IM Special

മുഹമ്മദ് ത്വയ്യിബ്, ഖത്തറിലെ ജൂനിയര്‍ റഫി

ഡോ. അമാനുല്ല വടക്കാങ്ങര

അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ പാട്ടുകള്‍ പാടിയും റഫി കി യാദേന്‍ എന്ന റഫി അനുസ്മരണ പരിപാടികള്‍ വര്‍ഷം തോറും സംഘടിപ്പിച്ചും ഖത്തറിലെ ജൂനിയര്‍ റഫി എന്നറിയപ്പെടുന്ന ഗായകനാണ് മുഹമ്മദ്് ത്വയ്യിബ്. റഫിയുടെ രണ്ടായിരത്തിലധികം പാട്ടുകള്‍ പാടിയും പഠിച്ചുമാണ് ആ അനശ്വര ഗായകനോടുള്ള സ്‌നേഹാദരങ്ങള്‍ ത്വയ്യിബ് അടയാളപ്പെടുത്തുന്നത്.

ഒരു ഗായകന്‍ എന്നതിലുപരി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ചെറുതും വലുതുമായ നിരവധി സംഗീത പരിപാടികളുടെ സംഘാടകന്‍ എന്നത് ഖത്തറില്‍ ത്വയ്യിബിന് മാത്രം അവകാശപ്പെട്ടതാകും. വിവിധ ഭാഷകളിലായി നൂറിലധികം ഷോകളാണ് മലപ്പുറം ജില്ലയിലെ കട്ടുപ്പാറ സ്വദേശിയായ ഈ കലാകാരന്‍ ഇതിനകം സംഘടിപ്പിച്ചത്.

പ്രമുഖ പണ്ഡിതനും അറബി ഭാഷയിലെ നിമിഷ കവിയുമായ സെയ്താലി മൗലവിയുടേയും ഖദീജയുടേയും മകനായി ജനിച്ച ത്വയ്യിബ് വടക്കാങ്ങരയിലും ശാന്തപുരത്തുമാണ് പഠിച്ചത്. വീട്ടില്‍ എല്ലാവരും പാട്ടിനോട് ആഭിമുഖ്യമുളളവരായതിനാല്‍ ചെറുപ്പം മുതലേ പാട്ടുകള്‍ പാടുമായിരുന്നു. പാട്ട് പഠിക്കണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. നിരന്തരമായി പാട്ടുകള്‍ കേട്ടും പാടിയുമാണ് ത്വയ്യിബ് ഈ സങ്കടം തീര്‍ത്തത്.

പിതാവ് ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്നതിനാല്‍ വളരെ ചെറുപ്പത്തിലേ ദോഹയിലെത്തിയ ത്വയ്യിബ് അല്‍ ഹയ്കി ട്രാന്‍സ് ലേഷന്‍സ്, അല്‍ റഫ പബഌക് റിലേഷന്‍സ്, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തു.

പാട്ടുപാടി നടക്കാനും പരിപാടികള്‍ സംഘടിപ്പിക്കാനുമൊക്കെ കൂടുതല്‍ സൗകര്യം സ്വകാര്യ മേഖലയിലേക്ക് മാറുന്നതാണെന്ന് തിരിച്ചറിഞ്ഞ ത്വയ്യിബ് മെല്ലെ ദര്‍വീഷ് കംപ്യൂട്ടര്‍ കമ്മ്യൂണിക്കേഷന്‍സിലേക്ക് മാറി. ഇപ്പോള്‍ പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മി വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജറായാണ് ത്വയ്യിബ്് ജോലി ചെയ്യുന്നത്.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായകരിലൊരാളായ മുഹമ്മദ് റഫിയുടെ ഗാനങ്ങളോട് കമ്പം തോന്നിയത് തികച്ചും യാദൃശ്ചികമായാണെന്ന് ത്വയ്യിബ് പറയുന്നു. വടക്കാങ്ങര ടി.എസ്.എസില്‍ പഠിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ ഹോട്ടലില്‍ വെച്ചാണ് ആദ്യമായി റഫിയുടെ പാട്ടുകേള്‍ക്കാനിടയായത്. യേ ദുനിയ യേ മെഹ്ഫില്‍ എന്ന മനോഹരമായ ഗാനമായിരുന്നു അത്. റഫിയുടെ മാസ്മരിക ശബ്ദവും സംഗീതവും വല്ലാതെ ആകര്‍ഷിച്ചു. അന്ന് കാസറ്റുകളിലൂടെയാണ് പാട്ടുകള്‍ കേട്ടിരുന്നത്. തന്റെ കമ്പം തിരിച്ചറിഞ്ഞ ഒരു കൂട്ടുകാരന്‍ റഫിയുടെ പാട്ടുകളുടെ കാസറ്റ് സമ്മാനമായി നല്‍കിയതോടെ ആ പാട്ടുകള്‍ നിരന്തരമായി കേട്ട് പഠിച്ചു. റഫി സാഹിബിന്റെ ശബ്ദഭാവാനുകരണങ്ങളോടെ ത്വയ്യിബ് പാടാന്‍ തുടങ്ങിയപ്പോള്‍ വേഗം സ്വീകാര്യത ലഭിച്ചു.

ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ പഠിക്കുമ്പോള്‍ അവിടത്തെ ആസ്ഥാനഗായകനായിരുന്ന ഷരീഫ് കൊച്ചിനോടൊപ്പം വാര്‍ഷികാഘോഷ വേളകളിലൊക്കെ പാടാന്‍ അവസരം ലഭിച്ചു.

നാട്ടിലെ പ്രാദേശിക ഉല്‍സവങ്ങളിലും ത്വയ്യിബ് പാടിയിട്ടുണ്ട്. ത്വയ്യിബിന്റെ സഹോദരന്‍ അഷ്‌റഫ് അലിയും കൂട്ടുകാരും നടത്തിയിരുന്ന സംഗീത് ഓര്‍ക്കസ്ട്ര ത്വയ്യിബിലെ കലാകാരന് വളരാന്‍ അവസരം നല്‍കി.

മാപ്പിളപ്പാട്ടുകളോടും മാപ്പിള കലാകാരന്മാരോടും ഏറെ അടുപ്പമുള്ള ത്വയ്യിബ് നിരവധിമാപ്പിളപ്പാട്ടുകലാകാരന്മാരെ ഖത്തറില്‍ കൊണ്ടുവരികയും സംഗീതമേളകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മാപ്പിള ആല്‍ബങ്ങള്‍ തരംഗമായ സമയത്ത് പ്രിയമുള്ള ഫാസില എന്ന ആല്‍ബത്തില്‍ പാടി അഭിനയിച്ചും ത്വയ്യിബ് സഹൃദയ ലോകത്തിന്റെ കയ്യടി നേടി. ചില ഹിന്ദി, മലയാളം ആല്‍ബങ്ങളുടെ പണിപ്പുരയിലാണിപ്പോള്‍.

ഹിന്ദി പാട്ടുകള്‍, വിശിഷ്യ മുഹമ്മദ് റഫിയുടെ പാട്ടുകളോടാണ് ത്വയ്യിബിന് ആഭിമുഖ്യമെങ്കിലും പതിനാല് വ്യത്യസ്ത ഭാഷകളില്‍ പ്രൊഫഷണല്‍ മികവോടെ പാടുന്നുവെന്നതാണ് ത്വയ്യിബ് എന്ന കലാകാരനെ അടയാളപ്പെടുത്തുക. മലയാളം, തമിഴ്, കന്നട, പഞ്ചാബി, തെലുങ്കു, ഹിന്ദി, മറാത്തി, നേപ്പാളി, ഹരിയാന്‍വി, ബലൂഷി, പുഷ്തു, അറബി, ബോജ്പുരി, മൈഥിലി ഭാഷകളൊക്കെ അദ്ദേഹത്തിന് നന്നായി വഴങ്ങും.

ഏത് പാട്ട് പാടുമ്പോഴും ഗാനത്തില്‍ പൂര്‍ണമായും മുഴുകി ആ പാട്ടു പാടിയ യഥാര്‍ഥ ഗായകന്റെ വോയ്‌സ് ഫീല്‍ ചെയ്യുമെന്നതും ത്വയ്യിബിന്റെ പാട്ടുകളുടെ സവിശേഷതയാകാം.

ദോഹയില്‍ കുമാര്‍ സാനു, ശ്രയ ഘോഷാല്‍, അര്‍മാന്‍ മാലിക്, ഉദിത് നാരായണ്‍ തുടങ്ങി പ്രമുഖരുടെ വേദിയില്‍ പാടാന്‍ അവസരം ലഭിച്ച ത്വയ്യിബ് ഖത്തര്‍ ഗവര്‍മെന്റിന്റെ പല പരിപാടികളിലും പാടിയിട്ടുണ്ട്. 1995 ല്‍ രൂപീകരിച്ച ദോഹ വേവ്‌സിന്റെ ബാനറിലാണ് ത്വയ്യിബ് പരിപാടികള്‍ സംഘടിപ്പിക്കാറുളളത്.

നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളുമൊക്കെ ഈ കലാകാരനെ തേടിയെത്തിയെങ്കിലും ആരോടും അവസരം തേടി പോകാത്തതിനാലാവാം ചലചിത്ര പിന്നണിഗാന രംഗത്ത് ഈ ഗായകന്‍ എത്താതിരുന്നത്.

ഫാത്തിമ ബീഗമാണ് സഹധര്‍മിണി. ഫിദ, ഷിഫ, ഹന എന്നിവര്‍ മക്കളാണ്. മൂന്ന് മക്കളും നന്നായി പാടുമെന്നതും പാട്ടുകാരനായ ഒരു പിതാവിനുള്ള അംഗീകാരമാണ്.

Related Articles

Back to top button
error: Content is protected !!