ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി സപ്തമ്പറില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ആദ്യ ഇന്ത്യന്‍ പ്രൈവറ്റ് സര്‍വകലാശാല കാംപസ് ഈ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങും. പുനെ സാവിത്രി ഭായ് ഭുലെ യൂണിവേഴ്സിറ്റിയുടെ കാംപസാണ് അബൂഹമൂറിലെ ബര്‍വയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. എഞ്ചിനീയറിംഗ്, മാനേജ്മെന്റ, ഫാര്‍മസി കോഴ്സുകളുള്‍പ്പടെ തുടക്കത്തില്‍ 5 അക്കാദമിക് പ്രോഗ്രാമുകളാണ് കാംപസിലുണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ.ഖാലിദ് അബ്ദുള്ള അല്‍ അലിയെ ഉദ്ധരിച്ച പ്രമുഖ പ്രാദേശിക ഇംഗ്ളീഷ് ദിനപത്രം ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
പ്രതിവര്‍ഷം മുന്നൂറ് വിദ്യാര്‍ത്ഥികളുമായാണ് യൂണിവേര്‍സിറ്റി പ്രവര്‍ത്തനം തുടങ്ങുക. പ്ളാനനുസരിച്ച് നാലാം വര്‍ഷം ആയിരത്തിലധികം വിദ്യാര്‍ഥികളുണ്ടാകും. പുനെ സാവിത്രി ഭായ് ഭുലെ യൂണിവേഴ്സിറ്റിയുടെ കാംപസ് തുറക്കുക എന്ന വലിയ ദൗത്യത്തിലാണ് മന്ത്രാലയം ഇപ്പോഴുളളത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ആരംഭിക്കേണ്ടിയിരുന്നതായിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ നീണ്ടുപോവുകയായിരുന്നു. തുടക്കത്തില്‍ ആരംഭിക്കേണ്ട അക്കാദമിക് പ്രോഗ്രാമുകളുടെ അന്തിമ അനുമതിക്കുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ സര്‍വകലാശാല അധികൃതരുമായി ആശയവിനിമയങ്ങള്‍ നടക്കുന്നുണ്ട്.
അബൂഹമൂറിലെ ബര്‍വയില്‍ യൂണിവേര്‍സിറ്റി മാനേജ്മെന്റ് കണ്ടെത്തിയ കെട്ടിടത്തിന്് അന്തിമ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച്ച വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം സന്ദര്‍ശിക്കും.
അമേരിക്കയില്‍ നിന്നടക്കം ധാരാളം യൂണിവേര്‍സിറ്റികള്‍ ഖത്തറില്‍ ശാഖ തുടങ്ങുവാന്‍ താല്‍പര്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്, എല്ലാവര്‍ക്കും ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുക ഖത്തര്‍ വിഷന്‍ 2030 അനുസരിച്ച് മന്ത്രാലയം മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ബഡ്ജറ്റുകളിലുള്ള യൂണിവേര്‍സിറ്റികള്‍ ലഭ്യമാക്കുക വഴി എല്ലാവര്‍ക്കും ഖത്തറില്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നതെന്ന് ഡോ അല്‍ അലി പറഞ്ഞു.