IM Special

ഡൂഡില്‍ ആര്‍ട്ടില്‍ പുതിയ പരീക്ഷണങ്ങളുമായി മലയാളി കലാകാരി

ഡോ. അമാനുല്ല വടക്കാങ്ങര : –

ഡൂഡില്‍ ആര്‍ട്ടില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന മലയാളി കലാകാരിയാണ് ഖത്തറിലെ സീന ആനന്ദ്. ജലച്ഛായത്തിലും ഓയില്‍പെന്റിലും അക്രലിക്കിലുമൊക്കെ മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും പേനയും പെന്‍സില്‍ തുമ്പുമുപയോഗിക്കുന്ന ഡൂഡില്‍ ആര്‍ട്ടിലെ പുതിയ പരീക്ഷണങ്ങളാണ് സീനയെ വ്യതിരിക്തയാക്കുന്നത്. പേന മുനമ്പിലെ മഷികൊണ്ട് വിസ്മയം തീര്‍ക്കുന്ന സീനയുടെ കലാസൃഷ്ടികള്‍ ആസ്വാദനത്തിന്റെ സവിശേഷമായ ലോകമാണ് സഹൃദയര്‍ക്ക് സമ്മാനിക്കുന്നത്. ലളിതമായ വരകളും കുറികളും സമ്പന്നമായ ആശയസാക്ഷാല്‍ക്കാരത്തിന് പ്രയോജനപ്പെടുത്തുന്ന സീന കലാനിര്‍വഹണത്തിന്റെ പുതിയ വഴികളിലൂടെ സഞ്ചരിച്ച് സായൂജ്യമടയുമ്പോള്‍ കല കാണുന്നവനും കലാകാരനും ഒരു പോലെ ആസ്വാദ്യകരമാകുന്നു.

ഈ ദിവസങ്ങളില്‍ മലയാളി സഹൃദയലോകം ഏറെ ചര്‍ച്ച ചെയ്യുന്ന റോജിന്‍ തോമസിന്റെ ഹോം എന്ന സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റായി വേഷമിട്ട ഇന്ദ്രന്‍സിന്റെ മനോഹരമായ ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഡിജിറ്റല്‍ പെയിന്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് സീന അനന്ദിന്റെ കലാസപര്യയെക്കുറിച്ച ഇന്റര്‍വ്യൂവിലെത്തിച്ചത്. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ എല്ലാ വൈകാരിക ഭാവങ്ങളും സൂക്ഷ്മമായി ഒപ്പിയെടുത്ത സീനയുടെ ചിത്രം സിനിമയുടെ സംവിധായകനും അണിയറ പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പങ്കുവെക്കുകയും പ്രശംസിക്കുകയും ചെയ്തത്.

കണ്ണൂര്‍ കൂത്തുപറമ്പില്‍ പരേതനായ ശിവാനന്ദന്റേയും കൗസല്യയുടേയും സീമന്ത പുത്രിയായ സീന കോളേജ് തലം തൊട്ടാണ് വരകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. വരയില്‍ തല്‍പരയായ അമ്മയുടെ പ്രോല്‍സാഹനമായിരുന്നു സീനയുടെ ശക്തി. കോളേജ് തല മല്‍സരങ്ങളിലൊക്കെ സമ്മാനം ലഭിച്ചതോടെ കലാരംഗത്ത് ആവേശം കൂടി. അങ്ങനെയാണ് ബിരുദാനന്തരം ഫൈന്‍ ആര്‍ട്‌സില്‍ രണ്ട് വര്‍ഷത്തെ ഡിപ്‌ളോമയെടുത്തത്. വരകളോടും ഡിസൈനുകളോടുമുള്ള താല്‍പര്യം പരിഗണിച്ച് ഗ്രാഫിക് ഡിസൈനിംഗില്‍ പരിശീലനം നേടിയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. കുറച്ച് കാലം ദുബൈയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്താണ് സീന ഖത്തറിലെത്തിയത്. കലാകാരന്മാര്‍ക്ക് ഏറെ പ്രോല്‍സാഹനവും പിന്തുണയും നല്‍കുന്ന ഖത്തറിന്റെ വിശാലമായ കാഴ്ചപ്പാടും സമീപനങ്ങളുമാണ് തന്നിലെ കലാകാരിക്ക് വളര്‍ന്ന് വികസിക്കുവാന്‍ അവസരമൊരുക്കിയതെന്നാണ് സീന കരുതുന്നത്.

കലയെ പൂര്‍ണമായ തൊഴിലായി സ്വീകരിക്കാന്‍ സാധിക്കുന്നുവെന്നത് ഖത്തറിലെ ഏറ്റവും അനുകൂലമായ ഘടകമാണ്. ചിത്രങ്ങള്‍ വരക്കാനും മികച്ച ചിത്രങ്ങള്‍ വില്‍പന നടത്താനും സാധിക്കുന്നതിനാല്‍ കൂടുതല്‍ സമയം ഈ മേഖലയില്‍ ചിലവഴിക്കുവാന്‍ കഴിയും.

