സ്നേഹത്തിന്റെ മാലാഖമാര്‍ സേവനത്തിന്റെ കൂട്ടായ്മയൊരുക്കുമ്പോള്‍
ഡോ. അമാനുല്ല വടക്കാങ്ങര
മനുഷ്യ സ്നേഹത്തിന്റെയും ആശ്വാസത്തിന്റേയും പ്രതീക്ഷയും പ്രതീകവുമായി വിളക്കേന്തിയ മാലാഖമാരാണ് നഴ്സുമാര്‍. ഏത് പ്രതിസന്ധി ഘട്ടത്തിലും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സഹജീവികളെ പരിചരിക്കാനും രക്ഷിക്കുവാനും മുന്നോട്ടുവന്ന് സേവനത്തിന്റെ നിസ്തുല മാതൃക സമ്മാനിക്കുന്ന ഈ വിഭാഗത്തെ പലപ്പോഴും സമൂഹം വേണ്ട രൂപത്തില്‍ പരിഗണിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. കോവിഡ് കാലം നല്‍കിയ നിരവധി തിരിച്ചറിവുകളില്‍ ഒന്ന് സമൂഹത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കും സമാധാനപരമായ നിലനില്‍പിനും നഴ്സിംഗ് സമൂഹം നല്‍കുന്ന മഹത്തായ സേവനങ്ങളെ ഒരു പരിധിവരെ സമൂഹം മനസ്സിലാക്കിയെന്നതാകാം.
പരിചരണം, ശുശ്രൂഷ, എന്നീ വാക്കുകളുടെ ശരിയായ വിവക്ഷയെന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് ജീവിതം കൊണ്ട് അടയാളപ്പെടുത്തുന്ന നഴ്സിംഗ് സമൂഹം ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേര്‍ത്തുകെട്ടി ഈ ലോകത്തെ മനോഹരമാക്കി മാറ്റുകയാണ്. ആരോഗ്യസേവന രംഗങ്ങളില്‍ നഴ്‌സുമാര്‍ നല്‍കുന്ന അമൂല്യസംഭാവനകളെ വിലമതിക്കാനും അവരര്‍ഹിക്കുന്ന സാമൂഹികവും മാനുഷികവുമായ പദവികളും പരിഗണനകളും വകവെച്ചുകൊടുക്കാനും സമൂഹം തയ്യാറാവേണ്ടതുണ്ട്.
ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങളോ മഹാമാരികളായ പകര്‍ച്ചവ്യാധികളോ കണക്കിലെടുത്താല്‍ അതിലെന്നും തളര്‍ന്നു പോകാതെ കൈത്താങ്ങായി നിലകൊണ്ടിട്ടുള്ളത് നഴ്സുമാരാണെന്ന് ബോധ്യപ്പെടും. ഈ നൂറ്റാണ്ട് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാമാരിയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ്-19 ലോകം മുഴുവന്‍ മരണം വിതച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനായി നടത്തുന്ന യുദ്ധത്തില്‍ പടയാളികളായി നിന്നുകൊണ്ട് വൈറസിനെതിരെ പോരാടുകയും നമുക്ക് ചുറ്റും സംരക്ഷണവലയം തീര്‍ക്കുന്നവരുടെയും കൂട്ടത്തില്‍ ഏറ്റവും മുന്നിലുള്ളത് നമ്മുടെ നഴ്സുമാരാണ്. ഒരു അടിയന്തര യുദ്ധ പശ്ചാത്തലത്തില്‍ എന്നപോലെ ഈയൊരു ഘട്ടത്തില്‍ നഴ്‌സുമാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലുമൊക്കെ പതിവിലും കൂടുതല്‍ സമയം ജോലി ചെയ്യുന്നു. ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയും മാറ്റിവെച്ച് നീണ്ട ജോലി ഷിഫ്റ്റുകളില്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ചുകൊണ്ട് ലോകനന്മയ്ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന മാലാഖമാരാണവര്‍. കൊറോണ വൈറസ് ലോകത്തില്‍ മുഴുവന്‍ ഭീതി പടര്‍ത്തുന്ന ഈ കാലത്തും ഊണും ഉറക്കവും ഇല്ലാതെ, സ്വന്തം ആരോഗ്യം പോലും വക വെക്കാതെ ഓരോ ജീവനും സ്നേഹത്തിന്റെയും കരുതലിന്റെയും വലയത്തിനുള്ളില്‍ പൊതിഞ്ഞു സൂക്ഷിക്കാന്‍ അമ്മ കഴിഞ്ഞാല്‍ നഴ്സുമാര്‍ക്കല്ലാതെ പിന്നെ ആര്‍ക്കാണ് കഴിയുക. കാരുണ്യവും കരുതലും സാന്ത്വനവുമായി ഓരോ രോഗിയുടെയും ശ്വാസത്തിനായി ചെവി ചേര്‍ത്ത് പിടിക്കുന്ന ഓരോ കരങ്ങളു മാനവികതയുടെ ശക്തിയാണ്. മനുഷ്യരുടെ നന്മക്കും സേവനങ്ങള്‍ക്കുമായി ദൈവം ഭൂമിയിലേക്കയച്ച മാലാഖമാര്‍.
പ്രഥമ ന്യൂസ് ലെറ്റര്‍ പ്രകാശനം
ആരോഗ്യ പരിചരണം സംബന്ധിച്ച സേവനങ്ങള്‍ക്കു പുറമേ നഴ്‌സുമാര്‍ അമൂല്യമായ വൈകാരിക പിന്തുണയും നല്‍കുന്നുണ്ട്. ഒരു വിട്ടുമാറാത്ത രോഗാവസ്ഥയെ കുറിച്ച് മനസിലാക്കിത്തരുന്നത് മുതല്‍ മരണത്തെ നേരിടുന്നതു വരെ എല്ലാ കാര്യങ്ങളിലും അവര്‍ വൈകാരിക പിന്തുണയേകുന്നു. അസുഖത്തെക്കുറിച്ചുള്ള അവരുടെ അറിവും ആളുകളെ കൈകാര്യം ചെയ്യുന്നതിനുള്ള അസാധാരണമായ കഴിവുകളുമായി സംയോജിപ്പിച്ച് അവര്‍ ആശ്വാസവും സ്ഥിരതയും നല്‍കുന്നു. നഴ്സിംഗ് ഒരു ദൈവികമായ തൊഴിലാണ് എന്നതോടൊപ്പം ചിലപ്പോഴെങ്കിലും വളരെ ബുദ്ധിമുട്ടേറിയ ജോലി കൂടിയാണ്. ഇത് ശാരീരികമായ അധ്വാനം ആവശ്യപ്പെടുന്ന ജോലിയാണ്; പല നഴ്‌സുമാരും നിന്നനില്‍പ്പില്‍ 12 മണിക്കൂര്‍ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നു. അവര്‍ കുടുംബത്തോടൊപ്പമുള്ള അവധിദിനങ്ങള്‍ ഉപേക്ഷിക്കുകയും രാത്രികളിലും വാരാന്ത്യങ്ങളിലും യാതൊരു വ്യത്യാസവുമില്ലാതെ ജോലിചെയ്യുകയും ചെയ്യുന്നു. ഈ നിസ്വാര്‍ത്ഥത അവരുടെ രോഗികളോടുള്ള പ്രതിബദ്ധതയിലും പ്രതിഫലിക്കുന്നു.
