Uncategorized

വിമന്‍ ഇന്ത്യ ഖത്തര്‍ ‘ഗര്‍ഷോമിന്റെ വര്‍ത്തമാനങ്ങള്‍ ‘ ഇ-മാഗസിന്‍ പ്രകാശനം ചെയ്തു

ദോഹ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിമന്‍ ഇന്ത്യ ഖത്തര്‍ പ്രസിദ്ധീകരിച്ച ‘ഗര്‍ഷോമിന്റെ വര്‍ത്തമാനങ്ങള്‍ ‘ എന്ന ഇ-മാഗസിന്‍ പ്രശസ്ത സാഹിത്യകാരി ബി.എം സുഹ്‌റ പ്രകാശനം ചെയ്തു.
‘സാഹിത്യ രംഗത്ത് സ്ത്രീകള്‍ക്ക്‌സ്വാതന്ത്ര്യം ആരും നീട്ടി വച്ചു തരുന്നതല്ല, നാം അത് പൊരുതി നേടിയെടുക്കണം.പ്രവാസ കഥകളുടെ ശാഖ തന്നെ ഉണ്ടാവണം, നമ്മുടെ അനുഭവങ്ങള്‍ അതേ പോലെ പകര്‍ത്തിയാല്‍ അതൊരിക്കലും സാഹിത്യമാകില്ല. അനുഭവങ്ങളും തിക്താനുഭവങ്ങളും നമ്മുടെ ഭാവനയ്‌ക്കൊത്ത് മിനഞ്ഞെടുക്കുമ്പോഴാണ് അത് സാഹിത്യമായി മാറുന്നത്. മലയാളികള്‍ എന്നും നൊസ്റ്റാള്‍ജിയ ഉള്ളവരാണ്. സ്വന്തം നാടിനെകുറിച്ച് പറയുന്നതിന് പകരം പ്രവാസികള്‍ അവര്‍ താമസിയ്ക്കുന്ന ഇടങ്ങളുടെ കഥകള്‍ പറയണം. പ്രവാസ കഥകളുടെ ഒരു ശാഖ തന്നെയുണ്ടാകണം. 1938 ല്‍ ഹലീമ ബീവി എന്ന സ്ത്രീ സ്ത്രീകളുടെ മാത്രം അണിയറ പ്രവര്‍ത്തനത്തില്‍ ഒരു ‘മുസ്ലിം വനിത ‘എന്ന മാസിക നടത്തി, ‘ഭാരത ചന്ദ്രിക’എന്ന മാസികയും നടത്തി. അക്കാലത്ത് സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തിയ മാസികയുടെ പത്രാധിപ ഹലീമ ബീവിയെ ഈയവസരത്തില്‍ ‘ഗര്‍ഷോമിന്റെ വര്‍ത്തമാനങ്ങള്‍ ‘ എന്ന സ്ത്രീകള്‍ തന്നെ തയ്യാറാക്കിയ ഇ -മാഗസിന്റെ പ്രകാശന ചടങ്ങില്‍ സ്മരിക്കുന്നു ‘എന്ന് ബി.എം. സുഹറ പറഞ്ഞു.

