IM Special

യാത്രകളുടെ വൈവിധ്യം തേടി സാബിത് പാമ്പാടി

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ആംബുലന്‍സ് സൂപ്പര്‍വൈസര്‍ സാബിത് പാമ്പാടി യാത്രകളുടെ തോഴനാണ്. വൈവിധ്യമാര്‍ന്ന യാത്രകളിലൂടെ ജീവിതം ഹൃദ്യമാക്കുന്ന ഈ ചെറുപ്പക്കാരന്‍ യാത്രയയില്‍ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും പങ്കുവെച്ചും യാത്രയുടെ സാമൂഹ്യ പ്രാധാന്യം അടയാളപ്പെടുത്തുന്നുണ്ട്. മനുഷ്യ നാഗരിക ചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലായ യാത്ര അറിവിന്റേയും തിരിച്ചറിവിന്റേയും പുതിയ വാതായനങ്ങളാണ് നമുക്ക് മുന്നില്‍ തുറന്ന് വെക്കുന്നത്. മനുഷ്യരേയും പ്രകൃതിയേയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളേയുമൊക്കെ മനസിലാക്കാനും അടുത്തറിയാനുമുള്ള ശ്രമങ്ങളും യാത്രയുടെ ഭാഗമാണ്. കൗതുകവും പുതുമയുമുള്ള സാഹസിക യാത്രകളാണ് സാബിതിന് ഏറെ പ്രിയം. മരുഭൂമിയിലൂടെയും കടലിലൂടേയും മാത്രമല്ല മനോഹരമായ ആകാശ യാത്രകളും സാബിതിന്റെ ഇഷ്ട വിനോദങ്ങളാണ്.

വിസ്മയങ്ങളുടെ കലവറയാണ് കടലുകള്‍. കടലിനടിയിലെ വിശാലമായ ലോകം കൗതുകകരമാണ്. ഒരു പക്ഷേ കരയിലുള്ളതിലുമധികം ജീവികളും സംവിധാനങ്ങളുമൊക്കെയുള്ള വലിയൊരു ലോകമാണ് കടലിനുള്ളിലുള്ളത്. കടലിനടിയിലേക്കുള്ള യാത്ര ആവേശകരവും പുതുമ നിറഞ്ഞതുമാണ്. പവിഴ പുറ്റുകളും കടല്‍ ജീവികളുമൊക്കെ ഹൃദ്യമാക്കുന്ന സ്‌ക്യൂബാ ഡൈവിംഗ് സാബിതിന് വലിയ ഹരമാണ്. ഖത്തറില്‍ നിന്നും പല പ്രാവശ്യം കടലിനുള്ളിലേക്ക് യാത്ര നടത്തിയ സാബിത് അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ വാചാലനാകും. കടലിനടിയില്‍ വിസ്മയമൊരുക്കുന്നതിന് ജി.എം.സി, കാര്‍, ജീപ്പ് തുടങ്ങിയ വിവിധ തരം വാഹനങ്ങള്‍ അധികൃതര്‍ സംവിധാനിച്ചിട്ടുണ്ട്. കടലിന്റെ ആഴങ്ങളില്‍ കാഴ്ചയുടെ പൂരമൊരുക്കുന്ന പശ്ചാത്തലമാണ് ഈ വാഹന വ്യൂഹങ്ങള്‍. എന്നാല്‍ പ്രകൃതിപരമായ നിരവധി ജന്തുജാലങ്ങളും സംവിധാനങ്ങളുമാണ് കടലിനടിയില്‍ നമ്മെ അല്‍ഭുതപ്പെടുത്തുക.

സുരക്ഷ കണക്കിലെടുത്ത് പലപ്പോഴും രണ്ട് പേര്‍ ഒരുമിച്ചാണ് കടലിനടിയിലേക്ക് പോവുക. പരസ്പരം ആംഗ്യങ്ങളിലൂടെയാണ് കടലിനടിയില്‍ ആശയ വിനിമയം നടത്തുക.

