- September 22, 2023
- Updated 10:12 am
ഡോ. വണ്ടൂര്‍ അബൂബക്കര്‍, മീഡിയ പ്‌ളസിന്റെ സുഹൃത്ത്
- March 6, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ഏഴ് പതിറ്റാണ്ടിന്റെ ധന്യമായ പാരമ്പര്യങ്ങള്‍ അവശേഷിപ്പിച്ച് ഇന്നലെ വിടവാങ്ങിയ ഡോ. വണ്ടൂര്‍ അബൂബക്കര്‍ മീഡിയ പ്‌ളസിന്റെ ആത്മസുഹൃത്തായിരുന്നു. ദോഹയില്‍ എത്തിയ ആദ്യ ദിവസം മുതല്‍ ദോഹ വിടുന്നതുവരേയും ഈ ബന്ധംം ഊഷ്മളമായി തുടര്‍ന്നുവെന്ന് മാത്രമല്ല ഇടക്ക് ബാംഗ്‌ളൂരില്‍ നിന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും അദ്ദേഹത്തിന്റെ സ്‌നേഹ സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരുന്നു.
ഖത്തറിലെ മുതിര്‍ന്ന സാമൂഹ്യ സാംസ്‌കാരിക നേതാവ് ഹാജി കെ.വി. അബ്ദുല്ലക്കുട്ടിയാണ് ഡോ. വണ്ടൂരിനെ പരിചയപ്പെടുത്തിയത്. സൗദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഖത്തറില്‍ വന്നിറങ്ങിയ അദ്ദേഹം ആദ്യം വിളിച്ചത് ഹാജി കെ.വി. അബ്ദുല്ലക്കുട്ടിയെയായിരുന്നു. ഞങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശുക്കൂര്‍ കിനാലൂരിന്റെ ഓഫീസില്‍ ഒരു ചെറിയ ടേബിള്‍ ടോക്കിന് ഒത്തുകൂടിയ നേരമായിരുന്നു അത്. അബ്ദുല്ലക്കുട്ടി സംസാരിച്ച ശേഷം എന്നെ ഡോ. വണ്ടൂരിന് പരിചയപ്പെടുത്തുകയും ഫോണ്‍ എനിക്ക് നല്‍കുകയും ചെയ്തു. ചിരപരിചിത സുഹൃത്തിനെപോലെ വളരെ ഊഷ്മളമായാണ് അദ്ദേഹം സംസാരിച്ചത്.
ഞാന്‍ മലയാളം ന്യൂസ് റിപ്പോര്‍ട്ടറായി സജീവമായിരുന്ന കാലമായിരുന്നു അത്. ചീഫ് എഡിറ്ററായിരുന്ന ഫാറൂഖ് ലുഖ്മാനുമായും പത്രാധിപ സമിതി അംഗങ്ങളുമായയും വണ്ടുരിനുണ്ടായിരുന്ന ആത്മബന്ധം ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകരയും ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രൊഫസര്‍ അബ്ദുല്‍ അലിയുമൊക്കെ വണ്ടൂരിനെ കൂടുതല്‍ അടുത്തറിയുവാന്‍ കാരണക്കാരായവരാണ്.
ഊര്‍ജസ്വലത, കര്‍മകുശലത, തുറന്ന മനസ്സ് എന്നിവയിലൂടെ പരിചയപ്പെട്ടവരെ മുഴുവന്‍ സുഹൃദ് വലയത്തിലാക്കിയ ഡോ. വണ്ടൂരിന്റെ ഏറ്റവുമടുത്ത ചങ്ങാതിയായി മീഡിയ പ്‌ളസ് മാറിയത് സ്വാഭാവികം മാത്രം. ആന്റ് സ്‌മോക്കിംഗ് സൊസൈറ്റിക്കും ഗള്ഫ് ഇന്ത്യാ ഫ്രന്റ്ഷിപ്പ് അസോസിയേഷനുമൊക്കെ നിസ്സീമമായ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കും പിന്തുണ നല്‍കിയ അദ്ദേഹം സമൂഹത്തെ പ്രചോദിപ്പിക്കുന്നതിലും ഏറെ മുമ്പിലായിരുന്നു.
