം വര്‍ദ്ധിച്ചു. വീടിനും ചുറ്റും നാല് ഏക്കറയോളം വിശാലമായ സ്ഥലത്താണ് കൃഷിയിറക്കിയത്.
തികച്ചും ഓര്‍ഗാനിക്കായാണ് കൃഷി ചെയ്യുന്നത്. കാര്യമായും ആട്ടിന്‍ കാഷ്ടമാണ് വളമായി ഉപയോഗിക്കുന്നത്.
ആവശ്യത്തിന് വെള്ളവും വളവും നല്‍കി പരിചരിച്ചാല്‍ മരുഭൂമിയില്‍ കൃഷി വളരെ എളുപ്പമാണ്. വലിയ അദ്ധ്വാനമില്ലാതെ മികച്ച വിളവും ലഭിക്കും. മണ്ണ് ചതിക്കില്ലെന്നത് പരമാര്‍ഥമാണെന്നാണ് തന്റെ ജീവിതാനുഭവമെന്ന് അലി സാക്ഷ്യപ്പെടുത്തുന്നു. എന്ത് നട്ടാലും നല്ല വിളവ് ലഭിക്കുന്നത് കൂടുതല്‍ കൃഷിയിറക്കാന്‍ പ്രോല്‍സാഹനമാണ്.
മിക്കവാറും വിത്തുകളൊക്കെ ഇവിടെ നിന്ന് തന്നെയാണ് വാങ്ങുന്നത്. ചിലപ്പോള്‍ നാട്ടില്‍ നിന്ന് കൊണ്ടുവരും.
കൃഷി ജീവിതത്തിന് വല്ലാത്ത സംതൃപ്തി നല്‍കുന്ന ഒരു വിനോദമെന്ന നിലയിലും കൂടിയാണ് ഈ മലപ്പുറത്തുകാര്‍ വര്‍ഷങ്ങളായി മരുഭൂമിയിയില്‍ നൂറ് മേനി വിളയിച്ച് കൃഷിയുടെ വേറിട്ട മാതൃകകള്‍ പരീക്ഷിക്കുന്നത്.
വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികളും ഇല വര്‍ഗങ്ങളുമൊക്കെ കാണുന്നത് തന്നെ വല്ലാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഊഷരമെന്ന് നാം വിചാരിക്കുന്ന മരുഭൂമിയിലെ കാര്‍ഷിക വിപ്ളവം പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം വിഷരഹിതമായ പച്ചക്കറികള്‍ ഭക്ഷിക്കാനും അവസരമൊരുക്കുന്നു. ശുദ്ധമായ പച്ചക്കറികള്‍ തേടി പല മലയാളി കുടുംബങ്ങളും തങ്ങളെ സമീപിക്കാറുണ്ടെന്ന് അലി പറഞ്ഞു.
മരുഭൂമിയിലെ സവിശേഷമായ ചുറ്റുപാടില്‍ ഓരോ സീസണിലും ഏതൊക്കെ വിളകളാണ് വളരുകയെന്ന് ഈ മലപ്പുറത്തുകാര്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ് വര്‍ഷം മുഴുവന്‍ വ്യത്യസ്തമായ കൃഷിയിറക്കിയാണ് ഈ സഹോദരന്മാര്‍ മരുഭൂമിയില്‍ കനകം വിളയിക്കുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ നാട്ടിലേതിലും എളുപ്പം കൃഷിയിറക്കാനും കൂടുതല്‍ വിളവുണ്ടാക്കാനും മരുഭൂമിയാണ് നല്ലതെന്നാണ് അലിയുടെ കാഴ്ചപ്പാട്. ഈ വര്‍ഷം മരുഭൂമിയില്‍ ഗോതമ്പ് കൃഷി പരീക്ഷിക്കുകയാണ് ഈ സഹോദരന്മാര്‍.
ഈന്തപ്പനകളും ഈ തോട്ടത്തില്‍ ധാരാളമുണ്ട്. വിവിധ ഇനങ്ങളിലുള്ള അമ്പതോളം ഈന്തപ്പന മരങ്ങള്‍ ഇവിടെയുണ്ടെന്ന് അലി പറഞ്ഞു. ഇത് ഈന്തപ്പനകള്‍ പൂക്കുന്ന കാലമാണ് . വേണ്ട രൂപത്തില്‍ പരിചരിച്ചാല്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ മികച്ച വിളവ് ലഭിക്കും. ഈന്തപ്പനകളെ പരിചരിക്കുന്നത് പരിചയ സമ്പന്നരായ പ്രത്യേകം ജോലിക്കാരുണ്ട്.
ആടും കോഴിയും താറാവുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നിത്യവും ശരാശരി 60 കോഴിമുട്ടയും താറാവു മുട്ടയും ലഭിക്കും. ശുദ്ധമായ ആട്ടിന്‍ പാലും നാടന്‍ കോഴി മുട്ടയുമൊക്കെ നിത്യ വിഭവങ്ങളായതിനാല്‍ ആരോഗ്യ സംരക്ഷണം അനായാസമാകുന്നു.
സഹോദരി പുത്രനായ തിരൂര്‍ കുറ്റൂരിനടുത്തുള്ള നൗഫലാണ് കായല്‍ മഠത്തില്‍ സഹോദരന്മാരുടെ മുഖ്യ സഹായി. കൃഷി നനക്കുന്നതിനും വിളവെടുക്കുന്നതിനുമുള്ള ശാരീരിക സഹായത്തിലുപരി അമ്മാവന്മാരുടെ കൃഷിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സജീവമായ പ്രചാരം നല്‍കുന്നത് നൗഫലാണ്. നിത്യവും തോട്ടത്തില്‍ നിന്നും പറിച്ചെടുക്കുന്ന വിഭവങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള നൗഫലിന്റെ പോസ്റ്റുകള്‍ കൃഷി തല്‍പരരായ ആയിരക്കണക്കിനാളുകളാണ് പിന്തുണക്കുന്നത്. ചെറിയ തോതില്‍ വിപണനം ചെയ്തും നൗഫല്‍ അമ്മാവന്മാരുടെ കൃഷി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,258
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,127
- VIDEO NEWS6