Uncategorized

ഡ്രൈവ് ത്രൂകളില്‍ തിരക്കേറി, രണ്ടാമത്തെ ഡോസ് വാക്‌സിന്‍ കൂടുതല്‍ ഹെല്‍ത്ത് സെന്ററുകളിലും നല്‍കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ തിരക്കേറിയതിനാല്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ കൂടുതല്‍ ഹെല്‍ത്ത് സെന്ററുകളിലും നല്‍കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) അറിയിച്ചു .

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലുസൈലിലും വകറയിലുമുള്ള ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി പേര്‍ മണിക്കൂറുകള്‍ കാത്ത് നിന്ന് വാക്‌സിനെടുത്തപ്പോള്‍ കുറേ പേര്‍ വാക്‌സിന്‍ ലഭിക്കാതെ തിരിച്ച് പോവേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ഡ്രൈവ് ത്രൂ സംവിധാനം നിലനിര്‍ത്തി കൊണ്ട് തന്നെ കൂടുതല്‍ പ്രാഥിമികാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുവാന്‍ തീരുമാനിച്ചത്.

ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ അപ്പോയന്റ്‌മെന്റില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ആദ്യം വരുന്നവര്‍ക്കാദ്യം എന്ന രീതിയിലാണ് അവിടെ വാക്‌സിന്‍ ലഭിക്കുക.

മുപ്പത്തഞ്ചോളം കേന്ദ്രങ്ങളില്‍ നിന്നും ആദ്യ ഡോസെടുക്കുന്നവര്‍ രണ്ടാം ഡോസിനായി രണ്ട് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ ചുരുങ്ങുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍ വിവരണാതീതമായിരുന്നു.

നിലവില്‍ പല പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ട്. അവിടങ്ങളില്‍ അപ്പോയന്റ്‌മെന്റ് സിസ്റ്റമുള്ളത് കൊണ്ട് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളിലേതുപോലെ നീണ്ട മണിക്കൂര്‍ കാത്തുനില്‍ക്കേണ്ട. കൂടുതല്‍ കേന്ദ്രങ്ങളില്‍ രണ്ടാമത് ഡോസ് നല്‍കാന്‍ തുടങ്ങിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

ആദ്യ ഡോസ് ലഭിച്ച ആരോഗ്യ കേന്ദ്രത്തില്‍ നിന്നു തന്നെ രണ്ടാമത്തെ ഡോസ് നല്‍കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇവരുടെ അപ്പോയിന്റ്‌മെന്റ് സ്ഥിരീകരിക്കുന്ന ഒരു ഫോളോ അപ്പ് എസ്എംഎസ് ലഭിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തുമ്പോള്‍ ഇഹ്തിറാസില്‍ സ്റ്റാറ്റസ് പച്ചയായിരിക്കണം. വാക്‌സിനേഷന്‍ കാര്‍ഡ്, ക്യുഐഡി എന്നിവ കയ്യില്‍ കരുതണം. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!