IM Special

ആരവങ്ങളും,ആഘോഷങ്ങളും ആവേശ തിരയിളക്കി ഫിഫ 2022 ഖത്തര്‍ ലോകകപ്പിന് തിരശ്ശീല ഉയരുന്നു

ജോണ്‍ഗില്‍ബര്‍ട്ട്

ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശ്ശീല ഉയരുവാന്‍ ഇനി മണിക്കൂറുകള്‍മാത്രം.
മണല്‍ത്തരികളെപ്പോലും പുല്‍കൊടികളാക്കി മാറ്റി വികസനത്തിന്റെ വിസ്മയം സൃഷ്ടിച്ചുകൊണ്ട് അത്ഭുതകരമായ ഒരുക്കങ്ങളാണ് ഖത്തറെന്ന കൊച്ചു ഗള്‍ഫ് രാജ്യം ലോകത്തിന് കാഴ്ചവയ്ക്കുന്നത്.

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി അറബ് ലോകത്തേക്ക് എത്തുന്ന ഈ ഫുട്‌ബോള്‍ മാമാങ്കം ആരാധകര്‍ക്ക് ഒട്ടേറെ പുതുമകളും , കാഴ്ചകളും , അനുഭവങ്ങളും സമ്മാനിക്കുമെന്നുറപ്പാണ്.

ലോകം കാത്തിരിക്കുന്ന ഈ കാല്‍പന്ത് മാമാങ്കത്തിന് ഇന്ന് അല്‍േഖാറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ അല്‍ റിഹലാ എന്ന നാമമിട്ട പന്തുരുളുമ്പോള്‍ ഖത്തറെന്ന മഹത്തായ രാജ്യം വ്യത്യസ്തകള്‍ കൊണ്ട് വിസ്മയം സൃഷ്ടിച്ച് ചരിത്രതാളുകളിലേയ്ക് നടന്നു കയറുമെന്നുറപ്പാണ്.

ലോക കപ്പ് ഫുട്‌ബോളിനെ ഖത്തറിന്റെ മണ്ണിലെത്തിച്ച് എല്ലാവിഭാഗം ജനങ്ങള്‍ക്കും , ആരാധകര്‍ക്കും, മത്സരങ്ങള്‍ കാണാനും ആസ്വദിക്കാനും അവസരമൊരുക്കി ലോകത്തെ ഏററവും വലിയ ഈ മാമാങ്കത്തെ കൂടുതല്‍ ജനകീയമാക്കിയ ഖത്തര്‍ അമീറിന്റേയും ഭരണാധികാരികളുടേയും വിശാലമായ കാഴ്ചപ്പാടുകള്‍ എത്ര പ്രശംസിച്ചാലും മതിയാകില്ല.

വെറുപ്പിന്റേയും , വിദ്വേഷത്തിന്റേയും പ്രചാരകരുടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ അസൂയയില്‍ നിന്നും ഉയരുന്ന ജല്പനങ്ങള്‍ മാത്രമാണ്.എല്ലാ ആരോപണങ്ങളും നിഷ്പ്രഭമാക്കി ലോകോത്തര നിലവാരത്തില്‍ ലോകകപ്പിനൊരുങ്ങിയാണ് ഖത്തര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

സുരക്ഷിതത്വവും, സമാധാനവും, സംരക്ഷണവും, സ്വാതന്ത്ര്യവും എല്ലാവര്‍ക്കും ഒരുപോലെ ഒരുക്കി ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള അപകടങ്ങളും,ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്കുമുള്ള സുരക്ഷിത രാജ്യമാണ് ഖത്തര്‍.

ഭരണാധികാരികളുടെ വിശാലവും ദീര്‍ഘവീക്ഷണവുമുള്ള കാഴ്ചപ്പാടുകളുടെ പ്രതിഫലനങ്ങളാണ് വികസന പ്രവര്‍ത്തനങ്ങളുടെ അത്ഭുതകരമായ വളര്‍ച്ചയുടെ അടിസ്ഥാനം.

ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെ പരമാവധി പ്രയോനപ്പെടുത്തി കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഖത്തറിലെങ്ങും കാണാനാവുന്നത്.

