IM Special

കൊത്തു പണിയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ദീപാംങ്കുരന്‍

ഡോ. അമാനുല്ല വടക്കാങ്ങര

കംപ്യൂട്ടര്‍ ഗ്രാഫിക്സും ത്രിമാനചിത്രങ്ങളുമൊക്കെ അടക്കി വാഴുന്ന ലോകത്ത് കൊത്തുപണിയിലും ശില്‍പങ്ങളിലും വിസമയം തീര്‍ക്കുന്ന കലാകാരനാണ് ഖത്തര്‍ പ്രവാസിയായ തിരുവനന്തപുരം വര്‍ക്കല സ്വദേശി ദീപാംങ്കുരന്‍. വരയോ ഡിസൈനിംഗ് കലയോ എവിടേയും പോയി പഠിച്ചിട്ടില്ലാത്ത ഈ മലയാളി കലാകാരന്റെ കരവിരുതും നിര്‍വഹണ ചാതുരിയെ ഏവരേയും അല്‍ഭുതപ്പെടുത്തും. വകറ ബര്‍വ വില്ലേജില്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കാനിരിക്കുന്ന റാവിസ് ഗ്രില്‍ ആന്റ് റസ്റ്റോറന്റിനെ മനോഹരമായ ഇന്റീരിയര്‍ ഡിസൈനുകളില്‍ ആകൃഷ്ടനായി അതിന് പിന്നിലെ കലാകാരനെ തേടിയപ്പോഴാണ് ദീപാംഗുരനെ കണ്ടെത്തിയത്. ഒരു പക്ഷേ 360 ഡിഗ്രി വെര്‍ച്വല്‍ റിയാലിറ്റിയെപ്പോലും വെല്ലുന്ന ഇഫക്ടുകളോടെയാണ് ഈ കലാകാരന്‍ സൃഷ്ടികള്‍ നടത്തുന്നത്.

സിമന്റിലും പെയിന്റിലും മരത്തിലും കല്ലുകളിലുമൊക്കെ സുന്ദരമായ ശില്‍പങ്ങള്‍ തീര്‍ക്കുന്ന ഈ മലയാളി കലാകാരന്റെ ഓരോ വര്‍ക്കും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് . ജീവിത യാത്രയില്‍ കണ്ടും കേട്ടും വായിച്ചുമറിഞ്ഞ സൗന്ദര്യ സങ്കല്‍പങ്ങളെ തന്റെ ഭാവനയുടെ മൂശയില്‍ ചുട്ടെടുത്ത് ആകര്‍ഷകമായ കലാരൂപങ്ങളാവുമ്പോള്‍ ആരും വിസ്മയിച്ചുപോകും.

ഔപചാരിക വിദ്യാഭ്യാസമോ വേണ്ടത്ര ഭാഷാ പരിജ്ഞാനമോ ഇല്ലാത്ത ഈ വര്‍ക്കലക്കാരന് ദൈവം കനിഞ്ഞരുളിയ സര്‍ഗസിദ്ധിയാണ് കല എന്നുവേണം കരുതാന്‍. കലാപരമായ കഴിവ് തന്റെ അമ്മാവനില്‍ നിന്ന് അനന്തരമെടുത്തതാകാം എന്നാണ് അദ്ദേഹം കരുതുന്നത്. അമ്മാവന്‍ കലാരംഗത്ത് കഴിവുള്ളവനായിരുന്നു.

സ്‌ക്കൂള്‍ കാലം മുതലേ ചിത്രങ്ങളോടും ശില്‍പങ്ങളോടും കമ്പമുണ്ടായിരുന്ന ദീപാംഗുരന്‍ ചെറിയ ശില്‍പങ്ങളും കൊത്തു പണികളുമൊക്കെ ചെയ്യുമായിരുന്നു. സഹപാഠികളും അധ്യാപകരുമൊക്കെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തത് കൂടുതല്‍ മുന്നേറാന്‍ ആത്മവിശ്വാസവും ഊര്‍ജവും പകര്‍ന്നു.