ആകാശ യാത്രകളാണ് കൊതിപ്പിക്കുന്ന മറ്റൊരു യാത്ര. മെക്രോ ലൈറ്റ് ഫ്ളൈറ്റില്‍ ദോഹ മുഴുവന്‍ ചുറ്റി കറങ്ങിയ സാബിത് ഹോട്ട് എയര്‍ ബലൂണിലും ആകാശ സഞ്ചാരം ആസ്വദിച്ചിട്ടുണ്ട്. പാര ട്രക്കിംഗ്, പാര ഗ്ളൈഡിംഗ്, പാര മോട്ടോര്‍ തുടങ്ങിയ സാഹസിക യാത്രകളും സാബിതിന്റെ ഇഷ്ട വിനോദങ്ങള്‍ തന്നെ

മരുഭൂമിയിലെ മനോഹരമായ യാത്രകളിലും കമ്പക്കാരനായ സാബിത് നൂതനമായ അനുഭവങ്ങളുടെ കൗതുകങ്ങള്‍ തേടിയാണ് ജീവിതം ധന്യമാക്കുന്നത്. ഡസേര്‍ട് ഡ്രൈവ്, ഡെസേര്‍ട് കാമ്പിംഗ്, കയാക്കിംഗ്, മോട്ടോര്‍ സ്പോര്‍ട്സ് എന്നിവയിലും പുതിയ പരീക്ഷണങ്ങളാണ് സാബിത് നടത്തുന്നത്.

യാത്രകള്‍ ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവമാണ്. ആരോഗ്യവും സൗകര്യവുമുളളപ്പോള്‍ അത് ആസ്വദിക്കുവാന്‍ മറക്കാതിരിക്കുക. ജീവിതത്തില്‍ എല്ലാം നേടിയതിന് ശേഷം യാത്രയും ആസ്വാദനവുമാകാം എന്ന് വെച്ചാല്‍ പലപ്പോഴും അത് നടന്നെന്ന് വരില്ല. അതിനാല്‍ ഒന്നും പിന്നേക്ക് മാറ്റിവെക്കാതെ ജീവിതം ആസാദ്യകരമാക്കണമെന്നാണ് സാബിത് പറയുന്നത്.

മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്ത് കാരക്കുന്ന് സ്വദേശിയായ സാബിതിന്റെ ജീവിതവും കരിയറുമൊക്കെ രസകരമായ പല ടേണിംഗുകളിലൂടെ രൂപപ്പെട്ടത്. അയല്‍ വാസിയായ ഫിറോസ് ഫാര്‍മസിസ്റ്റായിരുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവന്‍ ജോലി ചെയ്യുന്ന ഫാര്‍മസിയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. മഞ്ചേരി മലബാര്‍ ഹോസ്പിറ്റലില്‍ താല്‍ക്കാലികമായി ജോലിക്ക് നിന്നപ്പോള്‍ കണ്ട് പരിചയപ്പെട്ട വിപിന്‍ എന്ന നഴ്സാണ് സാബിതിന്റെ കരിയറില്‍ ട്വിസ്റ്റിന് കാരണമായത്. വിപിന്റെ മേശപ്പുറത്തിരുന്ന സിസ്റ്റര്‍ നാന്‍സിയുടെ നഴ്സിംഗ് പുസ്തകങ്ങള്‍ സ്ഥിരമായി മറിച്ചുനോക്കുമായിരുന്ന സാബിതിനോട് നഴ്സിംഗ് പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്നന്വേഷിച്ചത് വിപിനാണ്. അങ്ങനെയാണ് ബംഗ്ളൂരില്‍ നഴ്സിംഗ് പഠനത്തിന് പോകുന്നത്. നഴ്സിംഗില്‍ ബിരുദമെടുത്ത സാബിതിന് മുന്നില്‍ നിരവധി അവസരങ്ങളാണ് തുറന്നത്. മലബാര്‍ ഹോസ്പിറ്റലിലും ബാംഗ്ളൂരിലുമൊക്കെ ജോലി ചെയ്തു. ഡല്‍ഹി മാക്സ് ഹോസ്പിറ്റലില്‍ ഇന്ററര്‍വ്യൂവിന് പോയപ്പോള്‍ ഇംഗ്ളീഷ് ആശയവിനിമയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. ടൈംസ് ജോബ്, മോണ്‍ സ്റ്റര്‍ തുടങ്ങിയ തൊഴില്‍ പ്ളാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വര്‍ഷത്തോളം ഈ ഏജന്‍സികളില്‍ നിന്നും വന്ന ഫോണുകള്‍ അറ്റന്റ് ചെയ്താണ് സ്പോക്കണ്‍ ഇംഗ്ളീഷ് മെച്ചപ്പെടുത്തിയത് എന്ന് സാബിത് പറയുമ്പോള്‍ ജീവിതത്തിലെ ഓരോ പടവുകളും പഠിക്കാനും ഉയരാനുമുള്ള ചവിട്ടുപടികളാക്കണമെന്ന സുപ്രധാനമായ സന്ദേശമാണ് അടയാളപ്പെടുത്തുന്നത്.