ആതുരസേവനങ്ങള്‍ക്ക് പുറമേ സാമൂഹ്യ ജീവകാരുണ്യമേഖലകളില്‍ കേവലം മൂന്ന് വര്‍ഷം കൊണ്ട് മുപ്പതുവര്‍ഷത്തെ സേവനങ്ങള്‍ കാഴ്ചവെച്ച ഖത്തറിലെ നഴ്സിംഗ് കൂട്ടായ്മയായ ഫിന്‍ഖ് ( ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്്സസ് ഇന്‍ ഖത്തര്‍ ) ലോകാടിസ്ഥാനത്തില്‍ തന്നെയുള്ള നഴ്സിംഗ് സമൂഹത്തിന് മാതൃകയാവുകയാണ്. ആശുപത്രിയുടെ അതിരുകള്‍ ഭേദിച്ച് സേവനത്തിന്റെ പുതിയ മേച്ചില്‍പുറങ്ങളില്‍ തങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രതിബദ്ധത തെളിയിച്ചുകൊണ്ടാണ് ഫിന്‍ഖ് ചരിത്രമെഴുതിയത്. സംഘടനയുടെ ഉദ്ഘാടത്തോടനുബന്ധിച്ച് നിപ ബാധിച്ച് മരിച്ച നഴ്സ് ലെനിയുടെ ഭര്‍ത്താവിനേയും കുട്ടികളേയും ദോഹയിലേക്ക് കൊണ്ടുവരികയും ഖത്തറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ കാണിച്ചുകൊടുക്കുകയും ചെയ്തത് ന്ഴ്സിംഗ് കൂട്ടായ്മയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന പ്രായോഗിക നടപടിയായിരുന്നു.
2018 ല്‍ പ്രളയത്തിന്റെ കെടുതിയില്‍ സംസ്ഥാനത്ത് നിന്നും സഹജീവികളുടെ ആര്‍ത്തുവിളികള്‍ കേട്ടാണ് കയ്യില്‍ വിളക്കേന്തിയ മാലാഖമാര്‍ ദുരിതാശ്വാസവുമായി രംഗത്തെത്തിയത്. വാട്സ് അപ്പ് കൂട്ടായ്മയായാണ് തുടക്കം. നാനൂറോളം അംഗങ്ങള്‍ ചേരുകയും ഒരു ലക്ഷത്തിലേറെ റിയാല്‍ പിരിച്ചെടുക്കുകയും ചെയ്തതോടെ മനസ് വെച്ചാല്‍ പല സേവനങ്ങളും ചെയ്യാനാകുമെന്ന് ബോധ്യമായി. അങ്ങനെയാണ് ഇന്ത്യന്‍ അംബാസിഡറുടെ മാര്‍ഗനിര്‍ദേശങ്ങളോടെ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്. വളരെ പെട്ടെന്ന് തന്നെ കൂട്ടായ്മ കൂടുതല്‍ ജനകീയമാവുകയും ആയിരത്തോളം രജിസ്ട്രേഡ് അംഗങ്ങളുള്ള സജീവമായ ഒരു സംഘടനയായി മാറുകയും ചെയ്തു. രണ്ടാമത് പ്രളയസമയത്ത് എയ്ന്‍ജല്‍സ് പാരഡേസ് എന്ന പേരില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കിയും ഈ കൂട്ടായ്മ മാനവസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പുതിയ അധ്യായങ്ങളാണ് എഴുതിചേര്‍ത്തത്.
കോവിഡ് സമയത്ത് വിമാനങ്ങള്‍ മുടങ്ങുകയും നിരവധി സഹപ്രവര്‍ത്തകര്‍ നാട്ടില്‍ കുടുങ്ങുകയും ചെയ്തപ്പോള്‍ മിനിസ്ട്രി ഓഫ് ഇന്റീരിയറും ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് വിമാനം ചാര്‍ട്ട് ചെയ്ത് ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കാന്‍ ഫിന്‍ഖിനായി. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മുന്നൂറോളം ജീവനക്കാരേയും സ്വകാര്യ മേഖലയിലെ നൂറ്റി അമ്പതോളം മെഡിക്കല്‍ പ്രൊഫഷണലുകളേയുമാണ് ദോഹയില്‍ തിരിച്ചെത്തിച്ചത്.
