IM Special

മാലിദ്വീപിലെ സുന്ദരകാഴ്ചകള്‍

സുഹര്‍ബാന്‍ ഷറഫ്

മാലിയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് ഇളം പച്ച നിറമുള്ള മനോഹരമായ കടലിന്റെ ചിത്രമാണ്. മറ്റു പല വിദേശരാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അനുഗ്രഹം കിട്ടിയിട്ടുള്ള എനിക്ക് മാലി സന്ദര്‍ശനം ഒരു സ്വപ്നമായിരുന്നു. ചെറിയ ചെറിയ ദ്വീപുകള്‍ കോര്‍ത്തിണക്കിയ സുന്ദരിയായ രാജ്യമാണ് മാലി. പ്രകൃതി തന്നെ സൗന്ദര്യം കനിഞ്ഞു നല്‍കിയ ദ്വീപുകള്‍.

വ്യവസായപ്രമുഖനും, അനുഗ്രഹീതനുമായ വ്യക്തിയാണ് ഗള്‍ഫാര്‍ മുഹമ്മദലി എന്നറിയപ്പെടുന്ന ഡോക്ടര്‍ പി മുഹമ്മദലി. അര്‍പ്പണബോധവും കഠിനാധ്വാനവും ലാളിത്യവും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് മാറ്റു കൂട്ടുന്നു. സ്നേഹത്തോടെയും ബഹുമാനത്തോടെയും ഞങ്ങള്‍ മുഹമ്മദാലിക്ക എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ഞങ്ങള്‍ക്ക് മാലിയില്‍ പോകാനുള്ള ഭാഗ്യം ലഭിച്ചത്. ലോകവിനോദസഞ്ചാരികളുടെ പറുദീസയായ മാലിയില്‍ അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യമുള്ള 400 ഏക്കറോളം വരുന്ന ലഗൂണിലെ നാല്‍പത് ഏക്കര്‍ വിസ്തൃതിയുള്ള ദ്വീപില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന റിസോര്‍ട്ടിലേക്കാണ് ഞങ്ങള്‍ ക്ഷണിക്കപ്പെട്ടത്. റിസോര്‍ട്ടിന് ‘കുട വില്ലിങ്ങിലി’ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. എല്ലാ ആധുനിക സുഖസൗകര്യങ്ങളുമുള്ള വളരെ ഭംഗിയായി നിര്‍മിച്ച സുഖവാസകേന്ദ്രമാണ് ‘കുട വില്ലിങ്ങിലി’.

മുഹമ്മദാലിക്കയുടെ സഹപാഠിയായ അക്ബര്‍, ഭാര്യ ഫൗസിയ, അടുത്ത സുഹൃത്തുക്കളായ ടീജാന്‍ അമീര്‍ ബാബു, ഭാര്യ അനിത, സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് ഉടമ കെ.വി.അബ്ദുല്‍ അസീസ്, ഭാര്യ കുഞ്ഞീവി, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സി.എച്ച്. അബ്ദുല്‍ റഹീം, ഭാര്യ സുബൈദ, എന്റെ ഭര്‍ത്താവ് എന്‍.എം. ഷറഫുദ്ദീനും (ഒമേഗ) ഞാനുമാണ് ഈ സൗഭാഗ്യങ്ങള്‍ അനുഭവിക്കാനുള്ള അനുഗ്രഹം കിട്ടിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നത്.

മാലി എയര്‍പോര്‍ട്ടിന്റെ എക്സിറ്റ് ഗേറ്റില്‍ തന്നെയുള്ള സീപോര്‍ട് ജെട്ടിയില്‍ നിന്ന് അര മണിക്കൂര്‍ സ്പീഡ് ബോട്ടില്‍ യാത്ര ചെയ്താല്‍ അവിടെയെത്തിച്ചേരാം. തിരമാലകള്‍ക്ക് മുകളിലൂടെ വളരെ വേഗത്തില്‍ പായുന്ന ബോട്ട് യാത്ര രസകരവും അല്‍പം ഭയപെടുത്തുന്നതുമാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തിരക്കും ബഹളവും വാഹനങ്ങളുടെ പുകയും ഒന്നുമില്ലാത്ത, കരയിലെ വാഹനങ്ങള്‍ കാണാന്‍ പോലും കഴിയാത്ത വേറിട്ട ഒരനുഭവമാണ് നമുക്ക് ലഭിക്കുന്നത്.

