IM Special

മുത്തു കെ ലത്തീഫ്, ഹിന്ദി പാട്ടുകളുടെ തോഴന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ ശ്രദ്ധേയനായ മലയാളി ഗായകന്‍ മുത്തു കെ ലത്തീഫ്, ഹിന്ദി പാട്ടുകളുടെ തോഴനാണ്. പഴയ ഹിന്ദി ഗാനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന മുത്തു സംഗീത വേദികളില്‍ ഓളങ്ങള്‍ സൃഷ്ടിച്ച് ആസ്വാദക ഹൃദയങ്ങള്‍ കവരുമ്പോള്‍ സ്നേഹസൗഹൃദങ്ങളുടെ വിശാലമായ ലോകമാണ് സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യ മനസില്‍ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും അലകളുണ്ടാകുമ്പോള്‍ മാനസിക പിരുമുറുക്കവും സമ്മര്‍ദ്ധവും ലഘൂകരിക്കുന്ന ഉത്തമമായ ഒറ്റമൂലിയായും അനുഭവപ്പെടും. പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ ഹൃദയരാഗങ്ങളുടെ ഇശലുകളില്‍ മനോഹരമാക്കാനാകുമെന്നതും സംഗീതത്തിന്റെ പുണ്യമാകാം.

തൃശൂര്‍ ജില്ലയില്‍ കുന്ദംകുളത്തിനടുത്ത് വടുതലയില്‍ അബ്ദുല്‍ ലത്തീഫ് സൈബുന്നീസ ദമ്പതികളുടെ മകനായാണ് മുത്തു ജനിച്ചത്. മാതാപിതാക്കള്‍ സംഗീതാസ്വാദകരായിരുന്നതിനാല്‍ പാട്ടുജീവിതത്തിന് അനുകൂലമായ പരിസരമാണുണ്ടായിരുന്നത്. സ്‌ക്കൂള്‍ കാലത്ത് കാര്യമായൊന്നും പാടാന്‍ ശ്രമിച്ചില്ലെങ്കിലും ദഫ് മുട്ട്പോലെയുള്ള പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു.

ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹവേദിയില്‍ പാടിയാണ് സംഗീത രംഗത്തേക്ക് കടന്നുവന്നത്. അന്ന് അവിടെ പാടിയ കലാഭവന്‍ ബാദുഷയാണ് മുത്തുവിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞത്. ബാദുഷയുടെ നാട്ടിലെ ഉല്‍സവത്തിന് പാടാന്‍ ക്ഷണിച്ചു. പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായി. കൊച്ചിന്‍ ഹീറോസ് മാനേജര്‍ ഡെന്നിയുമായുണ്ടായ സൗഹൃദം കൂടിയായപ്പോള്‍ ആ ട്രൂപ്പില്‍ ഒരു പാട് പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചു.

തബല വിദ്വാന്‍ കിഷോര്‍, സൗണ്ട് എഞ്ചിനീയര്‍ ഇസ്മാഈല്‍, ഗായകന്‍ അക്ബര്‍ ചാവക്കാട് എന്നിവരും മുത്തുവിന് വേദികള്‍ നല്‍കാനും പ്രോല്‍സാഹിപ്പിക്കാനും കൂടെ നിന്നവരാണ്. കൊച്ചിന്‍ നിസരിയുടെ ബാനറില്‍ നിരവധി സംഗീത പരിപാടികളില്‍ പാടാന്‍ അവസരം ലഭിച്ചത് അങ്ങനെയാണ്. കലാഭവന്‍ പീറ്ററും മുത്തുവിലെ ഗായകനെ ഏറെ പ്രോല്‍സാഹിപ്പിച്ച കലാകാരനാണ്.

ചലചിത്ര പിന്നണിഗായകന്‍ എടപ്പാള്‍ വിശ്വനാഥുമായി പരിചയപ്പെട്ടതാണ് മുത്തുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അദ്ദേഹത്തോടൊപ്പം കുറേ വേദികളില്‍ ഹിന്ദി പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായാണ് കരുതുന്നത്. കൊച്ചിന്‍ ഹീറോസില്‍ പാടുന്ന സമയയത്ത് വിനീഷ് എന്ന ഗായകനാണ് ഏറ്റവുമധികം പ്രചോദനം നല്‍കിയതും ഹിന്ദി പാട്ടുകളാണ് തനിക്ക് ഏറ്റവും ചേരുകയെന്നത് ബോധ്യപ്പെടുത്തിയതും. അതോടെയാണ് ഹിന്ദി പാട്ടുകളാണ് വിശിഷ്യ പഴയ പാട്ടുകളോട് കമ്പം കൂടിയത്.

ഗാനമേള വേദികളില്‍ സജീവമായിരുന്ന കാലത്ത് ചലചിത്ര പിന്നണിഗായകരായ അഫ്സല്‍, ഫ്രാങ്കോ, വിധു പ്രതാപ്, സിതാര തുടങ്ങിയ പലരുമായും നിരവധി വേദികള്‍ പങ്കിടാന്‍ കഴിഞ്ഞെങ്കിലും സിനിമയില്‍ പാടാന്‍ അവസരം ഒത്തു വന്നില്ല.