എസ്.എസ്.എല്‍.സിക്ക് ശേഷം തുടര്‍ പഠനത്തെക്കുറിച്ചൊന്നും ചിന്തിക്കാതെ ഒരു ആര്‍ട്ടിസ്റ്റ് കടയില്‍ ജോലി നോക്കുകയാണുണ്ടായത്. ഫ്ളക്സും ഗ്രാഫിക്സുകളുമൊന്നും പ്രചാരത്തിലില്ലാത്ത കാലത്ത് ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല ഡിമാന്റായിരുന്നു. ബോര്‍ഡുകളും ബാനറുകളും ചുവരെഴുത്തുകളും ചിത്രപണികളുമൊക്കെയായി സജീവമായ നാളുകള്‍. ആയിടക്കാണ് കടയുടമ ഗള്‍ഫിലേക്ക് പോയത്. അതോടെ കടയുടെ മൊത്തം ഉത്തരവാദിത്തം ദീപാംങ്കുരനായി. ക്രമേണ സ്വന്തമായൊരു സ്ഥാപനമെന്ന ആശയം വരുകയും അത് സാക്ഷാല്‍ക്കരിക്കുകയും ചെയ്തു. സൃഷ്ടി തിയേറ്റേര്‍സിന്റെ ചില നാടകങ്ങള്‍ക്ക് രംഗപടം ചെയ്തും ദീപാംങ്കുരന്‍ ശ്രദ്ധേയനായിരുന്നു.

എന്നാല്‍ രാജ്യത്ത് ഫ്ളക്സുകളും ഗ്രാഫിക് ടെക്നോളജിയും പ്രചാരത്തിലായതോടെ ആര്‍ട്ടിസ്റ്റുകളുടെ തിരക്കൊഴിഞ്ഞു. പുതിയ ടെക്നോളജിയില്‍ കംപ്യൂട്ടറുകളാണ് പ്രധാന പങ്കുവഹിച്ചത്. ആ സമയത്ത് കരവിരുതും കൈകളുമുപയോഗിച്ച് മാത്രം ഉപജീവനം നടത്തിയിരുന്ന പലരും പ്രതിസന്ധിയിലായി. അങ്ങനെയാണ് ഖത്തറിലുണ്ടായിരുന്ന സഹോദരന്‍ അയച്ച വിസയില്‍ ഖത്തറിലെത്തിയത്. ആര്‍ട്ടിസ്റ്റായി മാത്രം ജോലി ചെയ്ത് പരിചയമുള്ള അദ്ദേഹം ഖത്തര്‍ മുനിസിപ്പാലിറ്റിയിലെ ഡ്രൈവറായാണ് പിന്നീട് ജീവിതം തള്ളി നീക്കിയത്. ജീവിതത്തിലൊരിക്കല്‍പോലും വണ്ടി ഓടിച്ചിട്ടില്ലാത്ത അദ്ദേഹം മുനിസിപ്പാലിറ്റിയുടെ വിവിധ വാഹനങ്ങള്‍ ഓടിച്ചു. തന്നിലെ ശില്‍പിയും കലാകാരനുമൊക്കെ ഒതുങ്ങിക്കൂടിയ നാളുകള്‍. നീണ്ട 13 വര്‍ഷം മുനിസിപ്പാലിറ്റിയുടെ ജെ.സി.ബി, ട്രക്ക്, നച്ചാല്‍, ട്രാക്ടര്‍, റോഡുകള്‍ വാക്വം ചെയ്യുന്ന വണ്ടികള്‍ തുടങ്ങിയ വാഹനങ്ങളോടിച്ചാണ് ഈ കലാകാരന്‍ ജീവിച്ചത്. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ചില സ്റ്റുഡിയോകളില്‍ പാര്‍ട്ട് ടൈം ജോലി കിട്ടിയത് വലിയ ആശ്വാസമായി. ഫോട്ടോകള്‍ക്ക് പശ്ചാത്തലമായുള്ള സീനറികള്‍ വരക്കലായിരുന്നു പ്രധാന ജോലി. ഡിജിറ്റല്‍ കാമറകളും അത്യാധുനിക കാമറകളുള്ള മൊബൈല്‍ ഫോണുകളുമൊക്കെ സാര്‍വത്രികമായതോടെ ആ സാധ്യതയും മങ്ങി. കലാപരമായ പ്രവര്‍ത്തനങ്ങളൊന്നുമില്ലാത്ത മുനിസിപ്പാലിറ്റി ജോലി മടുത്തപ്പോള്‍ രാജിവെച്ച് നാട്ടിലേക്ക് പോയി.

