Uncategorized

കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കൊണ്ടുവന്ന പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണം : ഖത്തര്‍ സംസ്‌കൃതി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കൊണ്ടുവന്ന പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ഖത്തര്‍ സംസ്‌കൃതി ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര യാത്രാക്കായി പുതുതായി കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാണ്. പ്രസ്തുത ഗൈഡ് ലൈനിലെ മിഡില്‍ ഈസ്റ്റ്, യു.കെ. യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ അവര്‍ പുറപ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പുറമെ ഇന്ത്യയില്‍ എത്തിച്ചേരുന്ന വിമാനത്താവളങ്ങളില്‍ വെച്ച് സ്വന്തം ചിലവില്‍ മോളിക്യുലാര്‍ ടെസ്റ്റ് നടത്തണമെന്നും പറയുന്നു. വിദേശങ്ങളില്‍ നിന്ന് വന്‍ തുക മുടക്കി എടുക്കുന്ന കോവിഡ് ടെസ്റ്റിന് പുറമെ, നാട്ടിലെ ടെസ്റ്റ് ചിലവ് കൂടെ വഹിക്കേണ്ടി വരുന്നത് സാധാരണ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.

കൂടാതെ, ഈ ഗൈഡ് ലൈനില്‍ കോവിഡ് വാക്സിന്‍ എടുത്തവരുടെ കാര്യത്തില്‍ കോവിഡ് ടെസ്റ്റ്, പതിനാല് ദിവസത്തെ ക്വാറന്റൈന്‍ എന്നിവയില്‍ ഇളവ് അനുവദിക്കുന്നില്ല. ഇത്തരം ആളുകളുടെ കാര്യത്തില്‍ കോവിഡ് ടെസ്റ്റ്, ക്വാറന്റയിന്‍ എന്നീ കാര്യങ്ങളില്‍ ഇളവ് അത്യന്താപേക്ഷിതമാണ്. മിക്കരാജ്യങ്ങളും ഇളവ് നല്‍കുന്നുണ്ട്. പതിനാല് ദിവസത്തില്‍ കുറഞ്ഞ കാലയളവില്‍ മാത്രം രാജ്യത്ത് നില്‍ക്കുന്നവരുടെ കാര്യത്തിലും ക്വാറന്റയിന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയിട്ടില്ല. ഇത്തരം ആളുകളുടെ കാര്യത്തില്‍ ഇളവ് ലഭിക്കുന്നില്ലെങ്കില്‍ അവരുടെ യാത്രകൊണ്ട് ഉപയോഗം ഇല്ലാത്ത അവസ്ഥയാകും ഉണ്ടാക്കുക.

അതോടൊപ്പം, കുടുംബാംഗങ്ങള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ ഡല്‍ഹി എയര്‍പോര്‍ട്ട് വെബ് സൈറ്റ് വഴി മുന്‍ കൂട്ടി അപേക്ഷിക്കണമെന്നും അധികാരികള്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ അടിയന്തര യാത്ര ആവശ്യമായി വരുന്ന പ്രവാസികള്‍ക്ക് ഈ വ്യവസ്ത ബുദ്ധിമുട്ടുണ്ടാക്കും. അടിയന്തിരമായി ഈ വ്യവസ്ത പിന്‍വലിക്കുകയോ ലഘൂകരിക്കുകയോ ചെയ്യണം . ഇന്ത്യയിലേക്ക് നിത്യവും ധാരാളം പേര്‍ ബന്ധുക്കളുടെ മരണാനാന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ട്. അടിയന്തിരമായി തീരുമാനം എടുക്കാന്‍ ഡല്‍ഹി എയര്‍പോര്‍ട്ട് വെബ് സൈറ്റ് മാത്രമെന്നത് തികച്ചും അപര്യാപ്തമാണ്. ആയതിനാല്‍, അടിയന്തിരമായി ഈ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഖത്തര്‍ സംസ്‌കൃതി ഇന്ത്യാ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!