IM Special

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ (8)

ദുബൈയില്‍ നിന്നും പഠിക്കേണ്ടതും പഠിക്കരുതാത്തതും

ഡോ. അമാനുല്ല വടക്കാങ്ങര

ദുബൈ ഒരു സര്‍വകലാശാലയാണ് . ഇവിടെ നിന്നും പ്രായോഗികമായ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനും പകര്‍ത്താനുമുണ്ട്. ചില കാര്യങ്ങളൊക്കെ എങ്ങനെയാകണമെന്നും വേറെ ചില കാര്യങ്ങള്‍ എങ്ങനെയാവരുതെന്നും ഈ നഗരം പറഞ്ഞു തരും. നല്ല കാര്യങ്ങള്‍ പകര്‍ത്തിയും നല്ലതല്ലെന്ന് തോന്നുന്നവ നിരാകരിച്ചുമാണ് ക്രിയാത്മകമായ മുന്നേറ്റം അടയാളപ്പെടുത്തേണ്ടത്. അനുകരണീയമായവ എവിടെ കണ്ടാലും സ്വീകരിക്കുകയും അനുകരണീയമല്ലാത്തവയയെ നിരാകരിക്കുകയും ചെയയ്യുവാന്‍ നാം ശീലിക്കുവാന്‍ ജീവിതവിജയത്തിലേക്കുള്ള നമ്മുടെ പാത അനായാസമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

നടന്നാലേ കാര്യങ്ങള്‍ നടക്കൂ

ദുബൈയില്‍ നിന്നും നാം പഠിക്കേണ്ട പ്രധാന പാഠം ചടുലതയാണെന്ന് തോന്നുന്നു. ഇവിടെ അലസമായി ചടഞ്ഞിരിക്കുവാന്‍ ആര്‍ക്കും നേരമില്ല. എല്ലാവരും ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. പബ്‌ളിക് ബസിലും മെട്രോയിലും കാല്‍നടയായുമൊക്കെ ജോലി സ്ഥലത്തും തിരിച്ചുമെത്തുന്നവരാണ് അധികവും. അര കിലോ മീറ്ററോ ഒരു കിലോ മീറ്ററോ നടക്കുന്നതിന് മടിയില്ലാത്തവരാണ് ദുബൈയില്‍ കണ്ടത്. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് നടത്തം ഏറെ ഗുണകരമാണെന്ന് നമുക്കൊക്കെ അറിയാമെങ്കിലും ഇത് പ്രായോഗികമാക്കുന്നതില്‍ നാം വേണ്ടത്ര ശ്രദ്ധിക്കാറില്ല. എന്നാല്‍ നടക്കാന്‍ തയ്യാറല്ലെങ്കില്‍ ഒന്നും നടക്കില്ല എന്നതാണ് ദുബൈയിലെ അവസ്ഥ. അതുകൊണ്ട് തന്നെ നിര്‍ബന്ധിതമായാണെങ്കിലും പലരും നിത്യവും നടക്കുന്നു. ഇത് സൃഷിടിക്കുന്ന ക്രിയാത്മക പരിസരം ഒട്ടേറെ ഗുണങ്ങള്‍ നല്‍കും.

ട്രാഫിക് നിയമങ്ങളോടുള്ള പ്രതിബദ്ധത

താരതമ്യേന തിരക്കുള്ള നഗരമാണ് ദുബൈ. റോഡുകളെ വീര്‍പ്പുമുട്ടിക്കുന്നത്രയും വാഹനങ്ങളാണ് ദുബൈ നിരത്തുകളിലൂടെ ഓരോ മണിക്കൂറുകളിലും ഒഴുകുന്നത്. ദുബൈയിലെ ജനങ്ങള്‍ പൊതുവേ ട്രാഫിക് നിയമങ്ങളോട് പ്രതിബദ്ധതയുള്ളവരാണ്. സീബ്ര ക്രോസിംഗിലൂടെ മാത്രമാണ് ഭൂരിഭാഗം പേരും റോഡ് മുറിച്ചു കടക്കുന്നത്. സീബ്ര ക്രോസിംഗില്‍ കാല്‍ നടക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കുന്നു. യാത്രക്കാരും വാഹനമോടിക്കുന്നവരും നിയമങ്ങള്‍ പാലിക്കുമ്പോഴാണ് മികച്ച ട്രാഫിക് സംസ്‌കാരമുണ്ടാകുന്നതെന്ന് പറയേണ്ടതില്ലല്ലോ.

പൊതു സ്ഥലങ്ങളിലെ പുകവലി

പൊതു സ്ഥലങ്ങളിലെ പുകവലി ഒരു വലിയ സാമൂഹ്യ പ്രശ്‌നമാണ്. പൊതുനിരത്തുകളിലും ജനങ്ങള്‍ കൂടുന്ന ഇടങ്ങളിലും ഏതാനുമാളുകള്‍ പുകവലിക്കുന്നത് നിരപരാധികളായ മറ്റുള്ളവരെ കൂടി ബാധിക്കും. ദുബൈയില്‍ ഇത്തരം ശല്യം വളരെ കുറവാണ്. പൊതു സ്ഥലങ്ങളില്‍ പുകവലി തീരെയില്ലെന്ന് പറയാം. പുകവലിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ റൂമുകളോ ഹാളുകളോ ഉള്ളതിനാല്‍ സെക്കന്റ് ഹാന്‍ഡ് സ്‌മോക്കിന്റെ ശല്യത്തില്‍ നിന്നും പൊതുജനങ്ങള്‍ക്ക് രക്ഷപ്പെടാം.