2012 ല്‍ കൂട്ടുകാരനായ ലത്തീഫ് വയനാട് ചെന്നൈയില്‍ നടക്കുന്ന ഒരു ഇന്ററര്‍വ്യൂവിനെക്കുറിച്ച് പറയുകയും കൂടെവരുന്നോ എന്ന് ചോദിക്കുകയും ചെയ്തതാണ് ഖത്തറിലേക്കുള്ള വഴി തുറന്നത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലേക്കുള്ളേ ഇന്റര്‍വ്യൂ ആയിരുന്നു അത്. സാബിത് നേരത്തെ അപേക്ഷ കൊടുത്തിരുന്നു. എന്നാല്‍ ചെന്നൈയിലെത്തിയപ്പോഴാണ് രണ്ട് പേര്‍ക്കും ഒരേ ഇന്റര്‍വ്യൂവാണെന്ന കാര്യം മനസിലാക്കുന്നത്. 2012 ബാച്ചില്‍ ഇരുവരും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരാവുകയും ചെയ്തു.

തന്റെ മിക്ക യാത്രകളും റിക്കോര്‍ഡ് ചെയ്യാറുള്ള സാബിത് എക്സ്പാറ്റ് ഐ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്.

മീന്‍ പിടിക്കലും കടല്‍ സവാരിയും ഹോബിയാക്കിയ ഖത്തറിലെ മലയാളി സംഘത്തിലെ അംഗമായതോടെ സാബിതിന്റെ ഹോബിയുടെ വ്യാപ്തി വളര്‍ന്ന് പന്തലിക്കുകയായിരുന്നു. ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഐ.ടി. ജീവനക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി സിജോ, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയില്‍ നഴ്സായി ജോലി ചെയ്യുന്ന ടൈറ്റസ് ജോണ്‍, ഒറിക്സ് ജി.ടി.എല്ലില്‍ നിന്നും വിരമിച്ച് ഓയില്‍ ഫീല്‍ഡ് സപ്ളൈസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സേഫ് ഗാര്‍ഡ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് എന്ന സ്ഥാപനം നടത്തുന്ന വി.ജെ.ആന്റണി എന്നിവരോടൊപ്പം സാബിതും കൂടി ചേര്‍ന്നുള്ള നലംഗ സംഘം മരുഭൂമിയിലൂടെയുള്ള യാത്രയോടൊപ്പം മീന്‍ പിടിക്കലിന്റെയും കടല്‍ യാത്രയുടേയും പുതുമകള്‍ പരീക്ഷിക്കുന്നത്. ഇവര്‍ പങ്കുവെക്കുന്ന പ്രവാസ ജീവിതത്തിന്റെ വരണ്ട നിമിഷങ്ങളെ എങ്ങനെ ആകര്‍ഷകമാക്കാമെന്നതിന്റെ പുതിയ മാതൃകകള്‍ ഏവര്‍ക്കും പരീക്ഷിച്ചുനോക്കാവുന്നതാണ് .

ഒഴിവ് സമയം ഷോപ്പിംഗ് മാളുകളില്‍ കറങ്ങിയും കംപ്യൂട്ടര്‍ മൊബൈല്‍ ഗെയിമുകളില്‍ മുഴുകിയും കഴിക്കുന്ന സാധാരണ പ്രവാസികളില്‍ നിന്നും മാറി മരുഭൂമിയും കടലുമടങ്ങുന്ന വിസ്മയലോകത്ത് പുതുമകള്‍ കണ്ടെത്തി ജീവിതം മനോഹരമാക്കുന്ന ഈ മലയാളി സംഘം ഇതിനകം തന്നെ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു.

