IM Special

സംഗീതവും കലയും സംഗമിക്കുന്ന സര്‍ഗപ്രതിഭ

ഡോ. അമാനുല്ല വടക്കാങ്ങര

സംഗീതവും കലയും സംഗമിക്കുന്ന സര്‍ഗപ്രതിഭയാണ് ജെമീഷ്‌ കബീര്‍. തൃശൂര്‍ ജില്ലയിലെ പാവറട്ടിക്ക് സമീപം പുതുമനശ്ശേരിയില്‍ ജനിച്ചുവളര്‍ന്ന ജെമീഷ്‌ ചെറുപ്പത്തിലേ ചിത്രരചനയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ചോക്ക് കൊണ്ടും കല്ലുകൊണ്ടുമൊക്കെ തങ്ങളുടെ കൊച്ചുവീടിന്റെ ചുമരികളിലാണ് കൂടുതലും ചിത്രങ്ങള്‍ വരച്ചത്. ചിത്രം വരക്കാനുള്ള കഴിവ് ഉപ്പയില്‍ നിന്ന് ലഭിച്ചതാകാമെങ്കിലും തന്റെ ഉമ്മയാണ് തന്റെ എല്ലാ കഴിവുകളും വളര്‍ത്തി വലുതാക്കിയത്. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും ഉമ്മയുടെ പ്രോല്‍സാഹനമാണ് തന്നെ ഒരു കലാകാരനാക്കിയത് എന്നാണ് ജെമീഷ്‌ കരുതുന്നത്.

ജെമീഷിനുള്ള ഫെയ്‌സ് ഓഫ് പുതുമനശ്ശേരിയുടെ പുരസ്‌കാരം ഉമ്മ ഏറ്റുവാങ്ങുന്നു

ചിത്രരചന ഔപചാരികമായി പഠിക്കാനായില്ലെങ്കിലും കൂട്ടുകാരില്‍ നിന്നും ഓണ്‍ലൈനായുമൊക്കെ കഴിയാവുന്നത്ര പഠിച്ചെടുത്തു. സൈന്‍ ബോര്‍ഡുകളും ചുവരെഴുത്തുമൊക്കെ തൊഴിലായി സ്വീകരിച്ച നാളുകളില്‍ പ്രായോഗികമായ കുറേ പാഠങ്ങള്‍ പഠിച്ചു. കംപ്യൂട്ടര്‍ ഗ്രാഫിക്സുകള്‍ പ്രചാരം വന്നതോടെ ശ്രദ്ധ അങ്ങോട്ട് മാറ്റുകയും ഡിസൈനിംഗ് പഠിച്ചെടുക്കുകയും ചെയ്തു. സ്വന്തമായൊരു ഡിസൈനിംഗ് ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഖത്തറിലേക്ക് ജോലി തരപ്പെട്ടത്. ഖത്തറിലെ പ്രമുഖ ജ്വല്ലറിയായ അല്‍ മുഫ്ത ജ്വല്ലറിയില്‍ ഡിസൈനറായി ജോലി ചെയ്യുന്ന അദ്ദേഹം ഒഴിവ് സമയങ്ങള്‍ ധന്യമാക്കുന്നത് ചിത്രങ്ങള്‍ വരച്ചും സംഗീതസപര്യയില്‍ മുഴുകിയുമാണ്.

അല്‍ മുഫ്ത ജ്വല്ലറി മാനേജര്‍ ഹുസൈന്‍ മുഹമ്മദ്. യു

കുറേ പാട്ടുകളെഴുതിയും സംഗീതം നല്‍കിയും ചിലതൊക്കെ പാടിയും മനസിന്റെ സംഘര്‍ഷങ്ങളെ ലഘൂകരിക്കുന്ന ജെമീഷ്‌ കൂട്ടുകാരുടേയും നാട്ടുകാരുടേയും പിന്തുണയും പ്രോല്‍സാഹനവുമാണ് തന്റെ കലാജീവിതം മനോഹരമാക്കുന്നതെന്നാണ് കരുതുന്നത്. ജിജോയ് ജോര്‍ജ്, മുരളി മാധവന്‍, കോളിന്‍ തോമസ്, ഹാറൂണ്‍ തയ്യില്‍, കെ.സി. ആരിഫ്, ഷാജഹാന്‍ ഫൈറൂസി, ഗായികമാരായ ബീന, ജലജ നന്ദകുമാര്‍, റഷീദ് പാലയൂര്‍, ഹബീബ് റഹ്‌മാന്‍, അഷ്‌റഫ് പുളിക്കല്‍ എന്നിവരൊക്കെ തന്റെ സംഗീത യാത്രയുടെ ശക്തിസ്രോതസ്സുകളാണ്. അല്‍ മുഫ്ത ജ്വല്ലറി കുടുംബവും, ജന്മനാട്ടിലെ കൂട്ടായ്മയായ ഫെയ്‌സ് ഓഫ് പുതുമനശ്ശേരിയും തന്റെ സംഗീത യാത്രയും കലാജീവിതവും ധന്യമാക്കുന്നുവെന്നത് കൃതജ്ഞയതോടെ ഓര്‍ക്കുന്നു. ചാവക്കാട് സിംഗേര്‍സ് എന്ന വാട്സ് അപ്പ് കൂട്ടായ്മയാണ് ഈ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ചാലക ശക്തി. നിരവധി ഗായകരെ കണ്ടെത്താനും വളര്‍ത്താനും കാരണമായ ഈ കൂട്ടായ്മ അഡ്മിന്‍ ബഷീര്‍ കുറുപ്പത്തിന്റെ നേതൃത്വത്തില്‍ വളരെ വലിയ സാമൂഹ്യഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നത്.