പരിസ്ഥിതി സൗഹൃദം

ദുബൈയിലെ മിക്ക ലോകോത്തര വികസന പദ്ധതികളും നടപ്പാക്കിയിരിക്കുന്നത് പരിസ്ഥിതി സൗഹൃദമായാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് സഹായകമായ പാര്‍ക്കുകളും തോട്ടങ്ങളുമൊക്കെ ഈ നഗരത്തെ സവിശേഷമാക്കുന്നു. വൈകുന്നേരങ്ങളില്‍ കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം ഗുണനിലവാരമുള്ള സമയം ചിലവഴിക്കുവാനും ആരോഗ്യം സംരക്ഷിക്കുവാനുമൊക്കെ സഹായകമായ ഇത്തരം സംവിധാനങ്ങള്‍ രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യവും സംരക്ഷിക്കുന്നതാണ്. സുസ്ഥിര വികസന നയരേഖകള്‍ കടലാസുകളില്‍ അവശേഷിപ്പിക്കാതെ പ്രായോഗികമായി നടപ്പാക്കണമെന്ന പാഠമാണ് ദുബൈ അടയാളപ്പെടുത്തുന്നത്.

തൊഴിലിന്റെ മഹത്വം

മാന്യമായ എല്ലാ തൊഴിലിനും മഹത്വമുണ്ടെന്ന് പഠിപ്പിക്കുന്ന ദുബൈ തൊഴില്‍ ചെയ്യുവാനും പ്രോല്‍സാഹനങ്ങള്‍ നല്‍കുന്നു. മറ്റുള്ളവരെ ആശ്രയിക്കാതെ അന്തസോടെ സ്വന്തം കാലില്‍ നില്‍ക്കാവുന്ന തൊഴിലവസരങ്ങളും സാധ്യതകളും ഇവിടെയുണ്ട്. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നിരന്തരമായ ബോധവല്‍ക്കരണ പരിപാടികളും കാമ്പയിനുകളും ഇവിടെ കാണാം. യാചന നിയമം മൂലം നിരോധിച്ച ഈ രാജ്യം എല്ലാവരും അദ്ധ്വാനിച്ച് കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്.

മദ്യവും മദിരാക്ഷിയും

മദ്യവും മദിരാക്ഷിയുമാണ് ദുബൈ നഗരത്തിന്റെ ശാപമെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ധാര്‍മിക സദാചാര സാംസ്‌കാരിക മൂല്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മസാജ് സേവനങ്ങളുടെ കാര്‍ഡുകള്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമാണ്. ലോകത്തെവിടെയും കാണാത്തത്ര വൃത്തികെട്ട രീതിയിലാണ് ഈ കാര്‍ഡുകള്‍ വിതറപ്പെടുന്നത്. കുട്ടികളും കുടുംബങ്ങളുമൊക്കെ നടന്നുപോകുന്ന നഗരവീഥികളിലും മാര്‍ക്കറ്റുകളിലുമൊക്കെ കാണുന്ന ഇത്തരം കാര്‍ഡുകള്‍ ഉയര്‍ത്തുന്ന സാംസ്‌കാരിക വെല്ലുവിളി ചെറുതല്ല.

സാര്‍വത്രികമായ ഡാന്‍സ് ബാറുകളും മദ്യവും മദിരാക്ഷിയും പലരുടേയും ജീവിതതാളം നശിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സന്ധ്യയോടെയാരംഭിക്കുന്ന പാട്ടും കൂത്തും അവസാനിക്കുമ്പോള്‍ നേരം രണ്ട് മണി കഴിയും. നിത്യവും തുടരുന്ന ഈ സംവിധാനം എത്രയോ പേരെ തൊഴിലിലും ജീവിതത്തിലും തളര്‍ത്തുന്നു. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമാണ് പലരേയും വഴിപിഴപ്പിക്കുന്നത്.

നേരത്തെ സൂചിപ്പിച്ച കാര്യങ്ങളൊക്കെ അനുകരണീയമാവയാണെങ്കില്‍ ഒരു രാജ്യവും സമൂഹവും എങ്ങനെയാവരുതെന്നാണ് ദുബൈയിലെ ഡാന്‍സ് ബാറുകളും മസാജ് കേന്ദ്രങ്ങളും നമ്മോട് പറയുക. ആരും ആരേയും ഒന്നിനും നിര്‍ബന്ധിക്കുന്നില്ലെന്നും ഓരോരുത്തരുടേയും വ്യക്തിപരമായ സ്വാതന്ത്ര്യമനുസരിച്ച് ജീവിക്കാമെന്ന് ന്യായീകരിക്കാമെങ്കിലും മാനുഷികവും ധാര്‍മികവുമായ ചില നിയന്ത്രണങ്ങളൊക്കെയല്ലേ ജീവിതത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുള്ള പരിസരമൊരുക്കുകയെന്ന ചിന്ത ഏറെ പ്രസക്തമാണെന്നു തോന്നുന്നു.

കണ്ണു തുറന്ന് ലോകം കാണുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യുമ്പോള്‍ യാത്ര പോലും ജീവിതം കരുപ്പിടിപ്പിക്കുന്ന ഒരു സര്‍ഗപ്രവര്‍ത്തിയായി മാറും. അറിവും തിരിച്ചറിവും മാത്രമല്ല പ്രായോഗികമായ നിര്‍ദേശങ്ങളും സൂചനകളുമൊക്കെ യാത്രയെ ധന്യമാക്കുമെന്നതാണ് യാഥാര്‍ഥ്യം.

(അവസാനിച്ചു)

Related Articles

Back to top button
error: Content is protected !!