പ്രവാസ ലോകത്തുനിന്നും നേടിയ അനുഭവത്തിന്റേയും പരിചയത്തിന്റേയുമടിസ്ഥാനത്തില്‍ ആര്‍ട്ടിസ്റ്റ് ജോലി ചെയ്ത് നാട്ടില്‍ കഴിയാമെന്നാണ് കണക്കുകൂട്ടിയത്. എന്നാല്‍ മാന്വല്‍ ജോലികളുടെ സാധ്യത കുറഞ്ഞതും കംപ്യൂട്ടര്‍ ഗ്രാഫിക്സുകള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമായതും ഈ സ്വപ്നം തകര്‍ത്തു. അങ്ങനെയാണ് ചുമരിലേക്കെറിഞ്ഞ റബ്ബര്‍ പന്തുപോലൈ ദീപാംഗുരന്‍ വീണ്ടും പ്രവാസിയായി ദോഹയിലെത്തുന്നത്. 13 വര്‍ഷം മുനിസിപ്പാലിറ്റിയില്‍ ഡ്രൈവറായി ജോലി ചെയ്തതിനാല്‍ ഖത്തറിലെ റോഡുകളും ട്രാഫിക് നിയമങ്ങളുമൊക്കെ അദ്ദേഹത്തിന് നല്ല വശമായിരുന്നു. അങ്ങനെ ഒരു ലിമോസിന്‍ കമ്പനിയുടെ വിസയില്‍ രണ്ടാമതായി ദോഹയിലേക്ക് വിമാനം കയറുമ്പോള്‍ ഊബര്‍ ഡ്രൈവറാകണമെന്നായിരുന്നു ആഗ്രഹിച്ചത്. ഓട്ടമില്ലാത്ത സമയത്ത് തന്റെ കലാപരമായ വര്‍ക്കുകളും ചെയ്യാമെന്ന് അദ്ദേഹം കണക്ക് കൂട്ടി. മനുഷ്യന്‍ പലതും കണക്കുകൂട്ടുന്നു. ദൈവം മറ്റു പലതും തീരുമാനിക്കുന്നു.

കൊറോണയാണ് ഈ പ്രാവശ്യം ദീപാംങ്കുരന്റെ സ്വപ്നങ്ങള്‍ക്ക് മുന്നില്‍ വില്ലനായത്. കണിശമായ കോവിഡ് പ്രോട്ടോക്കോളുകളും നിയന്ത്രണങ്ങളുമുള്ളതിനാല്‍ ഊബര്‍ ഡ്രൈവറാവുകയെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനായില്ല. എങ്കിലും സാഹചര്യത്തിന്റെ സമ്മര്‍ദ്ധങ്ങളില്‍ തളരാതെ തനിക്ക് ദൈവം കനിഞ്ഞരുളിയ കലാപ്രവര്‍ത്തനങ്ങളിലൂടെ ഉപജീവനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും വിജയിച്ചു തുടങ്ങിയതോടെ ജീവിതം പച്ച പിടിക്കാന്‍ തുടങ്ങി.

വീടുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, തോട്ടങ്ങള്‍, കൊട്ടാരങ്ങള്‍ തുടങ്ങിയവയുടെയൊക്കെ പൂര്‍ണമായ കലാഡിസൈനിംഗ്, പെയിന്റിംഗ്, ശില്‍പങ്ങള്‍ സ്ഥാപിക്കല്‍, കലാപരമായ സൃഷ്ടികളാല്‍ മോടി പിടിപ്പിക്കല്‍ തുടങ്ങി നിരവധി ജോലികളില്‍ നിപുണനായ ദീപാംഗുരന്‍ സ്പ്‌റേ ചിത്രങ്ങളിലും സിമന്റിലും മരത്തിലുമുള്ള കൊത്തുപണികളിലും വിദഗ്ധനാണ്. പ്രൊഫഷണല്‍ മികവോടെ ദീപാംങ്കുരന്‍ തീര്‍ക്കുന്ന ശില്‍പങ്ങളും കലാസൃഷ്ടികളും ഇതിനകം തന്നെ സ്വദേശികളുടേയും വിദേശികളുടേയും ശ്രദ്ധ നേടി കഴിഞ്ഞു.

ഇന്റീരിയര്‍ ഡിസൈനിംഗ് പോലെ തന്നെ ഫൈബര്‍ ഗ്ളാസ്, തെര്‍മോകോള്‍, ജിപ്സം എന്നിവിലും പെയിന്റിംഗുകളും ശില്‍പങ്ങളും സൃഷ്ടിക്കുവാന്‍ ദീപാംങ്കുരന് അധികനേരം വേണ്ട. 77467740, 55272081 എന്നീ നമ്പറുകളില്‍ ദീപാംങ്കുരനെ ബന്ധപ്പെടാം.

സോജയാണ് ഭാര്യ. ദേവിക, ദേവന്‍ എന്നിവര്‍ മക്കളാണ്. മക്കളും പെയിന്റിംഗിലും ചിത്രപണികളിലും കഴിവുളളവരാണ്.

 

Related Articles

Back to top button
error: Content is protected !!