ലോകകപ്പിനായി ഒരുക്കിയിരിക്കുന്ന സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും ലോകം ഇന്നുവരെ കണ്ടതില്‍ ഏറ്റവും മികച്ചതായിരിക്കുമെന്നുള്ളത് നമുക്ക് അഭിമാന പൂര്‍വ്വം പറയാം.
ഫിഫ വേള്‍ഡ് കപ്പ് 2022 ഖത്തറിന്റെ മണ്ണിലേക്ക് വരുന്ന വാര്‍ത്ത പ്രഖ്യാപിച്ച ദിനം മുതല്‍ ഇന്ന് വരേയുള്ള ഈ 12 വര്‍ഷക്കാലവും ഖത്തറിലെ ഇന്ത്യന്‍ സമൂഹം വിശിഷ്യ മലയാളി സമൂഹം ക്രീയാത്മകവും, ധാര്‍മീകവുമായി നല്കിയ പിന്തുണ വളരെ വലുതാണ്.

ലോകകപ്പിനെ വരവേല്‍ക്കുവാനുള്ള ഒരുക്കങ്ങളുടെ എല്ലാമേഖലകളിലും ഇന്ത്യന്‍ സമൂഹത്തിന്റെ സൃഷ്ടിപരമായ സംഭാവനകളുണ്ടെന്നുള്ളത് നമുക്കേറെ അഭിമാനിക്കാവുന്നതാണ്.

ഖത്തര്‍ ലോകകപ്പിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ലോക കപ്പിനെ വരവേല്‍ക്കാനായി ഒട്ടേറെ മലയാളി കലാ സംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ഈ കാലയളവില്‍ നിരന്തരമായി സംഘടിപ്പിച്ച എണ്ണമറ്റ കാല്‍പന്തു മേളകളും, കലാകായികമത്സരങ്ങളും മലയാളി പ്രവാസ സമൂഹത്തിന്റെ അന്നം തരുന്ന നാടിനോടുള്ള കൂറിന്റേയും, സ്‌നേഹാദങ്ങളുടേയും പ്രകടമായ ദൃഷ്ടാന്തങ്ങളായിരുന്നു.

ഓരോ മലയാളിയും നെഞ്ചിലേറ്റുന്ന കാല്‍പന്തുകളിയോടുള്ള പ്രേമം ,മലയാളിക്ക് ഫുട്‌ബോളിന്റെ ഉല്‍ഭവത്തോളം തന്നെ പഴക്കമുള്ളതാണ്.

പ്രായലിംഗ ഭേദമന്യേ എല്ലാ ടീമുകള്‍ക്കും ആരാധകരുള്ള മണ്ണാണ് കേരളം.

ഖത്തറിലുള്ള ഏകദേശം ഏട്ടുലക്ഷത്തോളം ഇന്ത്യക്കാരില്‍ നാലര ലക്ഷത്തോളം മലയാളികളാണ്, ഇവരില്‍ ഭൂരിപക്ഷം പേരും കാല്‍പന്തുകളിയുടെ ഇഷ്ടകാരും ആരാധകരുമാണ്.

ലോകകപ്പിന്റെ വരവിനെ ആനയിക്കാനുള്ള ആരാധകരുടെ ആരവങ്ങളും, ആവേശങ്ങളും അണപൊട്ടി ദോഹയുടെ തെരുവുകളെ ഉത്സവമാക്കുന്നത്, കാല്‍പന്തുകളിയോടുള്ള തങ്ങളുടെ പാരമ്പര്യമായ പ്രേമത്തിന്റെ അടങ്ങാത്ത ആവേശ പ്രകടനങ്ങളാണെന്ന് മനസ്സിലാക്കാതെ ചിലര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ അപലപനീയമാണ്.

അറബി കടലിന്റെ അങ്ങേക്കരയില്‍ സ്ഥിതിചെയ്യുന്ന ഖത്തറും മറ്റ് അറബ് രാജ്യങ്ങളുമായി നൂറ്റാണ്ടുകളായുള്ള കേരളത്തിന്റെ ചരിത്രപരവും,സംസ്‌കാരീകവും,വാണിജ്യപരവുമായ ബന്ധങ്ങളുടെ ആഴമറിയാത്ത അസൂയക്കാരായ വിദ്വേഷ പ്രചാരകര്‍ ഇനിയെങ്കിലും ചരിത്രവും, ബന്ധങ്ങളുടെ ആഴവും,മൂല്യങ്ങളുടെ വിലയും മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു.

കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ വിസ്മയങ്ങളുടെ, അത്ഭുതങ്ങളുടെ, പുതിയകാഴ്ചകളും ,അനുഭവങ്ങളും ലോകത്തിനായി ഒരുക്കി കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തയും , പുതുമയുമാര്‍ന്ന ലോക ഫുട്‌ബോള്‍ മാമാങ്കമായി ഫിഫ 2022 ഖത്തര്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തട്ടെ എന്നാശംസിക്കുന്നു.

Related Articles

Back to top button
error: Content is protected !!