ഫിഫ അറബ് കപ്പ് 2021 നായുള്ള നറുക്കെടുപ്പ് ഏപ്രില്‍ 27 ചൊവ്വാഴ്ച ദോഹയിലെ കതാര ഓപ്പറ ഹൗസില്‍ നടക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2021 അവസാനത്തോടെ ദോഹയില്‍ നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ് 2021 നായുള്ള നറുക്കെടുപ്പ് ഖത്തര്‍ ഏപ്രില്‍ 27 ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9 മണിക്ക് ദോഹയിലെ കതാര ഓപ്പറ ഹൗസില്‍ നടക്കും. ടൂര്‍ണമെന്റില്‍ 23 അറബ് രാജ്യങ്ങളാണ് മത്സരിക്കുക.
ഖത്തറിന്റെ കോവിഡ് പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി പരിമിതമായ എണ്ണം ഉദ്യോഗസ്ഥര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കും.
മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും ഖത്തര്‍ ആദ്യത്തെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് കൃത്യം ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും പരീക്ഷിക്കാനുള്ള സുപ്രധാനമായ അവസരമായാണ് ഇതിനെ കാണുന്നത്. രണ്ട് ഇവന്റുകളുടെയും ഫൈനലുകള്‍ ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബര്‍ 18 ന് ആണ് നടക്കുക.
ഖത്തര്‍ 2022 ടൂര്‍ണമെന്റിന്റെ 6 വേദികളിലായാണ് അറബ് കപ്പ് മത്സരങ്ങള്‍ നടക്കുക. അവയില്‍ ചിലത് ഈയിടെ മികച്ച അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചവയാണ് മറ്റു ചിലവ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.
ഖത്തര്‍ (ആതിഥേയ രാഷ്ട്രം), അള്‍ജീരിയ, ബഹ്റൈന്‍, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനാന്‍, ലിബിയ, മൗറിറ്റാനിയ, മൊറോക്കോ, ഒമാന്‍, പലസ്തീന്‍, സൗദി അറേബ്യ, സൊമാലിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, സിറിയ, ടുണീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമന്‍ എന്നിവയാണ് ഫിഫ അറബ് കപ്പില്‍ പങ്കെടുക്കുന്ന 23 രാജ്യങ്ങള്‍
ടൂര്‍ണമെന്റ് ഫോര്‍മാറ്റിനെക്കുറിച്ചും മാച്ച് കലണ്ടറിനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ യഥാസമയം അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.