മുഹമ്മദാലിക്കയുടെ സ്നേഹോഷ്മളമായ സ്വീകരണമായിരുന്നു ഞങ്ങള്‍ക്ക് അവിടെ കിട്ടിയ സന്തോഷങ്ങളുടെ തുടക്കം. മൂന്ന് ദിവസങ്ങള്‍ ഉത്തരവാദിത്വങ്ങളുടെ പിരിമുറുക്കങ്ങളില്ലാതെ ഓരോ നിമിഷവും ആസ്വദിച്ച് എല്ലാം മറന്ന് ഞങ്ങളോരോരുത്തരും അവിടെ ചിലവഴിച്ചു. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും മാത്രമല്ല കോവിഡിനെ പോലും മറന്ന ദിവസങ്ങള്‍. അവിടെ കഴിഞ്ഞ ഈ ദിവസങ്ങള്‍ ഞങ്ങളുടെ കുടുംബസൗഹൃദ ബന്ധങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മാറ്റു കൂട്ടിയ അപൂര്‍വ ഭാഗ്യ സന്ദര്‍ഭങ്ങളായിരുന്നു.

നമുക്ക് പരിചയമുള്ള ശക്തമായ തിരമാലകള്‍ക്ക് വിപരീതമായി, തീരത്തെ ശാന്തമായി തഴുകുന്ന തിരകളാണ് അവിടത്തെ പ്രത്യേകത. അത് കൊണ്ട് തന്നെ ഭയലേശമില്ലാതെ കടലിലിറങ്ങുവാനും സാധിക്കും. സ്ഫടികസമാനമായ വെള്ളത്തിലൂടെ ചെറിയ സ്രാവുകളും തിരണ്ടികളും മറ്റു മല്‍സ്യങ്ങളുമൊക്കെ നീങ്ങുന്നത് അത്ഭുതകരമായ കാഴ്ചകള്‍ തന്നെയാണ്. പല വര്‍ണങ്ങളിലും വലിപ്പത്തിലും രൂപത്തിലുമുള്ള ജീവനുള്ള കക്കകളും ചിപ്പികളും ശംഖുകളും വിവിധ തരത്തിലുള്ള ഞണ്ടുകളുമൊക്കെ ആസ്വാദ്യകരമായ അനുഭങ്ങളാണ്. ദ്വീപിനു ചുറ്റുമുള്ള തീരങ്ങളില്‍ മുഴുനീളെ ഈ കാഴ്ചകള്‍ കാണാം. തൂവെള്ളനിറമുള്ള പഞ്ചാര മണലാണ് ദ്വീപിനെ അലങ്കരിക്കുന്നത്.

വേലിയിറക്കത്തില്‍ വെള്ളത്തിലൂടെ നടന്നു ചെന്ന് കാണാവുന്ന ദൂരത്തില്‍ കോറല്‍ കൃഷിയും റിസോര്‍ട്ടിനോട് അനുബന്ധിച്ച് ഇവിടെയുണ്ട്.
കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളിലും വിസ്മയിപ്പിക്കുന്ന ആകൃതിയിലുമുള്ള മത്സ്യങ്ങളും മറ്റു കടല്‍ജീവികളും കോറലുകള്‍ക്ക് ചുറ്റും എപ്പോളുമുണ്ടാകും. വിശാലമായ വിവിധതരം പവിഴപുറ്റുകള്‍ക്കും അതുമായി ബന്ധപ്പെട്ട കായികവിനോദങ്ങള്‍ക്കും പ്രശസ്തമാണ് മാലി.