2011 ല്‍ കുടുംബ സുഹൃത്ത് നൗഫല്‍ വഴിയാണ് ഖത്തറിലെത്തിയത്. വരുമ്പോള്‍ നിന്റെ പാട്ടുപുസ്തകവും കൂടെ കരുതിക്കോ എന്നദ്ദേഹം പറഞ്ഞത് വലിയ പ്രത്യാശ നല്‍കി. ദോഹയിലെത്തി രണ്ടാഴ്ച കഴിയുന്നതിന് മുമ്പ് തന്നെ ശക്കീര്‍ അയോരയോടൊപ്പം ഒരു സംഗീത പരിപാടിയില്‍ സംബന്ധിക്കാനായപ്പോള്‍ വലിയ സന്തോഷമായി.

അന്‍ഷാദ് തൃശൂര്‍ എന്ന സംഗീത സംവിധായകനുമായുള്ള സൗഹൃദം സംഗീതജീവിതം സജീവവും ആനന്ദകരവുമാക്കി. അദ്ദേഹത്തിന്റെ ഖത്തര്‍ ഒലീലി എന്ന ട്രൂപ്പിന്റെ ഭാഗമായി നിരവധി വേദികളും അവസരങ്ങളും ലഭിച്ചതോടെ ഖത്തറിലെ സംഗീത പ്രേമികളുടെ ഇഷ്ടഗായകരില്‍ ഇടംപിടിക്കുവാന്‍ അധികസമയം വേണ്ടി വന്നില്ല.

അനിത്തിന്റെ ഇമ്യൂസിക്കും മുത്തുവിന്റെ സംഗീതജീവിതത്തിലെ അവിസ്മരണീയ അധ്യായമാണ്.

ആദ്യമായി ആല്‍ബത്തില്‍ പാടിയത് 2007 ലാണ്. പിന്നീട് 98.6 ലെ രജ്ഞിത് സംഗീതം ചെയ്ത് അലന്‍ സ്‌കോര്‍ ചെയ്ത ആല്‍ബത്തില്‍ കൂട്ടുകാരായ ചലചിത്ര പിന്നണിഗായകരായ ഹാരിബ് ഹുസൈന്‍, അജ്മല്‍ എന്നിവരും ജിത്തു കുന്ദംകുളം, ഹംസ പട്ടുവം എന്നിവരുമോടൊപ്പം അഹദോന്‍ എന്ന ആല്‍ബത്തിലും പാടി.

അന്‍ഷാദ് സംഗീതം നല്‍കിയ മരുഭൂമിയിലെ കൂട്ടുകാര്‍ എന്ന ജനപ്രിയ ആല്‍ബമടക്കം പത്തോളം ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. ഷംസീര്‍ അബ്ദുല്ല നിര്‍മിച്ച ഒരുകൊട്ട പൊന്നുണ്ടല്ലോ എന്ന റീമിക്സ് ആല്‍ബത്തിലും മുത്തുവിന്റെ പങ്കാളിത്തമുണ്ടായിരുന്നു.

മൂന്ന് മാസത്തെ പ്രവാസത്തിന് ശേഷം തിരിച്ചുപോകാനുള്ള ടിക്കറ്റുമായാണെത്തിയത്. എങ്ങനെയെങ്കിലും പിടിച്ചുനിന്നാല്‍ സാംസ്‌കാരിക പരിപാടികളാല്‍ സജീവമായ ഖത്തറില്‍ അവസരം ലഭിക്കുമെന്ന സുഹൃത്ത് കരീമിന്റെ വാക്കുകളാണ് ഇവിടെ തുടരാന്‍ പ്രേരകമായത്. ഇപ്പോള്‍ പരന്ന സൗഹൃദവും സംഗീതവും തന്നെയാണ് ഖത്തറെന്ന ഈ പുണ്യ ഭൂമിയെ തന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നത്. ഹാരിബ് ഹുസൈന്‍, വിനോദ്നമ്പലാട്ട്, മജീദ് പെരിന്തല്‍മണ്ണ, ജിത്തു കുന്ദംകുളം, ശബിത്ത്, ഹംസ പട്ടുവം, മജ്ഞു മനോജും കുടുംബവും, അരുണ്‍ പിള്ള, പ്രകാശ്, സമീര്‍ എന്നിവരൊക്കെ സംഗീതവഴിയിലെ സ്നേഹതാരകങ്ങളാണ്. ഖത്തറിലെത്തിയതുമുതല്‍ എല്ലാ പ്രോഗ്രാമുകളിലേക്കും എത്തിക്കാനും ഒത്താശകള്‍ ചെയ്യുവാനും കൂടെയുണ്ടായിരുന്ന റഫീഖ് പി.എം.ആര്‍, ശമി എന്നിവരെ വിസ്മരിക്കാനാവില്ല.

ഫണ്‍ ഫാമിലി എന്ന കൂട്ടായ്മ നല്‍കുന്ന കരുത്തും നന്ദിയോടെ ഓര്‍ക്കാം.

അസ്മയാണ് ഭാര്യ. ഫാതൈന്‍ മകളാണ് .

Related Articles

Back to top button
error: Content is protected !!