IM Special

റെസ്‌റ്റോറന്റിന് മുന്നില്‍ പച്ചക്കറി കൃഷി ചെയ്ത് വ്യാപാരി

ഡോ. അമാനുല്ല വടക്കാങ്ങര ……………………………………………………………………………………………………………………………………………………….

ദോഹ. റെസ്‌റ്റോറന്റിന് മുന്നില്‍ പച്ചക്കറി കൃഷി ചെയ്ത് വ്യാപാരി ശ്രദ്ധേയനാകുന്നു. അബൂഹമൂറിലൈ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് മാനേജര്‍ വടകര വള്ളിയാട് അലിയാണ് തന്റെ ഹോട്ടലിന് മുന്നില്‍ പച്ചക്കറി കൃഷി ചെയ്ത് ശ്രദ്ധേയനാകുന്നത്.

സെന്‍ട്രല്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് മാര്‍ക്കറ്റ് സെയിലിയയിലേക്ക് മാറിയെങ്കിലും അലിയുടെ റസ്റ്റോറന്റില്‍ തിരക്കിന് ഒരു കുറവുമില്ല. വിവിധ ദേശക്കാരും ഭാഷക്കാരുമായ നിരവധി പേരാണ് നിത്യവും ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നത്.

കൃഷിയില്‍ തല്‍പരനായ അലി തന്റെ റസ്റ്റോറന്റിന് മുന്നില്‍ കൃഷി തുടങ്ങിയപ്പോള്‍ ഉപഭോക്താക്കള്‍ നിറഞ്ഞ മനസോടെയാണ് അത് സ്വീകരിച്ചത്. പലരും അതിന് മുന്നില്‍ നിന്നും ഫോട്ടോയെടുത്തു. ചിലരൊക്കെ അലിയോടൊപ്പം ഫോട്ടോ പിടിക്കാന്‍ താല്‍പര്യം കാണിച്ചു. വിദേശികള്‍ പോലും പലരും പച്ചപ്പിന്റെ മനോഹാരിത ആസ്വദിച്ചും അഭിനന്ദിച്ചും പ്രോല്‍സാഹനം നല്‍കിയപ്പേള്‍ അലിയുടെ കൃഷി കമ്പം കൂടുകയായിരുന്നു.

തിരക്ക് പിടിച്ച മാര്‍ക്കറ്റിന് മുന്നില്‍ പടര്‍ന്ന് നില്‍ക്കുന്ന പച്ചപ്പ് കുളിരേകുന്ന കാഴ്ചയാണ്. ഹരിത ഭംഗിയാസ്വദിക്കുന്ന തൊഴിലാളികളെ സ്വാഗതം ചെയ്തും ആവശ്യക്കാര്‍ക്ക്് പച്ചക്കറികള്‍ പറിച്ച് കൊടുത്തുമാണ് അവരുടെ സന്തോഷത്തോടൊപ്പം ചേര്‍ന്ന് അലി ജീവിതം മനോഹരമാക്കുന്നത്.

വെണ്ടക്ക, കയ്പക്ക, വഴുതനങ്ങ, ചെരങ്ങ തുടങ്ങിയവയൊക്കെ ഈ കൊച്ചു പച്ചക്കറി തോട്ടത്തില്‍ വിളഞ്ഞുനില്‍ക്കുന്നുണ്ട്. നടുവിലായി പൂത്തുനില്‍ക്കുന്ന ഒരു ചെറിയ മുരിങ്ങാമരവും. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുമായിവിരിഞ്ഞുനില്‍ക്കുന്ന ചില ചെടികളുമാകുമ്പോള്‍ തോട്ടത്തിന് ഭംഗിയേറുന്നു.

മനസ് വെച്ചാല്‍ എവിടേയും കൃഷിയിറക്കാമെന്നാണ് ഈ വ്യാപാരി പ്രായോഗികമായി തെളിയിക്കുന്നത്. കേവലമൊരു കച്ചവടക്കാരന്‍ എന്നതിനപ്പുറം സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ മമേഖലയിലുമൊക്കെ സജീവ സാന്നിധ്യമായ അലിയുടെ മാതൃകാപരമായ മറ്റൊരു പ്രവര്‍ത്തനമാണ് ഈ കൃഷി എന്നുവേണം കരുതാന്‍ .

കൃഷി അലിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്. നാട്ടിലും ചെടികളും പക്ഷികളുമൊക്കെ വളര്‍ത്തുന്നതില്‍ അലിയും മക്കളും ശ്രദ്ധിക്കാറുണ്ട്.

കൃഷിയെ വേണ്ട രൂപത്തില്‍ പരിചരിച്ചാല്‍ എവിടേയും നല്ല വിളവ് ലഭിക്കും. മക്കളെ താലോലിക്കുന്നതുപോലെ ചെടികളേയും താലോലിക്കണം. അവക്ക് വെളളവും വളവും നല്‍കിയും ശാരീരിക സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കുകയും ചെയ്യുമ്പോള്‍ മനസിനും ശരീരത്തിനും കുളിരുപകരുന്ന പച്ചപ്പ് വളര്‍ന്നു പന്തലിക്കുമെന്നാണ് അലി പറയുന്നത്.

Related Articles

Back to top button
error: Content is protected !!