IM Special

വാര്‍ത്തകള്‍ സൃഷ്ടിക്കുകയല്ല, കണ്ടെത്തുകയാണ്

ഡോ. അമാനുല്ല വടക്കാങ്ങര

കോവിഡ് കാലത്ത് ഖത്തറിനകത്തും പുറത്തും മലയാളികള്‍ ഏറെ ആശ്രയിച്ച ന്യൂസ് പോര്‍ട്ടലായിരുന്നു ഇന്റര്‍നാഷണല്‍ മലയാളി. ഭയാശങ്കകളുടെ കോവിഡ് കാലത്ത് പല സന്തോഷ വാര്‍ത്തകളും മലയാളി സമൂഹം ആദ്യമായി വായിച്ചത് ഇന്റര്‍നാഷണല്‍ മലയാളിയിലൂടെയായിരുന്നു. ആദ്യമറിയാന്‍ ആധികാരികമായറിയാന്‍ എന്ന ടാഗ് ലൈനോട് നീതിപൂലര്‍ത്തി ഉയര്‍ന്നു നില്‍ക്കുവാന്‍ ഞങ്ങള്‍ എന്നും പരിശ്രമിച്ചിട്ടുണ്ട്.

വ്യോമഗതാഗതം നിലച്ച ശേഷം റിട്ടേണ്‍ പെര്‍മിറ്റിലൂടെ മലയാളികളുടെ വരവിനെക്കുറിച്ചും കേരളത്തിലെ അംഗീകൃത കോവിഡ് പരിശോധന കേന്ദ്രങ്ങളെക്കുറിച്ചും മലയാളി സമൂഹം ആദ്യമറിഞ്ഞത് ഞങ്ങളിലൂടെയായിരുന്നു.

ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ക്ക് പുറമേ ജോണ്‍സണ്‍ ആന്റ് ജോണ്‍സണണ്‍, ആസ്ട്രസെനിക എന്നിവക്ക് ഖത്തറില്‍ അംഗീകാരമുണ്ടെന്ന് ജനങ്ങളെ ആദ്യമറിയിക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡിന് അംഗീകാരം ലഭിച്ച കാര്യമാണ് ഞങ്ങള്‍ ഇന്നലെ ലോകത്തെ അറിയിച്ചത്. വസ്തുതയറിയാതെ ചിലര്‍ ഞങ്ങള്‍ വ്യാജവാര്‍ത്തയാണെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും പറഞ്ഞ് രംഗത്ത് വന്നെങ്കിലും മണിക്കൂറുകള്‍ക്കകം വാര്‍ത്ത പിന്‍വലിക്കേണ്ടി വന്നു. മാത്രമല്ല കോവിഷീല്‍ഡിന്റെ വാര്‍ത്ത ഇന്നു പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഞങ്ങള്‍ മറക്ക് പിറകില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുകയല്ല. ബൈലൈനോട് കൂടിയാണ് ഞങ്ങള്‍ എല്ലാ വാര്‍ത്തകളും പ്രസിദ്ധീകരിക്കാറുള്ളത്. ഉത്തരവാദിത്തബോധത്തോടെ സമൂഹത്തിന് ഗുണകരമാകുന്ന വാര്‍ത്തകള്‍ തേടിയാണ് ഞങ്ങള്‍ സഞ്ചരിക്കാറുള്ളത്.

ഇന്റര്‍നാഷണല്‍ മലയാളി ജനങ്ങളുടെ ശബ്ദമാണ്. വസ്തു നിഷ്ടമായ വാര്‍ത്തകളും വിശകലനങ്ങളും തന്നെയാണ് ഞങ്ങളെ ജനകീയമാക്കിയത് എന്നാണ് ഞങ്ങള്‍ കരുതുന്നത്. സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കോ ഊഹാപോഹങ്ങള്‍ക്കോ പിന്നാലെ പോവാതെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ചലനങ്ങളോടൊപ്പം സഞ്ചരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. കവറേജിലും വൈവിധ്യത്തിലും മറ്റേത് മീഡികളേക്കാളും ബഹുദൂരം മുന്നില്‍ സഞ്ചരിക്കുന്നതും സാമൂഹ്യ പ്രതിബദ്ധത കൈമുതലാക്കിയാണ്. ഏറ്റവും കൂടുതല്‍ അഭിമുഖങ്ങള്‍, ഏറ്റവും കൂടുതല്‍ സ്പെഷ്യല്‍ സ്റ്റോറികള്‍, വിശാലമായ കവറേജ് എന്നിവ ഞങ്ങളുടെ സവിശേഷതയാണ്.

ഇതേ നിലപാട് തുടരാന്‍ തന്നെയാണ് ആഗ്രഹം. ഞങ്ങള്‍ നല്ലത് ചെയ്യുമ്പോള്‍ ഞങ്ങളെ പിന്തുണക്കുക. ഞങ്ങള്‍ക്ക് അബദ്ധം സംഭവിക്കുമ്പോള്‍ ഞങ്ങളെ തിരുത്തുക. മുന്‍വിധികളില്ലാതെ ശുഭപ്രതീക്ഷകളോടെ നമുക്ക് മുന്നേറാം. എല്ലാവരുടേയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു

Related Articles

Back to top button
error: Content is protected !!