ഐ.സി.ബി.എഫിന്റെ അംഗീകാരം
റമദാന്‍ സമയത്തും മറ്റും ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചും ആരോഗ്യ ബോധവല്‍ക്കരണം നടത്തിയും ആവശ്യക്കാര്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നതിന് ഹെല്‍ത്ത് കാര്‍ഡുകളടക്കം എടുത്തുകൊടുത്തുമൊക്കെയാണ് ഫിന്‍ഖ് സേവന രംഗത്ത് സജീവമാകുന്നത്. നീണ്ട ജോലി സമത്തിന് ശേഷവും സാമൂഹ്യ പ്രതിബദ്ധതയോടെ സേവനത്തിന് തയ്യാറാകുന്ന സഹപ്രവര്‍ത്തരാണ് സംഘടനയുടെ കരുത്തെന്ന് ഫിന്‍ഖ് പ്രസിഡണ്ട് ബിജോയ് ചാക്കോ പറഞ്ഞു.
ഫിന്‍ഖ് സമ്മര്‍ ഡ്യൂ് വേനല്‍കാലത്തെ പ്രത്യേകമായ ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയാണ്. നിര്‍ജലീകരണവും സൂര്യാഘാതവുമൊക്കെ സംബന്ധിച്ചും ജനങ്ങളെ വിശിഷ്യ തൊഴിലാളി വിഭാഗങ്ങളെ ഉദ്ബോധിപ്പിക്കുന്ന പരിപാടിയാണിത്.
ഫിന്‍ഖ് സമ്മര്‍ ഡ്യൂ്
അംഗങ്ങളുടെ വ്യക്തിപരവും തൊഴില്‍പവുമായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനുള്ള പരിശീലന പരിപാടികളാണ് ഫിന്‍ഖിന്റെ മുന്നിലുള്ള സുപ്രധാനമായൊരു പ്രവര്‍ത്തനം. വിവിധ തരത്തിലുള്ള ക്രമീകരണങ്ങളില്‍ രോഗികളെ പരിചരിക്കുന്നതിനായി വര്‍ഷങ്ങളോളം പരിശീലനവും, പ്രത്യേക വിദ്യാഭ്യാസവും ഉള്‍പ്പെടുന്ന ഒരു ആരോഗ്യ സംരക്ഷണ ജോലിയാണ് നഴ്സിംഗ്. രോഗികളുമായി ആദ്യം സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യപരിപാലന വിദഗ്ധരാണ് നഴ്‌സുമാര്‍. അതിനാല്‍ അവര്‍ വളരെ അധികം പ്രാധാന്യമര്‍ഹിക്കുന്നു. ഒരു സാങ്കേതിക വിദഗ്ദ്ധ, ഒരു അധ്യാപക, ഒരു ഉപദേഷ്ടാവ്, കുടുംബത്തിനുള്ള ഒരു അത്താണി അങ്ങിനെ പല ചുമതലകളും കൈകാര്യം ചെയ്യുന്ന അവര്‍ തന്റെ എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിച്ച് ഒരു രോഗിയെ നന്നായി പരിപാലിക്കുന്നു. അതിനാല്‍ നിരന്തര പരിശീലന പരിപാടികളും കോഴ്സുകളും അത്യാവശ്യമാണ്. അംഗീകാരമുള്ള ഇത്തരം കോഴ്സുകള്‍ നടത്തുവാനും ഫിന്‍ഖിന് പരിപാടിയുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഹന്‍സ് ജേക്കബ് വിശദീകരിച്ചു.