ഇന്നത്തെ മലയാളം ന്യൂസ് ദിനപത്രത്തിലെഴുതിയ അനുസ്മരണക്കുറിപ്പും ഇതോടൊപ്പം ചേര്‍ക്കട്ടെ
ചിലര്‍ മഹാന്മാരായി ജനിക്കുന്നു. മറ്റു ചിലര്‍ മഹത്വം ആര്‍ജിച്ചെടുക്കുന്നു. വേറെ ചിലരിലാകട്ടെ മഹത്വം വിശ്വസിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന ഷേക്‌സീപീരിയന്‍ വാചകമാണ് ഡോ. വണ്ടുര്‍ അബൂബക്കറിനെ അനുസ്മരിക്കുമ്പോള്‍ ഓര്‍മയിലേക്ക് വരുന്ന ആദ്യ വാചകം. ഈ മൂന്ന് രീതിയിലും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ തിളങ്ങുന്ന ഓര്‍മകള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം ഈ ലോകത്തെ നിയോഗം പൂര്‍ത്തീകരിച്ച് ശാശ്വതലോകത്തേക്ക് യാത്രയായത്.
വിനയാന്വിതമായ പെരുമാറ്റത്തിലൂടെ ജനഹൃദയം കീഴടക്കിയ സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു ഡോ. വണ്ടുര്‍ അബൂബക്കര്‍. വലുപ്പചെറുപ്പമില്ലാതെ എല്ലാവരുമായും സഹകരിക്കാനും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനും കഴിയുന്ന നേതാവായിരുന്നു എന്നതാകാം അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മുതിര്‍ന്ന നേതാക്കളുമായി വലിയ അടുപ്പം സൂക്ഷിക്കുന്നതോടൊപ്പം ചെറുപ്പക്കാരുമായും ഇടപഴകുവാനും പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാനും അദ്ദേഹത്തിന് കഴിയുമായിരുന്നു.
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെ സാമൂഹ്യ രംഗങ്ങളില്‍ സജീവമായ അദ്ദേഹം ചെന്നിടത്തെല്ലാം വിവിധ കൂട്ടായ്മകളുടെ നേതൃത്വമലങ്കരിച്ചത് അദ്ദേഹത്തിന്റെ ജനകീയതയുടെ സാക്ഷ്യപത്രമാകാം. നേതൃപാഠവവും സാമൂഹ്യ പ്രതിബദ്ധതയും കൈമുതലാക്കിയ അദ്ദേഹം സദാ സക്രിയനായിരുന്നു. തിരുവനന്തപുരം മുസ്‌ലിം സ്റ്റുഡന്‍സ്് അസോസിയേഷന്‍ ചെയര്‍മാന്‍, എം.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ അലങ്കരിച്ച അദ്ദേഹം വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
മുസ്‌ലിം ലീഗിലെ ഉന്നത നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രവാസലോകത്ത് കെ.എം.സി.സിയുടെ കരുത്തനായ നേതാവായി സജീവമായപ്പോഴും പൊതുവേദികളുമായും സംരംഭങ്ങളുമായയും തുറന്ന മനസോടെ സഹകരിച്ചാണ് വണ്ടുര്‍ സേവനത്തിന്റെ മഹത്തായ പാരമ്പര്യം അടയാളപ്പെടുത്തിയത് .
സ്‌നേഹബന്ധം സൂക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെ താന്‍ വിശ്വസിച്ച മൂല്യങ്ങള്‍ മുറുകെപിടിച്ചാണ് ജീവിച്ചത്. കറകളഞ്ഞ സൗഹൃദത്തിന്റെ ഉദാത്തമായ മാതൃകയാണ്് പൊതുസമൂഹത്തിന് അദ്ദേഹം പകര്‍ന്ന് നല്‍കിയത്.
മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പി. അഹ്‌മദ് കുട്ടി ഹാജിയുടേയും ഇത്താച്ചുമ്മ ഹജ്ജുമ്മയുടേയും മകനായി ജനിച്ച അദ്ദേഹത്തിിന്റെ സ്‌ക്കൂള്‍ വിദ്യാഭ്യാസം വണ്ടൂരില്‍ തന്നെയായിരുന്നു. പിന്നീട് മമ്പാട് എം.ഇ.എസ്. കോളേജില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദവും തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും നിയമബിരുദവും നേടിയ ശേഷം അമേരിക്കയില്‍ നിന്നും ഇന്റര്‍നാഷണല്‍ കൊമേര്‍ഷ്യല്‍ ലോയില്‍ ബിരുദാനന്തര ബിരുദവും ഇന്റര്‍നാഷണല്‍ ലോയില്‍ ഡോക്ടറേറ്റും നേടി.
