വാക്സിനെടുത്തവരെ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശം പരിഗണനയില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കൊറോണ വൈറസ് (കോവിഡ് -19) വാക്സിന്‍ രണ്ട് ഡോസും എടുത്തവരെ നിര്‍ബന്ധ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശം പരിഗണനയിലാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
വാക്സിന്റെ രണ്ട് ഡോസുമെടുത്ത് രണ്ടാഴ്ച കഴിയുന്നതോടെ ശരീരത്തിന് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി കൈവരും. അതുകൊണ്ട് തന്നെ അത്തരക്കാരെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുന്നത് പ്രയാസമുണ്ടാക്കില്ല. എന്നാല്‍ ഈ നിര്‍ദ്ദേശം മന്ത്രാലത്തിന്റെ പഠനത്തിലാണെന്നും ഇത് സംബന്ധിച്ച് തീരുമാനം പറയാറായിട്ടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് ബുധനാഴ്ച തത്സമയ ഇന്‍സ്റ്റാഗ്രാം ചോദ്യോത്തര വേളയില്‍ പറഞ്ഞു.
വിശദമായ പഠനത്തിന് ശേഷം മഹമാരി നേരിടുന്നതിനുള്ള സ്ട്രാറ്റജിക് കമ്മറ്റി ഇത് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവ്വിഷയകമായ ചര്‍ച്ചകള്‍ നേരത്തെ തന്നെ നടന്നിരുന്നെങ്കിലും വളരെ കുറഞ്ഞ ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിച്ചിട്ടുളളത്. കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ ലഭ്യമാകുന്നതോടെ ഈ നിര്‍ദേശം പ്രാബല്യയത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാക്സിനേഷന്‍ വിവരങ്ങള്‍ ഇഹ്തിറാസ് ആപ്ളിക്കേഷനില്‍ കൃത്യമായി അറിയുവാന്‍ സംവിധാനമുള്ളതിനാല്‍ ഈ നിര്‍ദേശം നടപ്പാക്കുവാന്‍ എളുപ്പമാകും.
രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് ജനസംഖ്യയുടെ 75 ശതമാനമെങ്കിലും വൈറസ് പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.