ഫേസ് ബുക്ക് വാട്ട്സ് കൂട്ടായ്മകളിലൂടെ രൂപപ്പെട്ട സൗഹൃദം മീന്‍ പിടിക്കുന്നതിലും കടല്‍ യാത്രകളിലും മാത്രമല്ല മനുഷ്യ സ്നേഹത്തിന്റേയും സേവന പ്രവര്‍ത്തനങ്ങളുടെ രംഗത്തും ഉയര്‍ത്തിപ്പിടിച്ചാണ് ഈ കൂട്ടായ്മ മുന്നോട്ടുപോകുന്നത്.

ഈയിടെ വകറ കടലില്‍ കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തി ഈ കൂട്ടായ്മ ഏറെ ജനശ്രദ്ധ നേടിയിരുന്നു. മരുഭൂമിയിലെ രക്ഷകന്‍ എന്ന പേരിലാണ് സിജോ കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെടാറുള്ളത്. പല പ്രാവശ്യം ഡെസേര്‍ട്ട് സഫാരിക്കിടെ വണ്ടി കുടുങ്ങിയപ്പോള്‍ രക്ഷകനായെത്തിയത് മാത്രമല്ല ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളിലും രക്ഷകന്റെ റോളാണ് സിജോ ഭംഗിയായി കൈകാര്യം ചെയ്യാറുള്ളത്.
ഒരിക്കല്‍ കടലില്‍ മല്‍സ്യം പിടിക്കുന്നതിനിടെ ഏട്ടയുടെ കുത്ത് കൊണ്ട് ഒരു കൂട്ടകാരന്‍ പുളഞ്ഞപ്പോഴും മനസാന്നിധ്യത്തോടെ ബോട്ട് നിയന്ത്രിച്ച് ആ കൂട്ടുകാരനെ വകറ ആശുപത്രിയിലെത്തിച്ച് പരിചരിച്ചതിനെക്കുറിച്ച് ആ കൂട്ടുകാരന്‍ ഫേസ് ബുക്കില്‍ കുറിച്ച വരികള്‍ ഹൃദയത്തില്‍ തട്ടുന്നതാണ്. വണ്ടി ഭ്രാന്തന്മാര്‍ എന്ന കൂട്ടായ്മയുടെ അംഗമാണ് സിജോ. ലുസൈലില്‍ ബൈക്ക് റൈഡിംഗില്‍ നിന്നുമാരംഭിച്ച സിജോയുടെ വണ്ടി ഭ്രാന്ത് ഇപ്പോഴും തുടരുകയാണ് .

ഈ സംഘത്തിലെ ഓരോരുത്തരും സേവന രംഗത്ത് മാതൃകയാണ്. കോവിഡ് ചികില്‍സ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ചാണ് ടൈറ്റസ് ജോണ്‍ ഭൂമിയിലെ വിളക്കേന്തിയ മാലാഖയുടെ നിയോഗം നിറവേറ്റുന്നത്.

എറണാകുളത്തുകാരനായ വി.ജെ.ആന്റണി 1987 മുതല്‍ ഖത്തര്‍ പ്രവാസിയാണ്. സിനിമ നടനും സംവിധായകനുമായ ലാലിന്റെ സഹപാഠിയാണ് ആന്റണി. നാട്ടില്‍ നിന്നുതന്നെ ചൂണ്ടയിടല്‍ ഹോബിയുണ്ട്.
ഖത്തറിലെത്തിയ ശേഷം എങ്ങനെ ഈ ഹോബി തുടരും എന്നന്വേഷിച്ചെങ്കിലും കുറേ കാലം ഒരു വിവരവും കിട്ടിയില്ല. 1997 ല്‍ സ്വന്തമായി ചൂണ്ട വാങ്ങിച്ച് മിസഈദില്‍ പോയി പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. ആയിടക്കാണ് റാസ്‌ലഫ്ഫാന്‍ പ്രൊജക്ടില്‍ ചേര്‍ന്നത്. ഒരു ദിവസം പുനക്കാരനായ ഹാരിസ് ഭായ് ഫ്ളാറ്റില്‍ വന്ന സമയത്ത് ചൂണ്ടയും മറ്റു സാമഗ്രികളും കണ്ടതാണ് വഴിത്തിരിവായത്. ചൂണ്ടയിടാന്‍ താല്‍പര്യമുണ്ടോ എന്നന്വേഷിച്ചപ്പോള്‍ നല്ല താല്‍പര്യമുണ്ട് പക്ഷേ ചൂണ്ടയിടാനറില്ല എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കൂടെ കുട്ടി. ആ അര്‍ഥത്തില്‍ ഖത്തറില്‍ ചൂണ്ടയിടുന്നതിലെ ആദ്യ ഗുരു ഹാരിസ് ഭായ് ആണ്. ചെമ്മീന്‍, കൂന്തള്‍ എന്നിവ ഇരകോര്‍ത്ത് അദ്ദേഹത്തോടൊപ്പം ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മീന്‍ പിടിച്ചിട്ടുണ്ട്.