പല ഡിസൈനിലും സൗകര്യങ്ങളിലുമുള്ള താമസസംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുമുള്ളത്. വാട്ടര്‍ വില്ലകള്‍ എന്ന പേരില്‍ കടലില്‍ പണി കഴിച്ചിട്ടുള്ള ഉയര്‍ന്ന നിലവാരമുള്ള വില്ലകള്‍ അത്യാകര്‍ഷകമാണ്. കരയില്‍ നിന്നുള്ള ദീര്‍ഘമായ വലിയ മരപ്പാലത്തില്‍ നിന്ന് ഓരോ വില്ലയിലേക്കും ചെറിയ പാലങ്ങള്‍ വഴി തന്നെയാണ് അവിടേക്ക് എത്തുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളുള്ളതും വിശാലവുമായ വില്ലകള്‍ പ്രകൃതിയോടിണങ്ങുന്നതുമാണ്. വിശാലമായ ബാല്‍ക്കണിയില്‍ നിന്ന് കടലിലേക്കിറങ്ങുവാനുള്ള പടികളുമുണ്ട്.ചില വില്ലകളില്‍ ബാല്‍ക്കണിയില്‍ തന്നെ ഒരുക്കിയ സ്വിമ്മിങ് പൂളുകള്‍ കൂടുതല്‍ സ്വകാര്യത നല്‍കുന്നു. കൂടാതെ കടലിലേക്കഭിമുഖമായി പണി കഴിച്ചിട്ടുള്ള കോട്ടേജുകളും ഇവിടെയുണ്ട്. കുടുംബമായി താമസിക്കാന്‍ വരുന്ന സഞ്ചാരികള്‍ക്ക് നാലു മുറികള്‍ ഒരുമിച്ചുള്ള സൗകര്യവുമുണ്ട്. കോട്ടേജുകളില്‍ നിന്ന് കടല്‍ത്തീരത്തേക്കാണ് നേരെ ഇറങ്ങുന്നത്. കിടന്നു കൊണ്ട് തന്നെ കടലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഓരോ മുറികളും നിര്‍മിച്ചിട്ടുള്ളത്. 99 കോട്ടേജുകളാണ് ഇവിടെ ഇപ്പോള്‍ പണി പൂര്‍ത്തിയായിട്ടുള്ളത്.

ദ്വീപിലെ മുഴുവന്‍ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാന്‍ മതിയായ വലിയ ഡീസല്‍ പവര്‍ പ്ലാന്റ്, കടല്‍ വെള്ളം കുടിവെള്ളമാക്കുന്ന ജല ശുദ്ധീകരണസംവിധാനം തുടങ്ങിയവ ഇവിടെ സദാ പ്രവര്‍ത്തനക്ഷമമാണ്. ഭീമന്‍ ടാങ്കുകളിലാണ് ഡീസലും വെള്ളവും സംഭരിച്ചു വെക്കുന്നത്. സ്പാ, ആയുര്‍വേദ ചികിത്സകള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ അനുബന്ധമായുള്ള ചെറിയ ഒരു ദ്വീപിലാണ്. അവിടേക്കും പ്രത്യേക പാലം വഴി തന്നെയാണ് പോകുന്നത്. തെളിഞ്ഞ ഇളം പച്ച നിറമുള്ള വെള്ളത്തില്‍ പല വിധം ജലജീവികളുടെ ചലനങ്ങള്‍ ആസ്വദിച്ച് പാലത്തിലൂടെയുള്ള നടപ്പും സന്തോഷജനകമാണ്.