ഖത്തറില്‍ ഗവണ്‍മെന്റ് സര്‍വീസിലും സ്വകാര്യമേഖലയിലുമായി ഏകദേശം പതിനെട്ടായിരത്തോളം ഇന്ത്യന്‍ നഴ്സുമാരുണ്ട്. ഇത്രയും ശക്തമായ ഒരു പ്രൊഫഷണല്‍ കൂട്ടായ്മയുടെ ബഹുമുഖ വളര്‍ച്ചക്കാവശ്യമായ പരിപാടികളാണ് ആസൂത്രണം ചെയ്തുവരുന്നത്.
ഫിന്‍ഖ് എഡ്യൂക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് അംഗങ്ങളുടെ മക്കളെ വിദ്യാഭ്യാസ രംഗത്തെ മികവ് അംഗീകരിക്കാനുള്ള പരിപാടിയാണ്. അംഗങ്ങളുടെ മക്കളില്‍ നിന്നും 10, 12 ക്ളാസുകളില്‍ ടോപ്പര്‍മാരാകുന്നവരെ ആദരിച്ച് എല്ലാവരേയും പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഫിന്‍ഖ് എഡ്യൂക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങ്
കുറഞ്ഞ കാലം കൊണ്ട് സംഘടനയെ അധികൃതര്‍ അംഗീകരിച്ചത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സാക്ഷ്യപത്രമാണെന്ന് വൈസ് പ്രസിഡണ്ട് റീന തോമസ് പറഞ്ഞു. ഖത്തര്‍ ദേശീയദിനാഘോഷവേളയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഫിന്‍ഖിന് പ്രത്യേക സ്റ്റാള്‍ അനുവദിക്കുകയും ഫിന്‍ഖിന്റെ ലോഗോ ഔദ്യോഗിക സൈറ്റില്‍ ഉപയോഗിക്കുകയും ചെയ്തത് സംഘടനയുടെ മുന്നേറ്റത്തിലെ നാഴികകല്ലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പെയിന്റിംഗ് എക്്സിബിഷന്‍, കായിക പരിപാടികള്‍ എന്നിവയും ഫിന്‍ഖിന്റെ വിപുലമായ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാണ്.
അറബ് ലോകത്ത് ജീവിക്കുമ്പോള്‍ അറബി ഭാഷയില്‍ ആശയവിനിമയത്തിന് സഹായിക്കുന്ന ഫിന്‍ഖ് ത്വവാസ്വില്‍ പദ്ധതി, ഫിന്‍ഖ് ടോക്ക്, കൗണ്‍സിലിംഗ്, മാനസികാരോഗ്യ പരിപാടികള്‍ തുടങ്ങി നൂതനങ്ങളായ ക്രിയാത്മക പരിപാടികളോടെ സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളില്‍ ഫിന്‍ഖ് മാതൃക സൃഷ്ടിക്കുകയാണ്.
ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഔദ്യോഗിക പാര്‍ട്ടണര്‍മാരായ ഫിന്‍ഖ് അംഗങ്ങളുടെ വളര്‍ച്ചയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് മുന്നേറുന്നത്. ഐ.സി.ബി. എഫിന്റെ ഇന്‍ഷ്യൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കാനും ഫിന്‍ഖ് മുന്‍പന്തിയിലുണ്ടായിരുന്നു.
ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷൂറന്‍സില്‍ അംഗങ്ങളെ ചേര്‍ത്ത രേഖകള്‍ ഐ.സി.ബി.എഫ് പ്രസിഡന്റിന് കൈമാറുന്നു
കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച പ്രകടനത്തിന് പല വേദികളുടേയും പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഫിന്‍ഖിനെ തേടിയെത്തിയത് സ്വാഭാവികം മാത്രം. പല സ്ഥാപനങ്ങളിലും ഫിന്‍ഖ് അംഗങ്ങള്‍ക്ക് പ്രത്യേക ഇളവുകളും പരിഗണനയുമുണ്ട്.
സേവനയും പുരോഗതിയും സമന്വയിപ്പിക്കുന്ന ഫിന്‍ഖ് എന്ന കൂട്ടായ്മ മറ്റു രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.