ഒരിക്കല്‍ കോര്‍ണിഷില്‍ മ്യൂസിയത്തിന്റെ എതിര്‍വശത്ത് ചൂണ്ടയിട്ടുകൊണ്ടിരിക്കെ തൃശൂര്‍കാരനായ അബ്ദുറഹിമാന്‍ എന്ന ഒരു ചെറുപ്പക്കാരനുമായി പരിചയപ്പെട്ടു. മൂന്‍ പിടിക്കലിന്റെ പുതിയ ടെക്നിക്കുകളും ടെക്നോളജിയുമൊക്കെ പഠിപ്പിച്ചത് അദ്ദേഹമാണ്. വലിയ മല്‍സ്യം കിട്ടണമെങ്കില്‍ ടെക്നോളജി മാറ്റണമെന്ന് പറഞ്ഞു തന്നത് അദ്ദേഹമാണ്. അദ്ദേഹത്തോടൊപ്പമാണ് ആദ്യമായി മിസഈദനപ്പുറമുള്ള ഇന്‍ലാന്റ് സീയില്‍ പോയതും ബറാകുട പോലുള്ള വലിയ മല്‍സ്യങ്ങള്‍ പിടിച്ചതും.

മീന്‍ പിടിക്കുന്നതിലെ അമിത താല്‍പര്യം കാരണം ജോലി മാറി മല്‍സ്യ ബന്ധന ബോട്ടിന്റെ ഡ്രൈവറായി അബ്ദുറഹിമാന്‍. അബ്ദുറഹിമാനോടൊപ്പം പല തവണ ഈ സംഘം മീന്‍ പിടിക്കാന്‍ പോയിട്ടുണ്ട്. വകറയില്‍ ഏതാനും കൂട്ടുകാര്‍ ചേര്‍ന്ന് ബോട്ട് വാങ്ങിയ വിവരം അബ്ദുറഹിമാന്‍ പറഞ്ഞതോടെ തങ്ങള്‍ക്കും ഒരു ബോട്ട് സ്വന്തമാക്കണമെന്ന ആഗ്രഹം കലശലായി. അങ്ങനെയാണ് ജാംഗോ സ്വന്തമാക്കിയത്. ഏറെ സന്തോഷത്തോടെ സൗഹൃദവും വിനോദവും ആഘോഷമാക്കിയാണ് ജീവിതം മനോഹരമാക്കുന്നത്.

ജോലിയുടേയും ജീവിതത്തിന്റേയും സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കുവാന്‍ ഏറ്റവും അനുയോജ്യമായ വിനോദമാണ് മീന്‍ പിടിക്കല്‍. മീനുകളുടെ ലോകം വിശാലമാണ് . ഓരോ സ്വഭാവവും രുചിയും വലുപ്പവുമുള്ള മീനുകള്‍ വ്യത്യസ്ത സ്ഥലങ്ങളിലാണുണ്ടാവുക.