ഖത്തറിലെ മലയാളി വനിതകളെ സാഹിത്യ രംഗത്ത് സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗര്‍ഷോമിന്റെ വര്‍ത്തമാനങ്ങള്‍’ എന്ന ഇ – മാഗസിന്‍ സമര്‍പ്പണം ചെയ്യുന്നത് എന്ന എഡിറ്റര്‍ ത്വയ്യിബ അര്‍ഷദ് പറഞ്ഞു. ഖത്തറിലെ എഴുത്തുകാരി ഷീല ടോമിയുടെ ‘വല്ലി’ എന്ന നോവലിന്റെ കഥാപാത്രങ്ങളെയും കഥ സന്ദര്‍്ഭങ്ങളെയും ആസ്പദമാക്കിയുള്ള അഭിമുഖവും മാഗസിനിലുണ്ട്. ‘ സ്ത്രീ- സമൂഹം ‘ എന്ന ശീര്‍ഷകത്തില്‍ വ്യത്യസ്ത വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ഈ മാഗസിനിലെ സവിശേഷതയാണ്.പി. സുരേന്ദ്രന്‍, ജയചന്ദ്രന്‍ മൊകേരി എന്നീ പ്രമുഖ സാഹിത്യകാരന്മാരുടെയും കുറിപ്പുകള്‍ മാഗസിനിലുണ്ട്. ഫോര്‍ ലിംബ് ഡെഫിഷ്യന്‍സിയുമായി ജനിച്ചു മോട്ടിവേഷന്‍ സ്പീക്കര്‍ ആയി വളര്‍ന്ന നൂര്‍ ജലീലയുടെ അഭിമുഖവും മാഗസിനിലുണ്ട്. ഖത്തറിലെ സ്ത്രീകളുടെ യാത്രാവിവരണങ്ങള്‍, ആരോഗ്യം, കഥ, കവിത, ആനുകാലിക ലേഖനങ്ങള്‍ തുടങ്ങിയവയും മാഗസിനിലുണ്ട്.

വിമന്‍ ഇന്ത്യ പ്രസിഡന്റ് നഹിയ ബീവി അധ്യക്ഷത വഹിച്ചു. പുരുഷനേക്കാള്‍ ഏറെ ക്ഷമയും സഹന ശക്തിയും പ്രകൃത്യാ തന്നെ നല്‍കപ്പെട്ട സ്ത്രീകള്‍ക്ക് സമൂഹത്തിന് വേണ്ടി അനേകം പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന് ‘സ്ത്രീ സാമൂഹിക സാന്നിധ്യം’ എന്ന വിഷയത്തില്‍ സംസാരിച്ച ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി പി.റഹ്‌മാബി ടീച്ചര്‍ പറഞ്ഞു. ഗള്‍ഫിലെ സ്ത്രീകളെ കുറിച്ചുള്ള പൊതുധാരണയെ പൊളിച്ചെഴുതുന്ന രചനകളാണ് ‘ഗര്‍ഷോമിന്റെ വര്‍ത്തമാനങ്ങള്‍’ എന്ന മാഗസിനില്‍ ഉള്ളത്. പ്രതിഭകളുള്ള അനേകം സ്ത്രീകള്‍ പ്രവാസഭൂമിയിലുണ്ട്. ഞങ്ങളുടെ വസ്ത്രങ്ങളെ കുറിച്ചല്ല ഞങ്ങളുടെ നേട്ടങ്ങളെ കുറിച്ചും കഴിവുകളെ കുറിച്ചും പറയൂ എന്ന് അവര്‍ ഓര്‍മ്മപ്പെടുത്തുന്നു എന്ന് ഖത്തറിലെ എഴുത്തുകാരി ഷീലാ ടോമി ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു .. പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍, ജയചന്ദ്രന്‍ മൊകേരി, സി.ഐ.സി പ്രസിഡന്റ് കെ.ടി അബ്ദുറഹിമാന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. ലുലു അഹ്‌സന തയ്യാറാക്കിയ വനിതാദിന സന്ദേശമടങ്ങുന്ന ‘ how do you think’ എന്ന ഹ്രസ്വ വീഡിയോയും പ്രദര്‍ശിപ്പിച്ചു. സീനത്ത് മുജീബ് പ്രാരംഭ പ്രാര്‍ത്ഥനയും, WI ജനറല്‍ സെക്രട്ടറി റൈഹാന അസ്ഹര്‍ സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ സറീന ബഷീര്‍ നന്ദിയും നിര്‍വ്വഹിച്ചു. ശര്‍മി തൗഹീഖ് കവിത ആലപിച്ചു.സൂം പ്ലാറ്റ് ഫോമില്‍ വിവിധ സംഘടനാ പ്രതിനിധികളടക്കം 300 പേര്‍ പങ്കെടുത്ത പരിപാടി ശാദിയാ ശരീഫ് നിയന്ത്രിച്ചു.

മാഗസിന്‍ വായിക്കാനായി സ്‌കാന്‍ ചെയ്യുക

Related Articles

Back to top button
error: Content is protected !!