1976 ല്‍ കേരള ഹൈകോടതിയില്‍ പ്രശസ്ത അഭിഭാഷകനായിരുന്ന എസ്. ഈശ്വര അയ്യരുടെ കീഴില്‍ ജൂനിയര്‍ അഭിഭാഷകനായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. കുറഞ്ഞ കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് അദ്ദേഹം തന്റെ തട്ടകമായി പ്രവാസലോകം തെരഞ്ഞെടുത്തത്.
കാല്‍ നൂറ്റാണ്ടോളം സൗദി അറേബ്യയിലെ വിവിധ നിയമസ്ഥാപനങ്ങളില്‍ ജോലി ചെയ്ത ഡോ. വണ്ടൂര്‍ പ്രവാസത്തിന്റെ കര്‍മപഥങ്ങളെ ക്രിയാത്മകമായി വിനിയോഗിക്കുകയും സാമൂഹ്യ ജീവിതത്തില്‍ സജീവ സാന്നിധ്യമുറപ്പിക്കുകയും ചെയ്തു. പ്രവാസികളുടെ ജീവിതം കൂടുതല്‍ പ്രത്യൂല്‍പാദനപരമായി മാറ്റുന്നത് സംബന്ധിച്ച് പലപ്പോഴും ചിന്തിച്ച അദ്ദേഹം സുരക്ഷിതമായ നിക്ഷേപങ്ങളെക്കുറിച്ചും ഭാവിക്ക് വേണ്ടി എന്തെങ്കിലും കരുതിവെക്കുന്നതിനെക്കുറിച്ചുമൊക്കെ നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. ഈ രംഗത്ത് ചില കൂട്ട് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം തയ്യാറായത് സമൂഹത്തിലെ താഴെക്കിടയിലുള്ള പ്രവാസി സഹോദരങ്ങളുടെ ഉന്നമനം മുന്നില്‍ കണ്ടായിരുന്നു. സംരംഭങ്ങള്‍ ഉദ്ദേശിച്ച രൂപത്തില്‍ വിജയിച്ചില്ലെങ്കിലും തന്റെ തിരക്ക് പിടിച്ച ഔദ്യോഗിക കര്‍മങ്ങള്‍ക്കിടയിലും അത്തരം ശ്രമങ്ങള്‍ക്ക് അദ്ദേഹം സമയം കണ്ടെത്തിയെന്നത് വിസ്മരിക്കാനാവില്ല.
ഒരു പതിറ്റാണ്ടിലേറെ കാലം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി സ്വഭാവഗുണങ്ങളുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എവിടേയും കേറിചെല്ലാനും കാര്യങ്ങള്‍ അവതരിപ്പിക്കാനും വളരെ സമര്‍ഥനായിരുന്ന അദ്ദേഹം പൊതുപ്രവര്‍ത്തനത്തിന്റെ വേറിട്ട മാതൃകയാണ് സമ്മാനിച്ചത്.
ഖത്തറില്‍ സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍, ദോഹ ബാങ്ക് ലീഗല്‍ റിസ്‌ക് മാനേജര്‍, ഖത്തര്‍ ഫൗണ്ടേഷനിലെ സീനിയര്‍ അറ്റോര്‍ണി, ബര്‍വ ബാങ്ക് ചീഫ് കംപ്‌ളയിന്‍സ് ഓഫീസര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിറ്ററേഷന്‍ കൗണ്‍സില്‍, യു.കെ.യിലെ ഇന്റര്‍നാഷണല്‍ ബാര്‍ അസോസിയേഷന്‍, ലണ്ടന്‍ കോര്‍ട് ഓഫ് ഇന്റര്‍നാഷണല്‍ ആര്‍ബിറ്ററേഷന്‍ എന്നിവയില്‍ അംഗമായിരുന്നു.
പ്രവാസ ലോകത്ത് സഹജീവികളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി സജീവമായി പ്രവര്‍ത്തിച്ച ഒരു നേതാവിനെയാണ് ഡോ.വണ്ടൂരിന്റെ നിയോഗത്തിലൂടെ നഷ്ടമാകുന്നത്.
ജീവിതമവസാനിച്ചാലും കര്‍മങ്ങളും സേവനങ്ങളും ബാക്കിയാകുമെന്നതിനാല്‍ പ്രവാസ ലോകത്തെ നിരവധി മനുഷ്യ മനസുകളില്‍ അദ്ദേഹം ജീവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,025
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,426
- VIDEO NEWS6