മിലിപ്പോള്‍ ഖത്തറിന് ഉജ്വല തുടക്കം, പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംസ്പോസിയം എന്ന കമ്പനിയുമായി സഹകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന പതിമൂന്നാമത് മിലിപ്പോള്‍ ഖത്തറിന് ദോഹ എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ ഉജ്വല തുടക്കം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയാണ് ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ രംഗത്തെ മധ്യപൂര്‍വ ദേശത്ത് നടക്കുന്ന സുപ്രധാന പ്രദര്‍ശനമായ മിലിപ്പോള്‍ ഖത്തര്‍ ഉദ്ഘാടനം ചെയ്തത്.
എക്‌സിബിഷന്‍ പവലിയനുകളെക്കുറിച്ചും അത്യാധുനിക ഉപകരണങ്ങളെയും സാങ്കേതികവിദ്യകളെയും കുറിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സംഘാടകര്‍ വിശദീകരിച്ചു. പൊതു സുരക്ഷ സംബന്ധിച്ച് വിശിഷ്യാ സ്റ്റേഡിയങ്ങളുടെയും കായിക ഇനങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും സംബന്ധിച്ചും പ്രത്യേകമായ പ്രസന്റേഷനുകള്‍ അദ്ദേഹം ശ്രദ്ധിച്ചു. സുരക്ഷ, സിവില്‍ ഡിഫന്‍സ് മേഖലയിലെ ഏറ്റവും പുതിയ ഉപകരണങ്ങളെക്കുറിച്ചുള്ള വിശദീകരണവും മന്ത്രി ശ്രദ്ധയോടെ കേട്ടത് സംഘാടകര്‍ക്ക് ആവേശമായി.
കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള കണിശമായ മുന്‍കരുതല്‍ നടപടികളോടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അതിഥികള്‍, എക്സിബിറ്റിംഗ് കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ സുരക്ഷാ മേഖലകളില്‍ പങ്കാളിത്തം സ്ഥാപിക്കുന്നതിനായി ഖത്തര്‍ സര്‍ക്കാരും ഫ്രഞ്ച് സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പിടുന്ന ചടങ്ങിനും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സാക്ഷിയായി.
ഖത്തറിന്റെ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ സുരക്ഷാ സമിതിയും ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ പൊതു ക്രമം, പ്രധാന കായിക ഇവന്റുകള്‍ സുരക്ഷാ മാനേജ്മെന്റ് എന്നിവ സംബന്ധിച്ച ഒരു പ്രോട്ടോക്കോള്‍ ഒപ്പിടലിനും മന്ത്രി സാക്ഷ്യം വഹിച്ചു.
മാര്‍ച്ച് 17 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 17 രാജ്യങ്ങളില്‍ നിന്നായി 71 വിദേശ കമ്പനികളും ഖത്തറില്‍ നിന്നുള്ള 72 കമ്പനികളും പങ്കെടുക്കുന്നുണ്ട്.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, യുകെ, യു.എസ് എന്നീ രാജ്യങ്ങളുടെതായി 5 അന്താരാഷ്ട്ര പവലിയനുകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമാണ്. കൂടാതെ അന്താരാഷ്ട്ര കമ്പനികളുടെ സ്വതന്ത്രമായ പവലിയനുകളും ഉണ്ട്.
ഖത്തറിന്റെ വിഷന്‍ 2030 അനുസരിച്ച എല്ലാ സുരക്ഷ ആവശ്യങ്ങളും പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കുന്ന സുപ്രധാനമായ എക്സിബിഷനാണ് മിലിപ്പോള്‍ ഖത്തര്‍. കോവിഡ് തുടങ്ങിയ ശേഷം നടക്കുന്ന ആദ്യ പ്രദര്‍ശനം എന്നതും മിലിപ്പോള്‍ പതിമൂന്നാമത് എഡിഷന്റെ പ്രത്യേകതയാണ്.
മൂന്ന് സെമിനാറുകളാണ് മിലിപ്പോള്‍ ഖത്തറിന്റെ മറ്റൊരു സവിശേഷഷത. സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ഭീഷണികള്‍, വലിയ ഈവന്റുകളുടെ സുരക്ഷ തുടങ്ങിയവയെ കേന്ദ്രീകരിച്ച് നടക്കുന്ന സെമിനാറില്‍ വിദഗ്ധര്‍ പങ്കെടുക്കും.