ദ്വീപില്‍ വിവിധ തരത്തിലുള്ള ഭംഗിയുള്ള ചെടികളും ധാരാളം മരങ്ങളും ആയിരത്തോളം തെങ്ങുകളും വച്ച് പിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നും നാട്ടില്‍ നിന്നും കപ്പല്‍ മാര്‍ഗമാണ് തെങ്ങുകള്‍ മാലിയിലെത്തിച്ചത്. വലിയ വിശാലമായ മെയിന്‍ റെസ്റ്റോറന്റും സ്വിമ്മിങ് പൂളിന് സമീപമായി നാല് സ്പെഷ്യാലിറ്റി റെസ്റ്റോറന്റുകളുമുണ്ട്. മാലിയിലെ ഏറ്റവും വലിയ സ്വിമ്മിങ് പൂള്‍ ഈ റിസോര്‍ട്ടിലാണെന്നത് വളരെ അഭിമാനകരമാണ്. ജക്കൂസ്സിയടക്കമുള്ള നൂതനസംവിധാനങ്ങള്‍ ഈ നീന്തല്‍കുളത്തിന് മാറ്റു കൂട്ടുന്നു. ചുറ്റുമുള്ള നടപ്പാതയും ഭംഗിയുള്ള പൂത്തോട്ടവും ഫൗണ്ടനും പുല്‍ത്തകിടിയുമെല്ലാം പൂളിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.

ദൂരെ കടലിലേക്ക് നോക്കിയാല്‍ കടും നീലനിറവും ഇളം പച്ച നിറവും നേര്‍വരയിട്ടു തിരിച്ചത് പോലെയാണ് കാണപ്പെടുന്നത്. ആ മനോഹാരിത ആസ്വദിച്ചു നില്‍ക്കുമ്പോള്‍ സമയം കടന്ന് പോകുന്നത് പോലും നാം അറിയില്ല. ഒരു സ്ഥലത്തു നിന്ന് കൊണ്ട് തന്നെ സൂര്യോദയവും അസ്തമയവും കാണാനും ഭംഗി ആസ്വദിക്കുവാനും കഴിയുന്നു. ലോകത്തിലെ തന്നെ പ്രശസ്തമായ ‘സര്‍ഫിങ്’ കേന്ദ്രവും ഈ ദ്വീപിന്റെ സമീപത്താണ്.

സേവനതല്‍പരരായ ഒരു കൂട്ടം ജീവനക്കാരുടെ സഹകരണവും പ്രശംസനീയമാണ്. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള താമസസൗകര്യങ്ങള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ആവശ്യമുള്ള എല്ലാ സൗകര്യങ്ങളുമുള്ളവയാണ്. അവരുടെ ഭക്ഷണത്തിനും വിനോദത്തിനുമായി കിടയറ്റ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

എല്ലാത്തിനുമുപരിയായി മുഹമ്മദാലിക്കയുടെ ആതിഥ്യമര്യാദയും ഓരോ അതിഥിയോടുമുള്ള അദ്ധേഹത്തിന്റെ ശ്രദ്ധയും, തിരക്കിനിടയിലും എല്ലാവരുടെയും സുഖവിവരങ്ങള്‍ അന്വേഷിക്കുന്ന വലിയ മനസ്സും ഉത്തമമാതൃകയും അനുകരിക്കപ്പെടേണ്ട സ്വഭാവ വിശേഷവുമാണ്. ഞങ്ങള്‍ എത്തിയതിന്റെ നാലാമത്തെ ദിവസം രാവിലെ മുഹമ്മദലിക്കയുടെ സ്നേഹപൂര്‍ണ്ണവും ഹൃദ്യവുമായ യാത്രയയപ്പോടു കൂടി വിഷമത്തോടെ സുന്ദരിയായ മാലിയോട് വിട പറഞ്ഞു. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അമൂല്യമായ അനുഭവമാണ് ‘കുട വില്ലിങ്ങിലി’ റിസോര്‍ട്ടും മുഹമ്മദാലിക്കയും ഞങ്ങള്‍ക്ക് സമ്മാനിച്ചത്.

Related Articles

Back to top button
error: Content is protected !!