മിക്കവാറും വാരാന്ത്യങ്ങളിലാണ് സംഘം മീന്‍ പിടിക്കുവാന്‍ പോകാറുള്ളത്. കിട്ടുന്ന മീനുകള്‍ കൂട്ടുകാര്‍ക്ക് നല്‍കുന്നതിലും സംഘം സന്തോഷം കണ്ടെത്തുന്നു. ചൂണ്ടല്‍ ഉപയോഗിച്ചാണ് സാധാരണ മീന്‍ പിടിക്കുക. പലപ്പോഴും ഭീമന്‍ മീനുകള്‍ ചൂണ്ടലില്‍ കുടുങ്ങിയ അനുഭവങ്ങളുണ്ട്. ക്വീന്‍ ഫിഷ്, കിംഗ് ഫിഷ്, ബറാക്കുഡ, ശേരി, ഹമൂര്‍ തുടങ്ങിയ മീനുകളാണ് അധികവും ലഭിക്കാറുള്ളത്.
ദോഹയില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍സഞ്ചരിച്ച്് മിസഈദിനപ്പുറമുള്ള ഇന്‍ലാന്‍ഡ് സീയിലാണ് മിക്കവാറും മീന്‍ പിടിക്കുവാന്‍ പോകാറുള്ളത്.

മീന്‍ പിടിക്കാനല്ലാതെയും സംഘം കടല്‍ യാത്ര നടത്താറുണ്ട്. അവാച്യമായ അനുഭൂതി പകരുന്ന കടല്‍ യാത്രകളില്‍ സ്വയം മറന്നു വ്യാപൃതരാകുമ്പോള്‍ വല്ലാത്തൊരു ഊര്‍ജമാണ് മനസിനും ശരീരത്തിനും ലഭിക്കുന്നത്.

ദോഹയില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുള്ള സഫ്്ലിയ ദ്വീപിലേക്കുള്ള യാത്ര ഏറെ ഹൃദ്യമായിരുന്നുവെന്ന് സിജോ പറഞ്ഞു. ഏകദേശം രണ്ട് കിലോമീറ്റര്‍ ചുറ്റളവുള്ള ഈ ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേകം കുടിലുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വലിയ ആഴമില്ലാത്ത കടലായതിനാല്‍ കടലിറങ്ങാനും നീന്താനുമൊക്കെ അവസരമുണ്ടാകും. അതിരാവിലെയാണ് ഈ ദ്വീപ് സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ സമയം.

കോര്‍ണിഷില്‍ നിന്നും സഫ്ലിയ ദ്വീപിലേക്ക് ബോട്ട് സര്‍വീസുണ്ട്. പല കമ്പനികളും സഫ്ലിയ ദ്വീപിലേക്ക് വിനോദ യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. സ്വന്തമായി ബോട്ടുള്ളവര്‍ക്ക് അങ്ങനെയും എത്താം. ഏകദേശം 30 മിനിറ്റാണ് യാത്ര ദൈര്‍ഘ്യം.

കയാക്കിംഗാണ് സംഘത്തിന്റെ മറ്റൊരു ഹോബി. അല്‍ ഖോറിനടുത്ത് ദകീറയിലെ മാംഗ്രോവിന്റെ ഇടയിലൂടെയുള്ള കയാക്കിംഗ് ഏറെ സുന്ദരമാണ്. വൈകുന്നേരങ്ങളാണ് കയാകിന് നല്ലത്.

ഖത്തര്‍ നാഷണല്‍ മ്യൂസിയം ഡെസേര്‍ട് റോസിന്റെ ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നറിഞ്ഞ അന്നുമുതല്‍ മനസിലുള്ള ആഗ്രഹമാണ് മരുഭൂമിയില്‍ നിന്നും ഈ അമൂല്യ നിധി കാണണമെന്നത്. അങ്ങനെയാണ് ദോഹയില്‍ നിന്നും 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് ദുഖാനും പിന്നിട്ട മരുഭൂമിയില്‍ ഡെസേര്‍ട് റോസും തേടി സംഘമെത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായേക്കാവുന്ന രൂപാന്തരം സംഭവിച്ച ഡെസേര്‍ട്ട് റോസ് കണ്ടെത്തിയാണ് സംഘം തിരിച്ചു പോന്നത്.

ഖത്തര്‍ സാള്‍ട്ടിഫിന്‍സ് എന്ന ഫേസ് ബുക്ക് പേജ് വഴിയും വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് സംഘം അവരുടെ മീന്‍ പിടിക്കല്‍ അനുഭവങ്ങള്‍ പങ്കുവെക്കാറുളള്ളത്.

Related Articles

Back to top button
error: Content is protected !!