വ്യോമഗതാഗത രംഗത്ത് പ്രതീക്ഷ വിതറി ഖത്തര്‍ എയര്‍വേയ്സ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് ഭീഷണിയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന വ്യോമഗതാഗത രംഗത്ത് പ്രതീക്ഷ വിതറി ഖത്തര്‍ എയര്‍വേയ്സ്. ലോകത്ത് ആദ്യമായി മുഴുവനായും വാക്സിനേഷന്‍ ചെയ്ത ആളുകളോടെ വിമാനം പറത്തിയാണ് ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ചരിത്രം കുറിച്ചത്. ജീവനക്കാരും യാത്രക്കാരും ചെക്കിന്‍ ഏരിയയിലെ ഉദ്യോഗസ്ഥരുമൊക്കെ വാക്സിനെടുത്തവരാണ് എന്നത് ഈ യാത്രയെ വ്യതിക്തമാക്കുന്നു.
ഇന്ന് രാവിലെ 11 മണിക്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന ക്യൂ. ആര്‍. 6421 എന്ന അത്യാധുനിക സൗകര്യങ്ങളുള്ള എയര്‍ബസ് എ 350-1000 വിമാനത്തില്‍ ട്രാവല്‍ ആന്റ് ടൂറിസം മേഖലിലേയും വാണിജ്യ മേഖലയിലേയും പ്രമുഖരാണുള്ളത്. മൂന്ന് മണിക്കൂര്‍ ഒമാന്‍ വഴി പറന്ന് ഉച്ചക്ക് രണ്ട് മണിയോടെ ദോഹയില്‍ തിരിച്ചെത്തുന്ന വിമാനം കോവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും പുതിയ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി എയര്‍ലൈന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നടപടികളും പ്രദര്‍ശിപ്പിക്കും.
ലോകത്തിലെ ഏറ്റവും പുതിയതും ആദ്യത്തെതുമായ ‘സീറോ-ടച്ച്’ ഇന്‍-ഫ്ൈളറ്റ് എന്റര്‍ടൈന്‍മെ്ന്റ് സാങ്കേതികവിദ്യയും അത്യാധുനിക സജ്ജീകരണങ്ങളുള്ള എയര്‍ബസ് എ 350-1000 ഉം ഈ വിമാനത്തിന്റെ പ്രത്യേകതയാണ്.
വ്യോമയാന രംഗത്ത് റിക്കോര്‍ഡുകള്‍ സ്ഥാപിച്ച പഞ്ചനക്ഷത്രവിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് കോവിഡ് കാലത്ത് ഏറ്റവും മികച്ചും പ്രതീക്ഷനിര്‍ഭരവുമായ സേവനങ്ങളാണ് കാഴ്ചവെച്ചത്.