ചിത്രരചനയില്‍ എല്ലാ മീഡിയവും ഒരു പോലെ വഴങ്ങുന്ന ജെമീഷ്‌ നല്ല ഭാവനാവിലാസമുള്ള കലാകാരനാണ്. താന്‍ ജനിച്ചു വീണ കൊച്ചുകുടിലും അറിവിന്റെ ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടവുമൊക്കെ ഈ അനുഗ്രഹീത കലാകാരന്റെ തൂലികയില്‍ വിരിയുമ്പോള്‍ ആ ഭാവനാവിലാസം നമ്മെ അല്‍ഭുതപ്പെടുത്തും. വാട്ടര്‍ കളര്‍, പെന്‍സില്‍ , അക്രലിക്, ഓയില്‍ എന്നിവയിലൊക്കെ ചിത്രം വരക്കുന്ന ജെമീഷ്‌ ഇപ്പോള്‍ കൂടുതലും ഡിജിറ്റല്‍ പെയിന്റിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പോര്‍ട്രെയിറ്റിലും ലാന്‍ഡ്സ്‌കേപ്പിലുമൊക്കെ താല്‍പര്യമമുളള്ള അദ്ദേഹം മനോഹരമായ നിരവധി ദൃശ്യങ്ങളാണ് കാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത് .

സംഗീതം എന്നും ജെമീഷ്‌ന് ഹരമായിരുന്നു. പാട്ടു പാടാനും കേള്‍ക്കാനും ലഭിക്കുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. ഖത്തറിലെത്തിയ ശേഷം ജോലി സംബന്ധമായ പരിമിതികള്‍ക്കിടയിലും ലഭ്യമായ ഇടവെളകളില്‍ പാടാനും സംഗീതപ്രവര്‍ത്തനങ്ങള്‍ തുടരാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

അല്‍ മുഫ്ത ജ്വല്ലറി മാനേജര്‍ ഹുസൈന്‍ മുഹമ്മദിന്റെ നാടായ കാളാവിനെക്കുറിച്ച് ജെമീഷ്‌ രചനയും സംഗീതവും നല്‍കിയ ഗാനം ഉടന്‍ പുറത്തിറങ്ങും. എം.എ. യുസുഫലിയെക്കുറിച്ച അനില്‍ ചേറായ് എഴുതി ജെമീഷ്‌ ഈണം പകര്‍ന്ന് കണ്ണൂര്‍ ഷരീഫ് പാടുന്ന ഗാനവും താമസിയാതെ സഹൃദയരിലെത്തും. അബിഫ്ലിക്സ് മീഡിയയുടെ ബാനറില്‍ ഹബീബുറഹ്‌മാനാണ് ഈ ആല്‍ബം നിര്‍മിക്കുന്നത്.
ജിജോയ് ജോര്‍ജ് എഴുതി റഷീദ് പാലയൂര്‍ പാടിയ കിളിപാടുന്നു എന്ന ഗാനത്തിന് സംഗീതം നല്‍കിയത് ജെമീ‌ഷാണ്. ചാവക്കാടിനെക്കകുറിച്ച ചുണകുട്ടികളുള്ളൊരു നാട് എന്ന മനോഹരഗാനം ഷാജഹാന്‍ ഫൈറൂസി മനോഹരമാക്കിയതും ജെമീഷിന്റെ സംഗീത സംവിധാനത്തിലായിരുന്നു. സ്വന്തം രചനയിലും സംഗീതത്തിലും ദോഹയിലെ പ്രശസ്ത ഗായകന്‍ സലിം പാവറട്ടി ആലപിച്ച ഒരു ഗാനവും പുറത്തിറക്കാനിരിക്കുന്നു.

സുമിയാണ് ജീവിത പങ്കാളി. റീം മകളും റീസ് മകനുമാണ്. മകളും ഭാര്യയും പാടുന്നവരാണ്. ജെമീ‌ഷിന്റെ കുടുംബത്തിനുള്ള സമര്‍പ്പണഗാനം രചനയും സംഗീതവും പൂര്‍ത്തിയായി കഴിഞ്ഞു. അവധിക്ക് നാട്ടില്‍പോകുമ്പോള്‍ ജെമീ‌ഷിനൊപ്പം മകളും ഭാര്യയും ചേര്‍ന്ന് പാടി സഹൃദയലോകത്തിന് സമ്മാനിക്കുന്ന വരികള്‍ പ്രവാസത്തിന്റെ നോവും നൊമ്പരങ്ങളുമുള്ള ഒരു കുടുംനാഥന്റെ വൈകാരിക തലങ്ങളെ ഒപ്പിയെടുക്കുന്നതാണ്.

Related Articles

Back to top button
error: Content is protected !!