ഖത്തറിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫിലെ ആര്‍ട് ഗാലറിയില്‍ ആര്‍ട്ടിസ്റ്റാവാന്‍ അവസരം ലഭിച്ചത് ഖത്തറെന്ന പുണ്യ ഭൂമിയേയും ആ നാട്ടിലെ കലാപാരമ്പര്യങ്ങളേയും അടുത്തറിയുവാന്‍ അവസരം നല്‍കി. സ്വദേശികളും വിദേശികളുമായ നിരവധി ആര്‍ട്ടിസ്റ്റുകളുമായി ബന്ധപ്പെടുവാനും അവരുടെ വര്‍ക്കുകളെ സൂക്ഷ്മമായി മനസിലാക്കുവാനും സുഖ് വാഖിഫ് ആര്‍ട്‌സ് സെന്ററിലൂടെ സാധിച്ചു. മാത്രമല്ല കലയെ സ്‌നേഹിക്കുന്നവര്‍ക്ക് പരിശീലനവും പ്രോല്‍സാഹനവും നല്‍കുന്ന ഖത്തറിന്റെ സമീപനവും ഏറെ ഹൃദ്യമായ അനുഭവമാണ് നല്‍കിയത്. ആര്‍ട് ഗാലറിയിലെ ജോലിയും വരയും അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറക്കുക മാത്രമല്ല വിവിധ ദേശക്കാരും ഭാഷക്കാരുമായ കലാകാരന്മാരും കലാസ്വാദകരുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും സാഹചര്യമൊരുക്കി.

ഖത്തര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയില്‍ അംഗത്വം ലഭിച്ചതും സീനയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പ്രഗല്‍ഭരായ സ്വദേശി വിദേശി കലാകാരന്മാരുടെ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് സംവിധാനമായ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയില്‍ അംഗത്വം ലഭിച്ച പരിമിതരായ മലയാളി കലാകാരന്മാരില്‍പെട്ട ഈ യുവ ചിത്രകാരി ചെറുതും വലുതുമായ നിരവധി പ്രദര്‍ശനങ്ങളില്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്. ഖത്തറിലെ ഇന്ത്യന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ വാഫിയിലും അംഗമാണ് സീന.

ഗാന്ധിജയന്തിയോടനുബന്ധിച്ച ഇന്ത്യന്‍ എംബസിയുടെ സഹകരണത്തില്‍ കതാറയില്‍ നടന്ന പ്രദര്‍ശനത്തില്‍ സജീവമായി പങ്കെടുത്ത സീന മറ്റു പല സ്വദേശി വിദേശി കലാകാരന്മാരൊടോപ്പം വ്യത്യസ്ത പ്രദര്‍ശങ്ങളുടെ ഭാഗമായിട്ടുണ്ട്. സ്വന്തം ചിത്രങ്ങളുടെ ഒരു സോളോ പ്രദര്‍ശനമാണ് ഈ കലാകാരിയുടെ സ്വപ്‌നം. ഈ വര്‍ഷമവസാനത്തോടെ തന്നെ ഈ സ്വപ്‌നം പൂവണിയിക്കുന്നതിനുള്ള ശ്രമങ്ങളുമായാണ് സീന മുന്നോട്ടുപോകുന്നത്.

എല്ലാ മീഡിയവും ഒരു പോലെ വഴങ്ങുന്ന സീന ജലച്ഛായങ്ങളോട് തുടക്കത്തില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. ഖത്തറിലെത്തിയ ശേഷമാണ് ഓയില്‍ പെയിന്റില്‍ കൂടുതല്‍ വര്‍ക്കുകള്‍ ചെയ്യാന്‍ തുടങ്ങിയത്. ഡിജിറ്റല്‍ മീഡിയയുടെ അനന്തസാധ്യകതളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തി ആകര്‍ഷകമായ കലാസൃഷ്ടികള്‍ നടത്തിയാണ് നിറങ്ങളുടെ രാജകുമാരിയായ സീന ആസ്വാദനത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നത്.

പ്രകൃതിയുടെ താളലയങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന സീന നിറങ്ങളും ഭാവനയും കൂട്ടിക്കലര്‍ത്തി സൃഷ്ടിക്കുന്ന മഹത്തായ രചനകള്‍ സൗന്ദര്യവും സന്ദേശവും നല്‍കുന്നവയാണ്. കാഴ്ചയുടെ പുതുമയും സന്ദേശത്തിന്റെ ഗരിമയും നിഴലിക്കുന്ന സീനയുടെ ചിത്രങ്ങള്‍ പലപ്പോഴും സ്വയം സംസാരിക്കുന്നവയാണ്. ആശയവിനിമയത്തിന്റെ സുതാര്യതലങ്ങളിലൂടെ തന്റെ ബ്രഷും ഭാവനയും യഥേഷ്ടം ഉപയോഗിക്കുന്ന ഈ കലാകാരി സാങ്കേതിക വിദ്യയുടെ സാധ്യതകളും സമന്വയിപ്പിച്ചിച്ചാണ് കലാസ്വാദനത്തിന്റെ പുതുമ സൃഷ്ടിക്കുന്നത്.

നാം ജീവിക്കുന്ന സമൂഹത്തിന്റെ സവിശേഷമായ സ്വഭാവങ്ങളൊക്കെ തനതായ രീതിയില്‍ ഒപ്പിയെടുക്കുന്നേടത്താണ് അറ നിറഞ്ഞ കലാകാരന്മാര്‍ മിടുക്ക് കാണിക്കാറുള്ളത്. നിസ്തുലമായ ഭാവങ്ങളും മനോഹരമായ ആശയങ്ങളും പ്രതിഫലിപ്പിക്കുന്ന ഉദാത്ത സൃഷ്ടികളിലൂടെ കലാലോകത്ത് തന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്ന സീന ആനന്ദിന്റെ ഓരോ രചനകളും ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണ്. വൈവിധ്യങ്ങളുടെ സൗന്ദര്യം പ്രതിഫലിക്കുന്ന സീനയുടെ ചിത്രങ്ങളുടെ സോളോ പ്രദര്‍ശനം താമസിയാതെ സാക്ഷാല്‍കൃതമാകുമെന്നാണ് ഖത്തറിലെ കലാസ്വാദകര്‍ പ്രതീക്ഷിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സീനയുടെ ചിത്രങ്ങള്‍ https://www.instagram.com/artbycna/കാണാം

Related Articles

Back to top button
error: Content is protected !!